'റെഡ് ബോളില്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം വീണ്ടെടുക്കൂ, ഭാവി എന്റെ കൈയില്‍ അല്ല'; രോഹിത്തിനും കോഹ് ലിക്കും മുന്നറിയിപ്പ്

പ്രകടനം മെച്ചപ്പെടുത്തണമെന്ന ദാഹം രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്ലിക്കും ഇപ്പോഴും ഉണ്ടെന്നും എന്നാല്‍ ഇരുവരും ഉള്‍പ്പെടെ എല്ലാ മുതിര്‍ന്ന കളിക്കാരും ആഭ്യന്തര മത്സരങ്ങള്‍ കളിച്ച് റെഡ്-ബോള്‍ ക്രിക്കറ്റിനോടുള്ള അവരുടെ പ്രതിബദ്ധത കാണിക്കണമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകന്‍ ഗൗതം ഗംഭീര്‍.
If you have commitment towards red ball, play domestic cricket: Gambhir
രോഹിത് ശര്‍മ, വിരാട് കോഹ്ലിഫയൽ
Updated on

സിഡ്നി: പ്രകടനം മെച്ചപ്പെടുത്തണമെന്ന ദാഹം രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്ലിക്കും ഇപ്പോഴും ഉണ്ടെന്നും എന്നാല്‍ ഇരുവരും ഉള്‍പ്പെടെ എല്ലാ മുതിര്‍ന്ന കളിക്കാരും ആഭ്യന്തര മത്സരങ്ങള്‍ കളിച്ച് റെഡ്-ബോള്‍ ക്രിക്കറ്റിനോടുള്ള അവരുടെ പ്രതിബദ്ധത കാണിക്കണമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകന്‍ ഗൗതം ഗംഭീര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ഗംഭീര്‍.

'അഞ്ച് മാസങ്ങള്‍ക്ക് ശേഷം എവിടേയ്ക്കാണ് നമ്മള്‍ പോകാന്‍ പോകുന്നത് എന്ന് ഇപ്പോള്‍ പറയുന്നത് ശരിയല്ല. സ്പോര്‍ട്സില്‍ ഒരുപാട് കാര്യങ്ങള്‍ മാറുന്നു. ഫോമുകള്‍ മാറുന്നു, ആളുകള്‍ മാറുന്നു, മനോഭാവം മാറുന്നു, സ്പോര്‍ട്സില്‍ എല്ലാം മാറുന്നു. അഞ്ച് മാസം എന്നത് വളരെ നീണ്ട സമയമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം,'- പരമ്പരയ്ക്ക് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഗംഭീര്‍ പറഞ്ഞു.

'അപ്പോള്‍ ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം. പക്ഷേ എന്ത് സംഭവിച്ചാലും അത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നന്മയ്ക്കായിരിക്കും''- ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

'എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. ആഭ്യന്തര ക്രിക്കറ്റിന് അത്രമാത്രം പ്രാധാന്യം നല്‍കേണ്ടതുണ്ട്. ഒരു മത്സരം മാത്രമല്ല, അവര്‍ ലഭ്യമാണെങ്കില്‍, അവര്‍ക്ക് റെഡ്-ബോള്‍ ക്രിക്കറ്റ് കളിക്കാനുള്ള പ്രതിബദ്ധതയുണ്ടെങ്കില്‍, എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണം,'- ഗംഭീര്‍ പറഞ്ഞു. ജനുവരി 23 ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയില്‍ സീനിയര്‍ ടീമംഗങ്ങള്‍ കുറഞ്ഞത് ഒരു റൗണ്ട് എങ്കിലും കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നോ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗംഭീര്‍.

ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ രോഹിത് അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 31 റണ്‍സ് മാത്രമാണ് നേടിയത്. കോഹ്ലിക്ക് ഒമ്പത് ഇന്നിംഗ്സുകളില്‍ നിന്നായി 190 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഓഫ് സ്റ്റമ്പിന് പുറത്ത് എറിഞ്ഞ പന്തുകളിലാണ് കോഹ്ലി ഏറ്റവുമധികം ഔട്ടായത്. ഇരുവരുടെയും ഫോം സംബന്ധിച്ച് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഗംഭീറിന്റെ വാക്കുകള്‍.

കോഹ്ലിയുടെയും രോഹിതിന്റെയും ഭാവിയെക്കുറിച്ച് അഭിപ്രായം പറയാന്‍ ഗംഭീര്‍ തയ്യാറായില്ല.'ഒരു കളിക്കാരന്റെയും ഭാവിയെക്കുറിച്ച് എനിക്ക് സംസാരിക്കാന്‍ കഴിയില്ല, ഇത് അവരുമായി ബന്ധപ്പെട്ട കാര്യമാണ്. പക്ഷേ എനിക്ക് പറയാന്‍ കഴിയുന്നത് അവര്‍ക്ക് ഇപ്പോഴും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കണമെന്ന ആഗ്രഹമുണ്ട്. അവര്‍ക്ക് ഇപ്പോഴും അഭിനിവേശമുണ്ട്, അവര്‍ കഠിനാധ്വാനികളായ ആളുകളാണ്, അവര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,'- അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com