
രാജ്‌കോട്ട്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടി20 പോരാട്ടം ഇന്ന്. വൈകീട്ട് 7 മുതലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇന്നത്തെ പോരാട്ടവും ജയിച്ച് പരമ്പര ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇംഗ്ലണ്ടിനു ജീവന്‍മരണ പോരാട്ടമാണ്. ഇന്നും തോറ്റാല്‍ അവരുടെ പരമ്പര സ്വപ്‌നങ്ങള്‍ അവസാനിക്കും.
മലയാളി താരം സഞ്ജു സാംസണ്‍ ഫോമിലെത്താനുള്ള ശ്രമത്തിലാണ്. ആദ്യ മത്സരത്തില്‍ മികവോടെ തുടങ്ങിയ മലയാളി താരത്തിനു 20 പന്തില്‍ 26 റണ്‍സുമായി പുറത്താകേണ്ടി വന്നു. രണ്ടാം മത്സരത്തില്‍ 5 റണ്‍സിലും സഞ്ജു മടങ്ങി. രണ്ട് കളിയിലും ജോഫ്ര ആര്‍ച്ചറുടെ പന്തിലാണ് സഞ്ജു പുറത്തായത്. താരം നെറ്റ്‌സില്‍ പേസര്‍മാരെ നേരിടാന്‍ പ്രത്യേക പരിശീലനം നടത്തി.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സമാന മാനസിക അവസ്ഥയില്‍ തന്നെ. ഫോം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ക്യാപ്റ്റന്‍. രണ്ടാം പോരാട്ടത്തില്‍ തിലക് വര്‍മയുടെ മികവാണ് ഇന്ത്യക്ക് നാടകീയ ജയം സമ്മാനിച്ചത്. താരത്തിന്റെ ഫോം ഇന്ത്യക്ക് പ്രതീക്ഷയാണ്.
മറുഭാഗത്ത് ഇംഗ്ലണ്ട് ആദ്യ രണ്ട് മത്സരങ്ങള്‍ കളിച്ച ടീമിനെ തന്നെ നിലനിര്‍ത്തും. മുന്‍നിര ബാറ്റര്‍മാര്‍ ഫോമിലെത്താത്തത് അവരെ കുഴക്കുന്നു. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ മാത്രമാണ് സ്ഥിരത പുലര്‍ത്തുന്നത്.
ഇന്ത്യ ഇന്നും ഷമിയെ പുറത്തിരുത്തിയേക്കും. കഴിഞ്ഞ മത്സരത്തിൽ അവസരം നൽകിയ ധ്രുവ് ജുറേലിനു തിളങ്ങാനായില്ല. താരത്തിനു പകരം റിങ്കു സിങ് പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കും.
ഇന്ത്യ സാധ്യതാ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, റിങ്കു സിങ്, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക