മാഞ്ചസ്റ്റര്‍ സിറ്റിയെ 5-2നു വീഴ്ത്തി പിഎസ്ജിയുടെ ഗംഭീര തിരിച്ചു വരവ്. പിന്നില്‍ നിന്ന ശേഷമാണ് അവര്‍ തിരിച്ചടിച്ചു കയറിയത്. ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ ഫയനൂര്‍ദ് മറുപടിയില്ലാത്ത 3 ഗോളുകള്‍ക്ക് അട്ടിമറിച്ചു.
റോഡ്രിഗോ, വിനിഷ്യസ് ജൂനിയര്‍ എന്നിവരുടെ ഇരട്ട ഗോളുകളും കിലിയന്‍ എംബാപ്പെയുടെ ഒരു ഗോളുമാണ് ആര്‍ബി സാല്‍സ്ബര്‍ഗിനെതിരെ റയലിനു ജയമൊരുക്കിയത്. 23, 34 മിനിറ്റുകളിലാണ് റോഡ്രിഗോ വല ചലിപ്പിച്ചത്. വിനിഷ്യസ് 55, 77 മിനിറ്റുകളില്‍ വല കുലുക്കി. എംബാപ്പെ 48ാം മിനിറ്റില്‍ ഗോള്‍ നേടി.
രണ്ട് ഗോളിനു മുന്നില്‍ നിന്ന മാഞ്ചസ്റ്റര്‍ സിറ്റിയെ 4 ഗോള്‍ മടക്കി പിഎസ്ജി ഗംഭീര തിരിച്ചു വരവ് നടത്തി. ത്രില്ലര്‍ പോരാട്ടത്തില്‍ ആറ് ഗോളുകളും രണ്ടാം പകുതിയിലാണ് വന്നത്. 50ാം മിനിറ്റില്‍ ജാക്ക് ഗ്രീലിഷ് സിറ്റിയെ മുന്നിലെത്തിച്ചു. പിന്നാലെ ണര്‍ലിങ് ഹാളണ്ടിന്റെ ഗോള്‍ 53ാം മിനിറ്റില്‍. എന്നാല്‍ 3 മിനിറ്റിനുള്ളില്‍ പിഎസ്ജി ആദ്യ ഗോള്‍ മടക്കി. ഡെംബലെയായിരുന്നു സ്‌കോറര്‍. പിന്നാലെ 60 ബാര്‍ക്കോള, 78ല്‍ ജാവോ നെവെസ്, ഇഞ്ച്വറി സമയത്ത് ഗോള്‍സാലോ റാമോസ് എന്നിവര്‍ പിഎസ്ജിക്കായി വല കുലുക്കി.
ആഴ്‌സണല്‍ സ്വന്തം തട്ടകത്ത് ഡിനാമോ സാഗ്രബിനെ വീഴ്ത്തി. മറുപടിയില്ലാത്ത 3 ഗോളുകള്‍ക്കാണ് ടീമിന്റെ ജയം. രണ്ടാം മിനിറ്റില്‍ ഡെക്ലാന്‍ റൈസ്, 66ാം മിനിറ്റില്‍ കയ് ഹവേര്‍ട്‌സ്, ഇഞ്ച്വറി സമയത്ത് മാര്‍ട്ടിന്‍ ഒഡേഗാഡ് എന്നിവരാണ് ഗോളുകള്‍ നേടിയത്.
ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ ഗോളടിക്കാന്‍ അനുവദിക്കാതെ പൂട്ടിയ ഫയനൂര്‍ദ് കൗണ്ടര്‍ അറ്റാക്കിലൂടെ മത്സരം പോക്കറ്റിലാക്കി. മറുപടിയില്ലാത്ത 3 ഗോളുകള്‍ക്കാണ് കോംപനിയും സംഘവും അട്ടിമറി ഏറ്റുവാങ്ങിയത്. കടുത്ത പ്രതിരോധമാണ് ഫയനൂര്‍ദ് തീര്‍ത്തത്. മതില്‍ ഭേദിച്ചപ്പോഴെല്ലാം ഗോള്‍ കീപ്പര്‍ ജസ്റ്റിന്‍ ബിജ്‌ലോ അസാമാന്യ സേവുകളുമായി കളം വാണതോടെ ബയേണിന്റെ ഗോളടിക്കാനുള്ള മോഹങ്ങളൊന്നും നടന്നില്ല. മറുഭാഗത്ത് കൗണ്ടറുകള്‍ നടത്തി ഫയനൂര്‍ദ് സ്വന്തം കാണികള്‍ക്കു മുന്നില്‍ ജയിച്ചു കയറുകയും ചെയ്തു. ഹിമനെസ് ഇരട്ട ഗോളുകള്‍ നേടി.
ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍ മിലാന്‍ സ്പാര്‍ട പ്രാഹയെ 1-0ത്തിനു വീഴ്ത്തി. എസി മിലാന്‍ ഇതേ സ്‌കോറില്‍ സ്പാനിഷ് ടീം ജിറോണയേയും പരാജയപ്പെടുത്തി. ജര്‍മന്‍ കരുത്തരായ ആര്‍ബി ലെയ്പ്‌സിഗ് 2-1നു സ്‌പോര്‍ട്ടിങിനെ പരാജയപ്പെടുത്തി. ഷാക്തര്‍ ഡൊനെറ്റ്‌സ്‌ക് 2-0ത്തിനു ബ്രെസ്റ്റിനേയും വീഴ്ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക