
മെല്‍ബണ്‍: ഓരോ തവണ വീഴുമ്പോഴും വീറോടെ തിരിച്ചടിക്കുക. അമേരിക്കന്‍ താരം മാഡിസന്‍ കീസ് ഒരു പക്ഷേ അവരുടെ ഉള്ളില്‍ മുഴക്കുന്ന മന്ത്രം അതായിരിക്കും. നിലവിലെ ഒന്നാം നമ്പറും തുടരെ മൂന്നാം വട്ടവും കിരീടം നേടി മടങ്ങാനുള്ള മോഹവുമായി എത്തിയ ബലറൂസിന്റെ അരിന സബലേങ്കയുടെ സ്വപ്‌നങ്ങള്‍ മെല്‍ബണ്‍ പാര്‍ക്കില്‍ വീണുടഞ്ഞു. 29ാം വയസില്‍ മാഡിസന്‍ കീസ് കന്നി ഗ്രാന്‍ഡ് സ്ലാം കിരീടം നേടി തലയുയര്‍ത്തി നിന്നു. 2025ലെ വനിതാ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം മാഡിസന്‍ കീസ് സ്വന്തമാക്കി.
ത്രില്ലര്‍ ഫൈനലില്‍ അവര്‍ മൂന്ന് സെറ്റ് പോരാട്ടത്തിലാണ് സബലേങ്കയെ വീഴ്ത്തി. ആദ്യ സെറ്റ് നേടി മികവോടെ തുടങ്ങിയ മാഡിസന്‍ കീസ് രണ്ടാം സെറ്റില്‍ അതിവേഗം വീണു. എന്നാല്‍ മൂന്നാം സെറ്റില്‍ അവര്‍ ഇഞ്ചോടിഞ്ച് പൊരുതി. 7-5നു സെറ്റും കിരീടവും പിടിച്ചെടുത്തു. സ്‌കോര്‍: 6-3, 2-6, 7-5.
2017ല്‍ യുഎസ് ഓപ്പണ്‍ പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറിയതാണ് കരിയറില്‍ താരത്തിന്റെ മികച്ച നേട്ടം. ഫ്രഞ്ച് ഓപ്പണില്‍ സെമി വരെ 2018ല്‍ മുന്നേറി. വിംബിള്‍ഡണ്‍ പോരാട്ടത്തില്‍ ക്വാര്‍ട്ടറിനപ്പുറം പോയിട്ടില്ല. 2015, 2023 വര്‍ഷങ്ങളില്‍ വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ കളിച്ചു. ഒടുവില്‍ ഇത്തവണ നടാടെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലേക്ക് മുന്നേറി. കന്നി ഗ്രാന്‍ഡ് സ്ലാം നേട്ടവും സ്വന്തമാക്കി.
സെമിയില്‍ ചെക്ക് റിപ്പബ്ലിക്ക് താരം ഇഗ ഷ്വാംതെകിനെതിരെയും കഠിന പോരാട്ടമാണ് അതിജീവിച്ചത്. ആദ്യ സെറ്റ് കൈവിട്ട് രണ്ടാം സെറ്റില്‍ കരുത്തോടെ തിരിച്ചെത്തി ടൈ ബ്രേക്കറില്‍ സെറ്റും ഫൈനല്‍ ബര്‍ത്തും ഉറപ്പാക്കിയാണ് മുന്നേറ്റം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക