
മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും ബാറ്റിങ് ഫോമിലെത്താന്‍ പാടുപെടുകയാണ്. വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ ഇരുവരുടേയും ഇന്ത്യന്‍ ടീമിലെ ഭാവി നിര്‍ണയിക്കുന്ന മത്സരങ്ങളായി മാറുമെന്നു റിപ്പോര്‍ട്ടുകള്‍. ഫോമിലെത്തിയില്ലെങ്കില്‍ ടീമിലെ സ്ഥാനം തന്നെ ഒരു പക്ഷേ ചോദ്യ ചിഹ്നത്തിലാവാം.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അമ്പേ പരാജയമായിരുന്നു ഇരുവരും. കോഹ്‌ലി പരമ്പരയില്‍ ഒരു സെഞ്ച്വറി നേടിയെങ്കിലും ആ ഫോം നിലനിര്‍ത്താന്‍ സാധിച്ചില്ല. ഓഫ് സ്റ്റംപിനു പുറത്തു പോകുന്ന പന്തില്‍ നിരന്തരം ബാറ്റ് വച്ച് ഒരേ രീതിയില്‍ ആറോ, ഏഴോ തവണയാണ് പരമ്പരയില്‍ കോഹ്‌ലി പുറത്തായത്. രോഹിതിന്റെ ശരീര ഭാഷ തന്നെ നെഗറ്റീവായിരുന്നു. പരമ്പരയില്‍ ഏറ്റവും മോശം രീതിയില്‍ കളിച്ച രണ്ടേ രണ്ട് പേര്‍ ഇരുവരുമായിരുന്നു.
ഫോമിലെത്തിയില്ലെങ്കില്‍ ഇരുവരേയും ഒഴിവാക്കുക എന്ന കടുത്ത തീരുമാനത്തിലേക്ക് ബിസിസിഐ കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഓസീസിനെതിരായ പരമ്പര തോല്‍വിക്കു പിന്നാലെ ഇരുവരുടേയും ഭാവി സംബന്ധിച്ചു സുപ്രധാന ചര്‍ച്ചകള്‍ മുംബൈയില്‍ നടന്നുവെന്നാണ് വിവരം. ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയുടെ നേതൃത്വത്തിലുള്ള സംഘം പ്രത്യേക യോഗം തന്നെ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രം ചേര്‍ന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഓസ്ട്രേലിയന്‍ പരമ്പരയില്‍ എന്താണ് തെറ്റ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം അവലോകന യോഗം ചേര്‍ന്നിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂര്‍ നീണ്ട യോഗത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍, ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, ജോയിന്റ് സെക്രട്ടറി ദേവജിത് സൈകിയ, ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല എന്നിവര്‍ പങ്കെടുത്തു. ഈ യോഗത്തിലും ഇരുവരുടേയും പ്രകടനങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച നടന്നുവെന്നാണ് വിവരം.
രോഹിതിനെ ഇരുത്തി തന്നെ ചര്‍ച്ച നടന്ന ഘട്ടത്തില്‍, ഇരുവരും കൂടുതല്‍ ഉത്തരവാദിത്വവും പരിശ്രമങ്ങളും കളത്തില്‍ കാണിക്കണമെന്നു മറ്റുള്ളവര്‍ രോഹിതിനെ ബോധ്യപ്പെടുത്തുകയും ചെയ്തു. എന്തായാലും നിലവില്‍ ഇരുവരുടേയും ടീമിലെ സ്ഥാനം ഭദ്രമാണ്.
എന്നാല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ഇരുവരുടേയും പ്രകടനം മോശമായാല്‍ ക്യാപ്റ്റനെ മാറ്റുന്നതടക്കമുള്ള തീരുമാനങ്ങള്‍ ബോര്‍ഡ് എടുക്കും. വിരാടും ഫോം വീണ്ടെടുക്കേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കില്‍ അദ്ദേഹത്തിന്റെ ടീമിലെ സ്ഥാനത്തിനും ഉറപ്പുണ്ടാകില്ല. താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ടെന്നും ബിസിസിഐയോടു അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക