കേപ് ടൗണ്‍: പാകിസ്ഥാന് മുന്നില്‍ റണ്‍ മല പണിത് ദക്ഷിണാഫ്രിക്ക. രണ്ടാം ടെസ്റ്റില്‍ പ്രോട്ടീസ് ഒന്നാം ഇന്നിങ്‌സില്‍ 615 റണ്‍സ് അടിച്ചു. മറുപടി തുടങ്ങിയ പാകിസ്ഥാന്‍ പരുങ്ങുകയാണ്. നിലവില്‍ അവര്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയില്‍. 7 വിക്കറ്റുകള്‍ ശേഷിക്കെ പാക് ടീമിന് ഇനിയും 540 റണ്‍സ് വേണം.
റിയാന്‍ റിക്കല്‍ടന്‍ നേടിയ ഇരട്ട സെഞ്ച്വറിയും ക്യാപ്റ്റന്‍ ടെംബ ബവുമ, കെയ്ല്‍ വെരെയ്ന്‍ എന്നിവര്‍ നേടിയ സെഞ്ച്വറികളുടേയും ബലത്തിലാണ് ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലെത്തിയത്. മാര്‍ക്കോ യാന്‍സന്‍ അര്‍ധ സെഞ്ച്വറിയും അടിച്ചു.
ഓപ്പണര്‍ റിയാന്‍ റിക്കല്‍ടന്‍ നേടിയ കന്നി ഇരട്ട സെഞ്ച്വറിയുടെ ബലത്തിലാണ് പ്രോട്ടീസ് പോരാട്ടം പാക് ക്യാമ്പിലേക്ക് നയിച്ചത്. 259 റണ്‍സുമായി റിക്കല്‍ടന്‍ മടങ്ങി. താരം 29 ഫോറും 3 സിക്സും തൂക്കി. 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ദക്ഷിണാഫ്രിക്കന്‍ താരം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്നത് എന്നതും ഈ ഇന്നിങ്‌സിനെ ശ്രദ്ധേയമാക്കുന്നു.
ടെംബ ബവുമ 106 റണ്‍സെടുത്താണ് പുറത്തായത്. താരം 9 ഫോറും 2 സിക്സും തൂക്കി. വെരെയ്‌ന്റെ നാലാം ടെസ്റ്റ് സെഞ്ച്വറിയാണിത്. താരം 9 ഫോറും 5 സിക്‌സും പറത്തി 100 റണ്‍സുമായി മടങ്ങി. യാന്‍സന്‍ അതിവേഗം അര്‍ധ സെഞ്ച്വറിയിലെത്തി. താരം 54 പന്തില്‍ 8 ഫോറും 3 സിക്‌സും സഹിതം 62 റണ്‍സെടുത്തു. കേശവ് മഹാരാജും തിളങ്ങി. 4 ഫോറും 2 സിക്‌സും സഹിതം കേശവ് മഹാരാജ് 40 റണ്‍സെടുത്തു.
പാകിസ്ഥാനായി മുഹമ്മദ് അബ്ബാസ്, ആഘ സല്‍മാന്‍ എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി. മിര്‍ ഹംസ, ഖുറം ഷെഹ്‌സാദ് എന്നിവര്‍ 2 വീതം വിക്കറ്റുകളും സ്വന്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക