

ലണ്ടന്‍: ബാറ്റര്‍ സിക്‌സ് തൂക്കിയ പന്ത് കൊണ്ടു സ്റ്റേഡിയത്തിനു പുറത്തു നിര്‍ത്തിയിട്ട ആഡംബര കാറിന്റെ ചില്ല് തകര്‍ന്നു (Car window smashed). ഇംഗ്ലണ്ട് കൗണ്ടി ടീമുകള്‍ തമ്മിലുള്ള വിറ്റലിറ്റ് ബ്ലാസ്റ്റ് ക്രിക്കറ്റ് പോരാട്ടത്തിനിടെയാണ് സംഭവം. ഡുറം- ലങ്കാഷെയര്‍ മത്സരമാണ് അരങ്ങേറിയത്.
ലങ്കാഷെയര്‍ താരം മിഷേല്‍ ജോണ്‍സ് അടിച്ച സിക്‌സാണ് സ്‌റ്റേഡിയവും കടന്ന് പുറത്തു നിര്‍ത്തിയിട്ട മേഴ്‌സിഡസ് കാറിന്റെ ചില്ല് തകര്‍ത്തത്. സിക്‌സര്‍ കണ്ട് കമന്റേറ്ററുമാരും ആവേശത്തിലായിരുന്നു. പന്ത് കാറിനകത്തു പോയതായും ഉടമ ദയവായി വന്ന് ആ പന്ത് തിരിച്ചു തരണമെന്നും അവര്‍ രസകരമായി പറയുന്നുണ്ട്. സിക്‌സറിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലുമായി.
മത്സരത്തില്‍ ലങ്കാഷെയറിനു 29 പന്തില്‍ 44 റണ്‍സ് വേണ്ട ഘട്ടത്തിലാണ് ജോണ്‍സിന്റെ കൂറ്റന്‍ സിക്‌സര്‍ പിറന്നത്. സ്പിന്നര്‍ നതാന്‍ സോവ്‌ടേഴ്‌സിന്റെ പന്തിലാണ് സിക്‌സ്. ജോണ്‍സ് മത്സരത്തില്‍ 39 പന്തില്‍ 55 റണ്‍സ് അടിച്ചു. പോരാട്ടം ലങ്കാഷെയര്‍ വിജയിക്കുകയും ചെയ്തു.
ലങ്കാഷെയര്‍ നിരയില്‍ വെറ്ററന്‍ താരം ജെയിംസ് ആന്‍ഡേഴ്‌സനും കളിച്ചിരുന്നു. 42കാരന്‍ ഈയടുത്താണ് കൗണ്ടി പോരിലേക്ക് തിരിച്ചെത്തിയത്. പിന്നാലെയാണ് പരിമിത ഓവറില്‍ കളിച്ചത്. മത്സരത്തില്‍ 17 റണ്‍സ് മാത്രം വഴങ്ങി ആന്‍ഡേഴ്‌സന്‍ 3 വിക്കറ്റും സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
