
ബാഴ്സലോണ: ലാ ലിഗയില്‍ വലന്‍സിയ എഫ്സിക്കെതിരെ ബാഴ്സലോണയുടെ ഗോളടിമേളം. സ്വന്തം തട്ടകത്തില്‍ വച്ച് വലന്‍സിയ എഫ്സിയെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ബാഴ്സ മുക്കിയത്. ബാഴ്സയുടെ ആക്രമണത്തില്‍ പതറിയ വലന്‍സിയയ്ക്ക് മത്സരത്തില്‍ കാര്യമായി ഒന്നും ചെയ്യാനുണ്ടായില്ല.
ആദ്യ പകുതിയില്‍ അഞ്ച് ഗോളുകളാണ് വലന്‍സിയക്കെതിരെ ബാഴ്‌സ നേടിയത്. മൂന്നാം മിനിറ്റില്‍ തന്നെ ഫ്രാങ്കി ഡിയോങ്ങിലൂടെ മുന്നിലെത്തി. എട്ടാം മിനിറ്റില്‍ ഫെരാന്‍ ടോറസ് ടീമിന്റെ ലീഡുയര്‍ത്തി. 14-ാം മിനിറ്റില്‍ റഫീഞ്ഞ്യയും സ്‌കോര്‍ ചെയ്തതോടെ 15 മിനിറ്റിനുള്ളില്‍ തന്നെ കളിയുടെ ചിത്രം തെളിഞ്ഞു. തുടര്‍ന്ന് 24, 45+4 മിനിട്ടുകളിലായി ഫെര്‍മിന്‍ ലോപ്പസ് ഇരട്ടവെടിപൊട്ടിച്ചതോടെ വലന്‍സിയ നടുങ്ങി. ഇതോടെ ആദ്യ പകുതിയില്‍ അഞ്ച് ഗോളുകളോടെയാണ് ബാഴ്സ അവസാനിപ്പിച്ചത്.
രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയും 66-ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തു. 75-ാം മിനിറ്റില്‍ ഫെരാന്‍ ടോറസിന്റെ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തില്‍ വലന്‍സിയയുടെ സെസാര്‍ തരേഗയുടെ ദേഹത്തിടിച്ച് പന്ത് സ്വന്തം പോസ്റ്റില്‍ കയറിയതോടെ ബാഴ്സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി. 59-ാം മിനിറ്റില്‍ ഹ്യൂഗോ ഡ്യൂറോയുടെ വകയായിരുന്നു വലന്‍സിയയുടെ ആശ്വാസ ഗോള്‍. ജയത്തോടെ 21 കളികളില്‍ നിന്ന് 42 പോയന്റുമായി ബാഴ്സ മൂന്നാം സ്ഥാനത്ത് എത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക