
ന്യൂഡല്‍ഹി: 13 വര്‍ഷത്തിന് ശേഷം രഞ്ജി ട്രോഫി കളിക്കുന്ന സൂപ്പര്‍ താരം വിരാട് കോഹ് ലിയാണ് ക്രിക്കറ്റ് ലോകത്തിന്റെ ഇന്നത്തെ ശ്രദ്ധാകേന്ദ്രം. അടുത്തകാലത്തായി ഫോം ഔട്ടില്‍ തുടരുന്ന കോഹ് ലിയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച് ആയിരങ്ങളാണ് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭക്ഷണകാര്യങ്ങളും സോഷ്യല്‍മീഡിയില്‍ ചര്‍ച്ചയാവുകയാണ്.
ഡല്‍ഹിയും റെയില്‍വേസും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ദിനത്തില്‍ ഉച്ചഭക്ഷണത്തിന് വിരാട് കോഹ്ലി ചില്ലി പനീറാണ് ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ട്. മുമ്പ്, കോഹ് ലി നോണ്‍-വെജ് കഴിച്ചിരുന്ന സമയത്ത് കോഹ്ലിയുടെ പ്രിയപ്പെട്ട വിഭവം ചില്ലി ചിക്കന്‍ ആയിരുന്നു. എന്നാല്‍ 2018ല്‍, അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിലെ തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയില്‍ ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് കോഹ്ലി വീഗന്‍ ആയി.
റെയില്‍വേസിനെതിരായ മത്സരത്തിന് മുമ്പ്, ചോലെ ബട്ടൂര വേണ്ടെന്ന് പറഞ്ഞ കോഹ് ലി സഹതാരങ്ങള്‍ക്കൊപ്പം തൈര് കൊണ്ട് ഉണ്ടാക്കുന്ന ഉത്തേരേന്ത്യന്‍ വിഭവമായ കധി ചാവല്‍ കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ പ്രശസ്തനാണെങ്കിലും കോഹ് ലിക്ക് എളിമയുള്ള സ്വഭാവമാണെന്ന് ബാല്യകാലം മുതല്‍ തന്നെ സൂപ്പര്‍ താരത്തെ അറിയുന്ന ഷെഫ് സഞ്ജയ് ഝാ പറയുന്നു.
'ഞാന്‍ 25 വര്‍ഷമായി ഒരു കാന്റീന്‍ നടത്തുന്നു, വിരാട് കോഹ്ലിയെ എനിക്ക് കുട്ടിക്കാലം മുതല്‍ അറിയാം. അദ്ദേഹം ഞങ്ങളുടെ കാന്റീനില്‍ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത് ഇവിടെ നിന്നാണ്, പക്ഷേ അദ്ദേഹത്തിന് ഒരു അഹങ്കാരവുമില്ല. ഇന്നും, ഒരു സാധാരണ വ്യക്തിയെപ്പോലെ ഞങ്ങളോടും വെയിറ്റര്‍മാരോടും സംസാരിക്കുമ്പോള്‍ അദ്ദേഹം വിനയാന്വിതനാണ്,' - സഞ്ജയ് ഝാ സ്‌പോര്‍ട്‌സ് ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'നേരത്തെ, ചില്ലി ചിക്കന്‍ അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. അത് കഴിക്കുക മാത്രമല്ല, സഹതാരങ്ങള്‍ക്ക് അത് ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹത്തിന് ചോലെ ബട്ടൂര അല്ലെങ്കില്‍ കധി ചാവല്‍ ആണ് പ്രിയം. ഒരിക്കല്‍ പുറത്തു നിന്ന് എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യണോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, പക്ഷേ അദ്ദേഹം നിരസിച്ചു, ഞങ്ങളുടെ കാന്റീനില്‍ നിന്ന് തന്നെ ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞു,' -സഞ്ജയ് ഝാ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക