
മുംബൈ: രോഹിത് ശർമയുടെ പിൻഗാമിയായി ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കാൻ ആരെ നിയോഗിക്കും. വിഷയത്തിൽ ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറും സെലക്ഷൻ കമ്മിറ്റി ചെയർപേഴ്സൻ അജിത് ആഗാർക്കറിനു വ്യത്യസ്ത നിലപാടെന്നു റിപ്പോർട്ട്. യുവ ഓപ്പണർ യശസ്വി ജയ്സ്വാളിനെ ക്യാപ്റ്റനാക്കാനാണ് ഗംഭീറിനു താത്പര്യം. സെലക്ഷൻ കമ്മിറ്റിക്കു പക്ഷേ ആ സ്ഥാനത്തേക്ക് ഋഷഭ് പന്ത് വരണമെന്നാണ് നിലപാട്.
രോഹിതിന്റെ പിൻഗാമിയായി സൂപ്പർ പേസർ ജസ്പ്രിത് ബുംറ ക്യാപ്റ്റനാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ താരം തുടർച്ചയായി പരിക്കിലാകുന്നതാണ് മറ്റു സാധ്യതകളിലേക്ക് ചർച്ച തിരിയാൻ കാരണമായിരിക്കുന്നത്.
ബുംറ നായകനായാലും വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് കരുത്തുറ്റ താരത്തെ കൊണ്ടു വരിക. പിന്നീട് ബുംറയുടെ പിൻഗാമിയായി നായകനായി വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്നു ഉയർത്തുക എന്നതാണ് ഗംഭീറിന്റെ പദ്ധതി. ബുംറ നായകനാകുമ്പോൾ യശസ്വി ജയ്സ്വാൾ ഉപ നായകനാകും. ബുംറയെ നായകനായി ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനാക്കി പിന്നീട് നായകനായു ഉയർത്തുകയാണ് സെലക്ഷൻ കമ്മിറ്റി മുന്നോട്ടു വച്ചത്.
കഴിഞ്ഞ ദിവസം ഓസ്ട്രേലിയൻ പര്യടനത്തിലെ ഇന്ത്യയുടെ പ്രകടനം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് ഇക്കാര്യങ്ങളും ചർച്ചയായത് എന്നാണ് വിവരം. ബിസിസിഐ അധ്യക്ഷൻ റോജർ ബിന്നിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ ഗംഭീറും രോഹിതും അഗാർക്കറടക്കമുള്ളവരും ഉണ്ടായിരുന്നു.
ടി20 നായകനായ സൂര്യകുമാർ യാദവിനു ഏകദിന, ടെസ്റ്റ് ടീമുകളിൽ ഇടമില്ല. ഈ സാഹചര്യത്തിൽ ഇരു ഫോർമാറ്റിലും ക്യാപ്റ്റനാക്കാൻ പറ്റിയ താരത്തെ കണ്ടെത്തണം എന്നാണ് ചർച്ചയിൽ അഭിപ്രായം ഉയർന്നത്. മൂന്ന് ഫോർമാറ്റിലും മൂന്ന് വ്യത്യസ്ത നായകർ വേണ്ട എന്നും പലരും നിലപാടെടുത്തു.
ബുംറയെ ഏകദിനത്തിൽ നായകനാക്കുന്നതിനോടു ചിലർക്ക് യോജിപ്പുണ്ടായില്ല. ഇടയ്ക്കിടെ പരിക്കു പറ്റുന്നതിനാൽ ബുംറയെ ദീർഘ കാലത്തേക്ക് നായകനായി പരിഗണിക്കാൻ സാധിക്കില്ലെന്നും വിയോജിപ്പ് അറിയിച്ചവർ വ്യക്തമാക്കുന്നു. അതിനിടെയാണ് ഗംഭീറും സെലക്ഷൻ കമ്മിറ്റിയും ഭാവി ക്യാപ്റ്റന്റെ പേരുകൾ നിർദ്ദേശിച്ചത്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ടീമിനെ നയിച്ചതിന്റെ പരിചയം പന്തിനു മുൻതൂക്കം നൽകുന്നു.
എന്തായാലും ചാംപ്യൻസ് ട്രോഫി പോരാട്ടത്തിനു ശേഷമായിരിക്കും ഇക്കാര്യങ്ങളിൽ വ്യക്തത വരിക. കുറച്ചു മാസങ്ങൾ കൂടി ഇന്ത്യൻ ക്യാപ്റ്റനായി നിൽക്കാൻ രോഹിത് സന്നദ്ധത അറിയിച്ചിരുന്നു. പുതിയ ക്യാപ്റ്റനെ തിരഞ്ഞെക്കുന്നതിനു തന്റെ നിരുപാധിക പിന്തുണയും രോഹിത് യോഗത്തിൽ അറിയിച്ചതായും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക