രഞ്ജിയില്‍ കോഹ് ലി ഇറങ്ങി, കാണാന്‍ ഇടിച്ചു കയറി ആരാധകര്‍; ഞൊടിയിടയില്‍ ഗാലറി ഫുള്‍- വിഡിയോ

13 വര്‍ഷത്തിനു ശേഷമുള്ള കോഹ് ലിയുടെ ആദ്യത്തെ ആഭ്യന്തര റെഡ് ബോള്‍ മത്സരം കാണാന്‍ ആരാധകര്‍ ഗ്രൗണ്ടിലേക്ക് ഒഴുകി എത്തുന്നതിനാണ് തലസ്ഥാനം സാക്ഷിയായത്
The 'King Kohli' effect: Fans make a beeline for Delhi's Ranji game
വിരാട് കോഹ് ലിയുടെ പ്രകടനം കാണാൻ ​ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയ ആരാധകർഎക്സ്
Updated on

ന്യൂഡല്‍ഹി: അടുത്തകാലത്തായി ഫോം ഔട്ടായിരിക്കാം. എന്നാല്‍ സൂപ്പര്‍ താരം വിരാട് കോഹ് ലിയോടുള്ള ആരാധന എത്രമാത്രം ഉണ്ടെന്ന് കാണണമെങ്കില്‍ ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി ഗ്രൗണ്ടില്‍ വരണം. 13 വര്‍ഷത്തിനു ശേഷമുള്ള കോഹ് ലിയുടെ ആദ്യത്തെ ആഭ്യന്തര റെഡ് ബോള്‍ മത്സരം കാണാന്‍ ആരാധകര്‍ ഗ്രൗണ്ടിലേക്ക് ഒഴുകി എത്തുന്നതിനാണ് തലസ്ഥാനം സാക്ഷിയായത്.

റെയില്‍വേസിനെതിരെ കോഹ് ലി രഞ്ജി കളിക്കുന്നത് കാണാന്‍ ഏകദേശം 10,000 പേര്‍ എത്തുമെന്നായിരുന്നു ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ (ഡിഡിസിഎ) കണക്കുകൂട്ടല്‍. എന്നാല്‍ ആ കണക്കുകൂട്ടല്‍ തെറ്റിച്ച് ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകി എത്തുന്നതാണ് പിന്നീട് കണ്ടത്. കോഹ് ലിയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ആരാധകരാണ് അദ്ദേഹത്തിന്റെ പ്രകടനം നേരിട്ട് കാണാന്‍ ടിക്കറ്റ് എടുക്കാന്‍ ക്യൂവില്‍ നിന്നത്. രഞ്ജി ട്രോഫി മത്സരത്തിന് ഇത്രയുമധികം ആളുകള്‍ കളി കാണാന്‍ വരുന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണ്.

ഇന്ന് രാവിലെ കളി ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ, കോഹ്ലിയുടെ ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ തിരക്കുകൂട്ടി. ആദ്യം, ഡിഡിസിഎ ഏകദേശം 6,000 പേരെ ഉള്‍ക്കൊള്ളുന്ന 'ഗൗതം ഗംഭീര്‍ സ്റ്റാന്‍ഡ്' കാണികള്‍ക്കായി തുറന്നുകൊടുത്തു. പക്ഷേ തിരക്ക് നിയന്ത്രണാതീതമാകുമെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ 14,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 'ബിഷന്‍ ബേദി സ്റ്റാന്‍ഡ്' തുറക്കാന്‍ നിര്‍ബന്ധിതരായി.

'30 വര്‍ഷത്തിലേറെയായി ഞാന്‍ ഡല്‍ഹി ക്രിക്കറ്റില്‍ സജീവമാണ്, പക്ഷേ ഒരു രഞ്ജി ട്രോഫി മത്സരത്തിന് ഞാന്‍ ഇത്തരം രംഗങ്ങള്‍ കണ്ടിട്ടില്ല. കോഹ്ലിയുടെ ജനപ്രീതിക്ക് സമാനതകളില്ല എന്ന് ഇത് കാണിക്കുന്നു,'- ഡിഡിസിഎ സെക്രട്ടറി അശോക് ശര്‍മ്മ പിടിഐയോട് പറഞ്ഞു.

'ഗൗതം ഗംഭീര്‍ സ്റ്റാന്‍ഡ്' ഇതിനകം തന്നെ നിറഞ്ഞിരുന്നു. 'ബിഷന്‍ ബേദി സ്റ്റാന്‍ഡിന്റെ' താഴത്തെ നിര നിറയാന്‍ അധികം സമയം വേണ്ടിവന്നില്ല. ടോസ് ചെയ്യുമ്പോള്‍ 12,000ലധികം പേരാണ് മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നത്. 'കോഹ്ലി, കോഹ്ലി' എന്ന കാതടപ്പിക്കുന്ന ആര്‍പ്പുവിളികളും ആരവങ്ങളും കൊണ്ട് മുഖരിതമായിരുന്നു സ്റ്റേഡിയം. രണ്ടാം സ്ലിപ്പില്‍ കോഹ്ലിയെ നിയമിച്ചതോടെ, അദ്ദേഹത്തിന്റെ ഓരോ നീക്കവും കാണികളുടെ ആര്‍പ്പുവിളികള്‍ ഏറ്റുവാങ്ങി. പന്ത്രണ്ടാം ഓവറില്‍, ഒരു ആരാധകന്‍ സുരക്ഷാക്രമീകരണങ്ങള്‍ ലംഘിച്ച് കോഹ് ലിയുടെ അടുത്തേക്ക് ഓടി. സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പെട്ടെന്ന് കൊണ്ടുപോകുന്നതിന് മുമ്പ്, കോഹ്ലിയുടെ കാലില്‍ തൊട്ട് ആണ് ആരാധകന്‍ മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com