
രാജ്‌കോട്ട്: അയര്‍ലന്‍ഡ് വനിതാ ടീമിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് റെക്കോര്‍ഡ് സ്‌കോര്‍. നിശ്ചിത ഓവറില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 370 റണ്‍സെടുത്തു. വനിതാ ഏകദിനത്തില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലെന്ന റെക്കോര്‍ഡും ഈ പ്രകടനം സ്വന്തമാക്കി.
ഇന്ത്യയുടെ ടീം ടോട്ടല്‍ റെക്കോര്‍ഡ് നേരത്തെയും അയര്‍ലന്‍ഡിനെതിരെ തന്നെയായിരുന്നു. 50 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സ്.
ജെമിമ റോഡ്രിഗസിന്റെ കന്നി സെഞ്ച്വറിയും തുടരെ രണ്ടാം പോരാട്ടത്തിലും അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ പ്രതിക റാവലിന്റെ മികവും ഒപ്പം സഹ ഓപ്പണര്‍ സ്മൃതി മന്ധാന, ഹര്‍ലീന്‍ ഡിയോള്‍ എന്നിവരുടെ ഉജ്ജ്വല അര്‍ധ സെഞ്ച്വറി ഇന്നിങ്‌സുകളുമാണ് ഇന്ത്യയുടെ റെക്കോര്‍ഡ് തിരുത്തിയ പ്രകടനത്തിന്റെ കാതല്‍. കന്നി സെഞ്ച്വറിക്കൊപ്പം ഏകദിനത്തില്‍ 1000 റണ്‍സ് നേട്ടത്തിലും എത്തി ജെമിമ ഇരട്ടി മധുരം നുണഞ്ഞു.
91 പന്തുകള്‍ നേരിട്ട് 12 ഫോറുകളുടെ അകമ്പടിയില്‍ ജെമിമ 102 റണ്‍സ് കണ്ടെത്തി. അര്‍ഹിച്ച രണ്ടാം ഏകദിന സെഞ്ച്വറിക്ക് 11 റണ്‍സ് അകലെയാണ് ഹര്‍ലീന്‍ വീണത്. താരവും 12 ഫോറുകള്‍ സഹിതം 84 പന്തില്‍ 89 റണ്‍സ് കണ്ടെത്തി.
ഓപ്പണിങില്‍ ക്യാപ്റ്റന്‍ സ്മൃതി മന്ധാനയും പ്രതിക റാവലും 150നു മുകളില്‍ റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. മിന്നും തുടക്കം പിന്നീടു വന്ന താരങ്ങളും വിടാതെ കാത്തതോടെ ടീം കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചു. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 156 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.
സ്മൃതി കത്തും ഫോമിലായിരുന്നു. 54 പന്തില്‍ 10 ഫോറും 2 സിക്‌സും സഹിതം താരം 73 റണ്‍സെടുത്തു. പ്രതിക 8 ഫോരും ഒരു സിക്‌സും സഹിതം 61 പന്തില്‍ 67 റണ്‍സുമെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക