

അഹമ്മദാബാദ്: ഐപിഎൽ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യൻസ് നായകൻമാർക്കും ടീം അംഗങ്ങൾക്കും കനത്ത തുക പിഴയിട്ട് ബിസിസിഐ (BCCI). മഴയെ തുടർന്നു രണ്ടര മണിക്കൂറോളം വൈകിയാണ് പോരാട്ടം ആരംഭിച്ചത്. നിശ്ചിത സമയത്ത് ഓവറുകൾ എറിഞ്ഞു തീർക്കാത്തതിനെ തുടർന്നാണ് ഇരു ടീമുകൾക്കും വൻ തുക പിഴയിട്ടത്.
പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ 24 ലക്ഷം രൂപയും ടീം അംഗങ്ങൾ ആറ് ലക്ഷം രൂപ വീതവും പിഴയൊടുക്കണം. മുംബൈ ക്യാപ്റ്റൻ ഹർദ്ദിക് പാണ്ഡ്യ 30 ലക്ഷമാണ് പിഴയടക്കേണ്ടത്. കളത്തിലെത്തിയ മുംബൈ ടീമിലെ മറ്റു താരങ്ങളെല്ലാം 12 ലക്ഷവും അടയ്ക്കണം.
മഴയെ തുടർന്നു വല്ലാതെ വൈകി പോയ മത്സരം ഓവറുകൾ കൃത്യ സമയത്ത് എറിഞ്ഞു തീർക്കാതെ വീണ്ടും വൈകിച്ചതാണ് ഇരു ക്യാപ്റ്റൻമാർക്കും വിനയായത്. ശ്രേയസ് അയ്യർ രണ്ടാം തവണയാണ് ഇതേ കുറ്റത്തിനു ശിക്ഷിക്കപ്പെടുന്നത്. ഹർദ്ദിക്കിനു വിനയായത് മൂന്നാം തവണയും സമാന കുറ്റം വന്നതാണ്. കഴിഞ്ഞ സീസണിലും 3 തവണ കുറഞ്ഞ ഓവർ നിരക്കിനു ഹർദ്ദിക് ശക്ഷിക്കപ്പെട്ടിരുന്നു. അതോടെ ഇത്തവണ ആദ്യ മത്സരത്തിൽ താരത്തിനു വിലക്കും കിട്ടിയിരുന്നു. ഇത്തവണയും സമാനമായി 3 തവണ ശിക്ഷിക്കപ്പെട്ടെങ്കിലും അടുത്ത തവണ താരത്തിനു വിലക്ക് കിട്ടില്ല. ബിസിസിഐ നിയമത്തിൽ ഇളവു വരുത്തിയതാണ് അനുകൂലമായത്.
ടീം അംഗങ്ങൾക്കു പിഴത്തുകയിൽ ഇളവുണ്ട്. 6 ലക്ഷം അടയ്ക്കേണ്ട പഞ്ചാബ് താരങ്ങൾക്ക് മാച്ച് ഫീയിൽ 25 ശതമാനം അതിൽ കുറവാണെങ്കിൽ ആ തുക അടച്ചാൽ മതി. സമാനമായി മുംബൈ താരങ്ങൾക്കും ഇളവുണ്ട്. മാച്ച് ഫീയിൽ 50 ശതമാനം കുറവാണെങ്കിൽ ആ തുകയാണ് അവർ അടയ്ക്കേണ്ടത്. നായകൻമാർക്ക് പക്ഷേ ഇളവില്ല.
ഐപിഎൽ രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിങ്‌സിന്റെ ജയം ആവേശകരമായിരുന്നു. 11 വർഷങ്ങൾക്കു ശേഷമാണ് പഞ്ചാബ് ഫൈനലുറപ്പിച്ചത്. ത്രില്ലർ പോരിലൂടെയാണ് ആറാം കിരീടം ലക്ഷ്യമിട്ടുള്ള മുംബൈ ഇന്ത്യൻസിന്റെ പ്രയാണത്തിന് പഞ്ചാബ് പ്രതിരോധം തീർത്തത്. ഒന്നാം ക്വാളിഫയറിൽ സംഭവിച്ച പിഴവുകൾ തിരുത്തിയാണ് പഞ്ചാബ് ഫൈനൽ ബർത്ത് ഉറപ്പിച്ചത്.
മത്സരത്തിന്റെ തുടക്കം മുതൽ മുംബൈയ്ക്ക് എതിരായിരുന്നു സാധ്യതകൾ. മഴമൂലം രണ്ട് മണിക്കൂർ വൈകിയായിരുന്നു മത്സരം ആരംഭിച്ചത്. മഴമൂലം മത്സരം ഉപേക്ഷിച്ചാലും മുംബൈയ്ക്ക് ഫൈനൽ സാധ്യതകൾ നഷ്ടമാകുമായിരുന്നു. പിന്നാലെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ, നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആറു പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി പഞ്ചാബ് ലക്ഷ്യത്തിലെത്തി. ഇതോടെ ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ പഞ്ചാബ് കിങ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും.
താരതമ്യേന ഉയർന്ന വിജയലക്ഷ്യം ആയിരുന്നു പഞ്ചാബിന് മുന്നിൽ മുംബൈ ഉയർത്തിയത്. ശ്രദ്ധയോടെ കളി വരുതിയിലാക്കിയ പഞ്ചാബിന് ശ്രേയസ് അയ്യരുടെ അപരാജിത അർധസെഞ്ചറി ഉറച്ച ചുവടായി മാറി. അയ്യർ 41 പന്തിൽ അഞ്ച് ഫോറും എട്ടു പടുകൂറ്റൻ സിക്‌സറും സഹിതം 87 റൺസുമായി പുറത്താകാതെ നിന്നു. ഒരറ്റത്ത് തുടർച്ചായായി വിക്കറ്റുകൾ വീണപ്പോഴും ശ്രേയസ് അയ്യർ പഞ്ചാബിന് ശക്തമായ അടിത്തറ പാകുകയായിരുന്നു.
ഓപ്പണർ പ്രഭ്‌സിമ്രാൻ സിങ് (6) ശശാങ്ക് സിങ് (2) എന്നിവർ മാത്രമാണ് പഞ്ചാബ് നിരയിൽ നിരാശപ്പെടുത്തിയത്. മുംബൈയ്ക്കായി അശ്വനികുമാർ നാല് ഓവറിൽ 55 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ട്രെന്റ് ബോൾട്ട്, ഹർദ്ദിക് പാണ്ഡ്യ എന്നിവർക്ക് ഓരോ വിക്കറ്റും ലഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
