
മുംബൈ: ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിന് പിന്നാലെ വിജയ് ഹസാരെ ട്രോഫി ഫൈനലിലും വിദര്‍ഭ ക്യാപ്റ്റന്‍ കരുണ്‍ നായര്‍ക്ക് തിരിച്ചടി. വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ ഏഴ് ഇന്നിങ്‌സില്‍ ആറിലും നോട്ടൗട്ട് പ്രകടനം കാഴ്ചവെച്ച കരുണ്‍ നായര്‍ക്ക് കര്‍ണാടകയ്‌ക്കെതിരായ നിര്‍ണായക ഫൈനലില്‍ കാലിടറി. 27 റണ്‍സിന് ഔട്ടായതോടെ ജൈത്രയാത്രയ്ക്ക് വിരാമമായി. ഫൈനല്‍ വരെ ഏഴ് കളികളില്‍ നിന്ന് 752 റണ്‍സ് നേടിയ കരുണ്‍ നായര്‍, പേസര്‍ പ്രസിദ്ധ് കൃഷ്ണയുടെ മികച്ച പന്തിലാണ് പുറത്തായത്. 27 റണ്‍സില്‍ നില്‍ക്കേ സുന്ദരമായ ഇന്‍സിംഗറില്‍ കരുണ്‍ നായരുടെ വിക്കറ്റ് പ്രസിദ്ധ് കൃഷ്ണ പിഴുതെറിയുകയായിരുന്നു.
ഫൈനലില്‍ കര്‍ണാടകയ്ക്കെതിരെ 349 റണ്‍സ് പിന്തുടരുന്നതിനിടെ ടീം സ്‌കോര്‍ 88ല്‍ നില്‍ക്കുമ്പോഴാണ് കരുണ്‍ നായര്‍ പുറത്തായത്. അതേസമയം, ചാംപ്യന്‍സ് ട്രോഫി ടീമില്‍ കരുണ്‍ നായരെ ഉള്‍പ്പെടുത്താതിരുന്നത് ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ സ്‌കോര്‍ നേടുന്നതിന്റെ പ്രസക്തിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തും. നിലവിലെ സാഹചര്യത്തില്‍ 15 പേരടങ്ങുന്ന ടീമില്‍ കരുണിനെ ഉള്‍പ്പെടുത്തുന്നത് ബുദ്ധിമുട്ടായിരുന്നുവെന്ന് ബിസിസിഐയുടെ സെലക്ഷന്‍ കമ്മിറ്റി തലവന്‍ അജിത് അഗാര്‍ക്കര്‍ സമ്മതിച്ചു.
'അതെ, അത് ബുദ്ധിമുട്ടാണ്. അവ ശരിക്കും സ്‌പെഷ്യല്‍ പ്രകടനങ്ങളാണ്. ഞാന്‍ ഉദ്ദേശിച്ചത്, ശരാശരി - 700 പ്ലസ്, 750പ്ലസ്. ഞങ്ങള്‍ കരുണിനെക്കുറിച്ച് ചര്‍ച്ച നടത്തി. എന്നാല്‍ ഇപ്പോള്‍, ഈ ടീമില്‍ ഒരു സ്ഥാനം കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടാണ്. തെരഞ്ഞെടുത്ത ആളുകളെ നോക്കൂ. 40ലധികം ശരാശരിയുള്ള താരങ്ങളാണ് ബാറ്റിങ് നിരയിലുള്ളത്. അപ്പോള്‍, നിര്‍ഭാഗ്യവശാല്‍, നിങ്ങള്‍ക്ക് എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഇത് 15 പേരുടെ ഒരു ടീമാണ്. പക്ഷേ (കരുണിനെപ്പോലെ) ആ പ്രകടനങ്ങള്‍ തീര്‍ച്ചയായും നിങ്ങളെ ശ്രദ്ധയില്‍പ്പെടുത്തുന്നു,'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക