
ന്യൂഡല്‍ഹി: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിട്ടും കരുണ്‍ നായരെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്താത്ത സെലക്ടര്‍മാരുടെ നടപടി ചോദ്യം ചെയ്ത് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിങ്. ദേശീയ ടീമില്‍ ഇടംലഭിക്കുന്നതിനുള്ള മാനദണ്ഡം എന്താണ്? മികച്ച പ്രകടനം തുടര്‍ന്നിട്ടും കരുണിനെ സെലക്ടര്‍മാര്‍ എന്തുകൊണ്ടാണ് ശ്രദ്ധിക്കാത്തത്?. ടാറ്റൂ അടിക്കാത്തതും ഫാന്‍സി വസ്ത്രം ധരിക്കാത്തതുമാണോ കരുണ്‍ നായരുടെ കുറവെന്നും ഹര്‍ഭജന്‍ സിങ് ചോദിച്ചു.
രോഹിത് ശര്‍മ്മയും വിരാട് കോഹ് ലിയും ഫോമിലല്ലെന്ന് എല്ലാവരും പറയുന്നു. ബാറ്റിങ്ങ് ഫോം വീണ്ടെടുക്കാന്‍ അവരെ രഞ്ജി ട്രോഫി കളിക്കാന്‍ അയക്കുന്നു. അതേസമയം രഞ്ജി ട്രോഫി അടക്കം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് അവസരം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് ഹര്‍ഭജന്‍ ചോദിച്ചു. രഞ്ജിയില്‍ കളിച്ച് വന്‍തോതില്‍ റണ്‍സ് നേടുന്നവരുടെ കാര്യം പരിശോധിക്കുക. എന്തുകൊണ്ടാണ് അവരെ അവഗണിക്കുന്നത്? ഈ താരങ്ങള്‍ക്ക് ഇനി എന്നാണ് അവസരം ലഭിക്കുക?.
മികച്ച ഫോമിൽ കളിച്ചു റൺസ് നേടുന്ന സമയത്ത് അവർക്ക് പരമാവധി അവസരം നൽകുകയല്ലേ ചെയ്യേണ്ടത്?. ഓരോ കളിക്കാർക്കും ഇവിടെ ഓരോ നിയമമാണോ?. വെറും രണ്ടു കളികളിലെ പ്രകടനം പരിഗണിച്ചുപോലും ദേശീയ ടീമിൽ എത്തുന്നവരുണ്ട്. ഐപിഎലിലെ പ്രകടനം മാത്രം നോക്കി ടീമിൽ അവസരം ലഭിക്കുന്നവരും കുറവല്ല. എന്നിട്ടും എന്തുകൊണ്ടാണ് കരുൺ നായർക്കു മാത്രം വേറെ നിയമം? ഹർഭജൻ ചോദിക്കുന്നു.
കരുൺ നായരുടെ ഇതുവരെയുള്ള പ്രകടനങ്ങളുടെ കണക്കുകൾ പരിശോധിക്കൂ. 2024–25 സീസണിൽ അദ്ദേഹം ആറ് ഇന്നിങ്സുകളാണ് കളിച്ചത്. അതിൽ അഞ്ച് ഇന്നിങ്സിലും നോട്ടൗട്ടായിരുന്നു. 664 ശരാശരിയിൽ അത്ര തന്നെ റൺസ് നേടി. 120നു മുകളിലായിരുന്നു സ്ട്രൈക്ക് റേറ്റും. എന്നിട്ടും സെലക്ടർമാർ കരുൺ നായരെ ടീമിലെടുക്കുന്നില്ല. രാജ്യാന്തര ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചറി നേടിയിട്ടുപോലും എങ്ങനെയാണ് സെലക്ടർമാർ കരുൺ നായരെ അവഗണിച്ചതെന്ന് മനസ്സിലാകുന്നില്ല. ഹർഭജൻ കൂട്ടിച്ചേർത്തു.
കരുൺ നായരേപ്പോലുള്ള താരങ്ങളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല എന്നത് തന്നെ വളരെയധികം വേദനിപ്പിക്കുന്നു. കരുൺ ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്കു പോയിരുന്നെങ്കിലും ഒരു കളിയിൽ പോലും അവസരം നൽകിയില്ല. അഞ്ചാം ടെസ്റ്റിൽ ഹനുമ വിഹാരിയെ ഇന്ത്യയിൽ നിന്നും വിളിച്ചു വരുത്തി കളിപ്പിച്ചു.
എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് ? ഇതിൽനിന്ന് എന്താണ് മനസ്സിലാക്കേണ്ടത്?. കരുൺ നായർ കഠിനാധ്വാനം ചെയ്യുന്നില്ല എന്നാണോ കരുതുന്നത്?. ടീമിലെത്താനുള്ള മാനദണ്ഡമെന്താണ്? ഓരോ കളിക്കാർക്കും ഓരോ നിയമമാണോ എന്നും ഹർഭജൻ സിങ് ചോദിച്ചു. വിജയ് ഹസാരെ ട്രോഫിയിൽ ആറ് ഇന്നിങ്സുകളിൽ പുറത്താകാതെ അഞ്ചു സെഞ്ച്വറികൾ അടക്കം 664 റൺസാണ് കരുൺ നായർ നേടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക