
ചെന്നൈ: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിയ്‌ക്കെതിരെ സൂപ്പര്‍ വിജയം നേടിയെങ്കിലും ഗ്രൗണ്ടില്‍ താരങ്ങളുടെ തമ്മിലടി കേരള ബ്ലാസ്റ്റേഴ്‌സിന് നാണക്കേടായി. ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്റെ അവസാനസമയത്താണ് ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയും മൊറോക്കന്‍ ഫോര്‍വേഡ് നോവ സദൂയിയും നേര്‍ക്കുനേര്‍ വന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തിനിടെ ചെന്നൈയിന്‍ ഗോള്‍ പോസ്റ്റിനു മുന്നില്‍വച്ച് നോവ സദൂയി സുവര്‍ണാവസരം കളഞ്ഞുകുളിച്ചതോടെയായിരുന്നു കയ്യാങ്കളി.
നോവയ്‌ക്കൊപ്പം ലൂണയും ഇന്ത്യന്‍ ഫോര്‍വേഡ് ഇഷാന്‍ പണ്ഡിതയും ഈ സമയത്ത് ചെന്നൈയിന്‍ ബോക്‌സിലുണ്ടായിരുന്നു. സ്വതന്ത്രനായി നില്‍ക്കുന്ന ഈ രണ്ടുതാരങ്ങള്‍ക്കും പാസ് നല്‍കാതെ നോവ ഗോളടിക്കാന്‍ ശ്രമിച്ചതോടെ പന്ത് പുറത്തേക്കാണ് പോയത്. ഇതാണ് ക്യാപ്റ്റനെ പ്രകോപിപ്പിച്ചത്. ഈ നീക്കം ലക്ഷ്യം കണ്ടിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്‌സ് ഒരുഗോള്‍ കൂടി അധികം നേടുമായിരുന്നു. ലൂണ ഗ്രൗണ്ടില്‍വച്ചു തന്നെ നോവയെ ചോദ്യം ചെയ്തു. മൊറോക്കന്‍ താരവും തിരിച്ചുപറഞ്ഞതോടെ ഇരുവരും തമ്മില്‍ ഉന്തും തള്ളുമായി.
ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പോരടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹികമാധ്യമങ്ങളിലും വൈറലാണ്. ഇഷാന്‍ പണ്ഡിത ഇടപെട്ടാണ് ക്യാപ്റ്റനെയും നോവയെയും പിടിച്ചുമാറ്റിയത്. നോവ സദൂയിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി അഡ്രിയന്‍ ലൂണ മത്സരത്തിനു ശേഷം പ്രതികരിച്ചു. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ കളിക്കളത്തില്‍ താന്‍ ചെയ്തത് തെറ്റായിപ്പോയി. സ്വതന്ത്രനായി നില്‍ക്കുകയായിരുന്ന ഇഷാന്‍ പണ്ഡിതയ്ക്കു വേണ്ടിയാണു താന്‍ നോവയോടു തര്‍ക്കിച്ചതെന്നും ലൂണ വ്യക്തമാക്കി.
'പ്ലേഓഫിലേക്കു യോഗ്യത നേടുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ക്ക് ഓരോ മത്സരമായെടുത്തു മുന്നോട്ടു പോകേണ്ടതുണ്ട്. ഇന്നു ജയിക്കേണ്ടതു ഞങ്ങള്‍ക്ക് അനിവാര്യമായിരുന്നു. ഇനി അടുത്ത മത്സരത്തില്‍ ശ്രദ്ധ ചെലുത്തും. ഓരോ മത്സരമായെടുത്തു മുന്നോട്ടു പോകുകയും ഓരോന്നിനെയും ഫൈനലിലെന്നപോലെ കാണുകയും വേണം. കാരണം പ്ലേഓഫിലേക്ക് യോഗ്യത നേടണമെങ്കില്‍ ഒരു പോയിന്റു പോലും നഷ്ടപ്പെടുത്താന്‍ കഴിയില്ല.' ലൂണ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക