
ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗ് ടി20 കിരീടം ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സിന്. അവരുടെ കന്നി കിരീട നേട്ടമാണിത്. ഫൈനലില്‍ മുന്‍ ചാംപ്യന്‍മാരായ സിഡ്‌നി തണ്ടറിനെ 7 വിക്കറ്റിനു അനായാസം വീഴ്ത്തിയാണ് ടീമിന്റെ നേട്ടം.
ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി തണ്ടേഴ്‌സ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി. മറുപടി പറയാനിറങ്ങിയ ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ് വെരും 14.1 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 185 റണ്‍സെടുത്താണ് വിജയവും കിരീടവും ഉറപ്പിച്ചത്.
ഹരിക്കെയ്ന്‍സ് ഓപ്പണര്‍ മിച്ചല്‍ ഓവന്റെ അതിവേഗ സെഞ്ച്വറി സിഡ്‌നിയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. താരം 11 സിക്‌സുകളും 6 ഫോറുകളും പറത്തി. വെറും 39 പന്തില്‍ സെഞ്ച്വറിയടിച്ച ഓവന്‍ 42 പന്തില്‍ 108 റണ്‍സുമായി പുറത്തായി. ബിഗ് ബാഷ് ലീഗിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി റെക്കോർഡിനൊപ്പം ഓവന്റെ പ്രകടനവും എത്തി. ഒരു താരം ബിബിഎൽ ഫൈനലിൽ നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോർഡ് ഈ പ്രകടനത്തിനാണ്.
എന്നാല്‍ പിന്നീടു വന്നവരും പൊരുതിയതോടെ ഹരിക്കെയ്ന്‍സ് അതിവേഗം ജയം തൊട്ടു. മാത്യു വെയ്ഡ് 17 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 32 റണ്‍സ് കണ്ടെത്തി ജയവും കിരീടവും ഉറപ്പിച്ചു. വെയ്ഡിനൊപ്പം ബെന്‍ മക്ക്ഡര്‍മോട്ടും പുറത്താകാതെ നിന്നു. താരം 12 പന്തില്‍ 18 റണ്‍സെടുത്തു.
നേരത്തെ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ജാസന്‍ സംഗയും ചേര്‍ന്ന സഖ്യം മികച്ച തുടക്കമാണ് സിഡ്‌നിക്ക് നല്‍കിയത്. സംഗ അര്‍ധ സെഞ്ച്വറി നേടി പുറത്തായി. 42 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 67 റണ്‍സെടുത്തു. വാര്‍ണര്‍ 32 പന്തില്‍ 48 റണ്‍സ് കണ്ടെത്തി. 5 ഫോറും ഒരു സിക്‌സും വാര്‍ണര്‍ പറത്തി.
19 പന്തില്‍ 26 റണ്‍സെടുത്ത ഒലിവര്‍ ഡേവിസ്, സാം ബില്ലിങ്‌സ് (14 പന്തില്‍ 20 റണ്‍സ്) എന്നിവരും പൊരുതി. ക്രിസ് ഗ്രീന്‍ 9 പന്തില്‍ 16 റണ്‍സെടുത്തു.
ഹരിക്കെയ്ന്‍സ് നിരയില്‍ റിയലി മെരെഡിത്, നതാന്‍ എല്ലിസ് എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക