ലണ്ടന്‍: തുടര്‍ തോല്‍വികളില്‍ നട്ടം തിരിഞ്ഞ റുബന്‍ അമോറിമിന്റെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് അല്‍പ്പം ആശ്വാസം. അപാര ഫോമില്‍ പന്ത് തട്ടുന്ന അര്‍നെ സ്ലോട്ടിന്റെ ലിവര്‍പൂളിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അവരുടെ തട്ടകമായ ആന്‍ഫീല്‍ഡില്‍ കയറി സമനിലയില്‍ കുരുക്കി. ത്രില്ലര്‍ പോരാട്ടത്തില്‍ 2-2നാണ് മത്സരം സമനിലയില്‍ അവസാനിച്ചത്.
ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് മത്സരത്തിലെ നാല് ഗോളുകളും വന്നത്. ലിസാന്‍ഡ്രോ മാര്‍ട്ടിനസും അമദ് ഡിയലോയും മാഞ്ചസ്റ്ററിനായി വല ചലിപ്പിച്ചു. ലിവര്‍പൂളിനായി കോഡി ഗാക്‌പോയും മുഹമ്മദ് സലയുമാണ് വല കുലുക്കിയത്.
കഴിഞ്ഞ കളികളെ അപേക്ഷിച്ച് ആദ്യ പകുതിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മികച്ച കളി പുറത്തെടുത്തു. ആദ്യ പകുതിയില്‍ ഗോള്‍ നേടാനുള്ള അവസരങ്ങള്‍ അവര്‍ തുറന്നെടുക്കുകയും ചെയ്തു. എന്നാല്‍ ഹോജ്‌ലുന്‍ഡും ഡിയാലോയും അവസരങ്ങള്‍ നഷ്ടപ്പെടുത്തി.
രണ്ടാം പകുതി തുടങ്ങി 52ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് ആദ്യ ഗോള്‍ നേടിയത്. ബ്രുണോ ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്നു ലിസാന്‍ഡ്രോ മാര്‍ട്ടിനസാണ് സ്‌കോര്‍ ചെയ്തത്. താരത്തിന്റെ പവര്‍ഫുള്‍ ഷോട്ട് ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ അലിസന് ഒരവസരവും നല്‍കിയില്ല.
അധികം വൈകാതെ ലിവര്‍പൂളിന്റെ സമനില ഗോള്‍ 59ാം മിനിറ്റില്‍ എത്തി. കോഡി ഗാക്‌പോ ഇടതു വിങ്ങിലൂടെ ഡ്രിബ്ലിങ് ചെയ്‌തെത്തി തൊടുത്ത ഷോട്ട് യുനൈറ്റഡ് പ്രതിരോധ നിരയെ കാഴചക്കാരാക്കി വലയിലെത്തി.
ലിവര്‍പൂള്‍ അതിനിടെ ആക്രമണം കടുപ്പിച്ചു. ബോക്‌സില്‍ വച്ച് മത്യാസ് ഡിലിറ്റിന്റെ കൈയില്‍ പന്ത് തട്ടിയതോടെ റഫറി പെനാല്‍റ്റിയിലേക്ക് കൈ ചൂണ്ടി. കിക്കെടുത്ത മോ സലയ്ക്ക് പിഴച്ചില്ല. 70ാം മിനിറ്റില്‍ ലിവര്‍പൂള്‍ മുന്നിലെത്തി.
എന്നാല്‍ മാഞ്ചസ്റ്റര്‍ തളര്‍ന്നില്ല. 10 മിനിറ്റിനുള്ളില്‍ അവര്‍ ലിവര്‍പൂളിന്റെ ജയം തടഞ്ഞ് വലയില്‍ പന്തെത്തിച്ചു. 80ാം മിനിറ്റില്‍ ഗര്‍നാചോ നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് ലഭിച്ച ഡിയാലോ കൃത്യം വലയിലേക്ക് തന്നെ വഴി തിരിച്ചു.
ഇഞ്ച്വറി സമയത്ത് ഹാരി മഗ്വയറിന് ഒരു സുവര്‍ണാവസരം കിട്ടി. എന്നാല്‍ പന്ത് ലക്ഷ്യം കണ്ടില്ല. ആന്‍ഫീല്‍ഡിലെ ത്രില്ലര്‍ അങ്ങനെ ഒപ്പത്തിനൊപ്പം പിരിഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക