സിഡ്നി: അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റിൽ ഓസ്ട്രേലിയൻ പേസർമാരുടെ ഏറ് കൊണ്ടു വലഞ്ഞ് ഇന്ത്യൻ താരം ഋഷഭ് പന്ത്. മിച്ചൽ സ്റ്റാർക്കും സ്കോട്ട് ബോളണ്ടും എറിഞ്ഞ പന്തുകൾ ഋഷഭ് പന്തിന്റെ കൈയിലും ദേഹത്തും ഹെൽമറ്റിലുമെല്ലാം തട്ടുന്നത് ആദ്യ ദിനത്തിൽ കണ്ടു. പലപ്പോഴും പന്തിന്റെ ബാറ്റിങിനു തടസമായി ഏറുകൾ മാറുകയും ചെയ്തു.
അതിനിടെ ഷോർട്ട് ലെങ്ത് ബോൾ കൊണ്ട് പന്തിന്റെ കൈ ചുവന്നു തടിച്ചു. സ്റ്റാർക്കെറിഞ്ഞ മറ്റൊരു പന്ത് ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഹെൽമറ്റിൽ ശക്തിയായി പതിച്ചു. പിന്നാലെ സ്റ്റാർക്ക് തന്നെ വന്ന് പന്തിനെ പരിശോധിക്കുന്നതും കുഴപ്പമൊന്നുമില്ലാല്ലോ എന്നു തിരക്കുന്നതും കാണാമായിരുന്നു.
ആരാധകർ താരത്തിന്റെ ചെറുത്തു നിൽപ്പിനെ അഭിനന്ദിക്കാനും മറന്നില്ല. ഗാബ ടെസ്റ്റിൽ ചേതേശ്വർ പൂജാര നടത്തിയ പ്രതിരോധ ബാറ്റിങിന്റെ മറ്റൊരു പതിപ്പ് എന്നാണ് ആരാധകർ പന്തിന്റെ പ്രകടനത്തെ വിശേഷിപ്പിച്ചത്.
ഇടയ്ക്ക് ടീം ഫിസിയോമാർ എത്തി പന്തിനെ പരിശോധിച്ചിരുന്നു. പാറ്റ് കമ്മിൻസിന്റെ പന്ത് കൊണ്ടു വാഷിങ്ടൻ സുന്ദറും ഗ്രൗണ്ടിൽ ഇരുന്നു പോയി.
98 പന്തുകൾ നേരിട്ട് 40 റൺസെടുത്ത പന്താണ് ഒന്നാം ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ് സ്കോററായത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് പോരാട്ടം 185 റൺസിൽ അവസാനിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക