
രാജ്കോട്ട്: ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടി20 നാളെ നടക്കും. മത്സരം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, മലയാളി താരം സഞ്ജു സാംസൺ എന്നിവർക്ക് നിർണായകം. ആദ്യ രണ്ട് മത്സരങ്ങളിലും ഏറ്റ പരാജയം ഇംഗ്ലണ്ടിനെ ചിന്തിപ്പിക്കുന്നതാണ്. മൂന്നാം പോര് ജയിച്ച് പരമ്പരയിലേക്ക് തിരിച്ചെത്താനാണ് അവർ ഒരുങ്ങുന്നത്.
ഇംഗ്ലീഷ് പേസർമാർക്കു മുന്നിൽ സഞ്ജു പതറുന്നു എന്നാണ് ഉയരുന്ന വിമർശനം. താരം പേസർമാരെ നേരിടാൻ പ്രത്യേകം പരിശീലനമടക്കം നടത്തി. ആദ്യ മത്സരത്തിൽ മികവോടെ തുടങ്ങിയ സഞ്ജു 20 പന്തിൽ 26 റൺസെടുത്തു മടങ്ങി. ഒരു സിക്സും നാല് ഫോറും തൂക്കി. എന്നാൽ ജോഫ്ര ആർച്ചറുടെ പന്തിൽ പുറത്തായി.
രണ്ടാം മത്സരത്തിൽ 7 പന്തുകൾ നേരിട്ട് സഞ്ജു 5 റൺസെടുത്തു ഇത്തവണയും ആർച്ചർക്കു മുന്നിൽ തന്നെ വീണു. നാളെയും സഞ്ജുവിന് അവസരമുണ്ടാകും. എന്നാൽ തിളങ്ങിയില്ലെങ്കിൽ അവസാന രണ്ട് പോരാട്ടങ്ങളിൽ നിന്നു മാറ്റി നിർത്താനുള്ള സാധ്യതയുണ്ട്. ധ്രുവ് ജുറേലിനെ കീപ്പറായി പരീക്ഷിക്കാനായിരിക്കും ടീം ശ്രമിക്കുക.
സൂര്യകുമാർ യാദവും ഫോമിലെത്താനുള്ള ശ്രമത്തിലാണ്. ആദ്യ പോരാട്ടത്തിൽ ക്യാപ്റ്റൻ പൂജ്യത്തിനു മടങ്ങി. രണ്ടാം പോരാട്ടത്തിൽ 12 റൺസുമായും പുറത്തായി. രാജ്കോട്ടിലെ റണ്ണൊഴുകും പിച്ചിൽ ഇരുവരും കത്തും ഫോമിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക