മുംബൈ: ഫോമില്‍ അല്ലെങ്കിലും മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ് ലിയും ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ തുടരുമെന്ന് ഉറപ്പായിരിക്കെ, മറ്റ് മുതിര്‍ന്ന മൂന്ന് താരങ്ങള്‍ ടീമില്‍ ഇടം പിടിക്കാന്‍ ഇടയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ടീം സെലക്ടര്‍മാരുടെ യോഗം ഈയാഴ്ച ചേരാനിരിക്കെ കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരുടെ സാന്നിധ്യം ടീമില്‍ ഉറപ്പില്ല.
ലോകകപ്പ് ഫൈനലിന് ശേഷം ഇന്ത്യ ആറ് ഏകദിന മത്സരങ്ങളാണ് കളിച്ചത്. ഷമിക്കും ജഡേജയ്ക്കും വിശ്രമം അനുവദിച്ചെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കും ശ്രീലങ്കയ്ക്കുമെതിരായ മത്സരങ്ങളില്‍ രാഹുലിനെ ഉള്‍പ്പെടുത്തിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരത്തില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് താരത്തെ ഒഴിവാക്കുകയായിരുന്നു.
യശസ്വി ജയ്‌സ്വാള്‍ ടീമില്‍ ഇടം പിടിക്കാന്‍ ഏറെ സാധ്യതയുണ്ട്. ഋഷഭ് പന്ത് വിക്കറ്റ് കീപ്പറായി തുടരുകയാണെങ്കില്‍ ബാറ്റര്‍ എന്ന നിലയില്‍ മാത്രം കെഎല്‍ രാഹുല്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യത കുറവാണ്. ഇഷാന്‍ കിഷനും സഞ്ജു സാംസണും ടീമില്‍ നറുക്ക് വീണേക്കില്ല. ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാവത്തതാണ് കിഷന് വിനയായത്. ഗംഭീറിന്റെ ഗുഡ്ബുക്കില്‍ ഇടംപിടിച്ചെങ്കിലും സമീപകാലത്ത് വേണ്ട രീതിയില്‍ ഏകദിന മത്സരങ്ങള്‍ കളിക്കാനോ മികവ് പുലര്‍ത്താനോ സഞ്ജുവിന് സാധിച്ചിരുന്നില്ല.
ജഡേജയ്ക്ക് പകരം അക്ഷര്‍ പട്ടേലിനായിരിക്കും കൂടുതല്‍ സാധ്യത. വാഷിങ് ടണ്‍ സുന്ദറും ടീമില്‍ ഇടം പിടിക്കും. കുല്‍ദീപ് പൂര്‍ണ ഫിറ്റാണെങ്കിലും വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാതിരുന്നത് പ്രതികൂലമാകും. കുല്‍ദീപ് ഇടംപിടിച്ചില്ലെങ്കില്‍, രവി ബിഷ്ണോയി അല്ലെങ്കില്‍ വരുണ്‍ ചക്രവര്‍ത്തിയ്ക്കായിരിക്കും കൂടുതല്‍ സാധ്യത.
ബുംറ കളിക്കില്ലെന്ന് ഉറപ്പായാല്‍ പകരം ഷമിയുടെ പരിചയ സമ്പത്ത് സെലക്ടര്‍മാര്‍ ഉപയോഗിക്കുമോയെന്ന് കണ്ടറിയണം. ഹര്‍ദിക് ടീമില്‍ തുടരുമ്പോള്‍ നിതീഷ് റെഡ്ഡിയുടെ കാര്യം ഉറപ്പില്ല. റിങ്കു സിങോ, തിലക് വര്‍മയോ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്.
സാധ്യതാ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ബി. മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, അവേഷ് ഖാന്‍/മുഹമ്മദ് ഷമി, റിങ്കു സിംഗ്/തിലക് വര്‍മ്മ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക