ഒസ്‌ലോ: മുന്‍ ലോക ചെസ് ചാംപ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ നോര്‍വെയുടെ മാഗ്നസ് കാള്‍സനെ നിലവിലെ ലോക ചാംപ്യനും ഇന്ത്യന്‍ താരവുമായ ഡി ഗുകേഷ് പരാജയപ്പെടുത്തിയിരുന്നു (D Gukesh- Magnus Carlsen). അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്റെ നിരാശയില്‍ മത്സരം കഴിഞ്ഞ ഉടനെ കാള്‍സന്‍ ചെസ് ബോര്‍ഡ് വച്ച മേശയില്‍ അടിച്ച് തന്റെ ദേഷ്യം തീര്‍ത്തത് വലിയ വിവാദമായി. ക്ലാസിക്കല്‍ ചെസില്‍ ഇതാദ്യമായാണ് ഗുകേഷ് കാള്‍സനെ വീഴ്ത്തുന്നത്.
സംഭവം വിവാദമായതിനു പിന്നാലെ കാള്‍സന്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. വിഷയം വലിയ കാര്യമാക്കേണ്ടതില്ലെന്ന നിലപാടുമായി ഗുകേഷും പ്രതികരിച്ചു.
നേര്‍വെ ചെസ് പോരാട്ടത്തിന്റെ ആറാം റൗണ്ടിലാണ് ഗുകേഷ് കാള്‍സനെ വീഴ്ത്തിയത്. പിന്നാലെയാണ് താരത്തിന്റെ അപ്രതീക്ഷിത പെരുമാറ്റം. ടേബിളിലെ ശക്തമായ ഇടിയില്‍ ചില ചെസ് കരുക്കള്‍ താഴെ വീണതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ വിഡിയോ വൈറലായി മാറിയിരുന്നു. കാള്‍സന്റെ അപ്രതീക്ഷിതമായ നീക്കത്തില്‍ ഗുകേഷ് ഒരുവേള ഞെട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഗുകേഷിനെതിരെ കാള്‍സന്റെ വിജയം മത്സരത്തിനു മുന്‍പു തന്നെ പ്രവചിക്കപ്പെട്ടിരുന്നു. മത്സരത്തില്‍ തുടക്കം മുതല്‍ കാള്‍സനു തന്നെയായിരുന്നു ആധിപത്യവും. എന്നാല്‍ എതിരാളിയുടെ അപ്രതീക്ഷിത പിഴവ് മുതലെടുക്കാനുള്ള ഗുകേഷിന്റെ സവിശേഷ ശ്രദ്ധ ലോക ഒന്നാം നമ്പര്‍ താരത്തിന്റെ കണക്കുകൂട്ടല്‍ അപ്പാടെ തെറ്റിച്ചു.
പിന്നാലെയാണ് താരം ശക്തിയായി മേശയില്‍ അടിച്ച് തന്റെ അരിശം തീര്‍ത്തത്. മത്സര വേദികളില്‍ പൊതുവേ ശാന്തനായി കളിക്കുന്ന താരമാണ് കാള്‍സന്‍. താരത്തിന്റെ അപ്രതീക്ഷിത പെരുമാറ്റത്തിന്റെ വിഡിയോ അതിവേഗമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
സംഭവത്തില്‍ താരം രണ്ട് തവണ ഗുകേഷിനടുത്തെത്തി ഖേദം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മത്സര വേദി വിടും മുന്‍പ് ഗുകേഷിനെ പുറത്തു തട്ടി അഭിനന്ദിക്കാനും കാള്‍സന്‍ മറന്നില്ല.
മത്സരത്തില്‍ തോല്‍ക്കുമ്പോള്‍ തനിക്കും ഇത്തരം നിരാശകളുണ്ടാകാറുണ്ടെന്നായിരുന്നു ഗുകേഷ് പ്രതികരിച്ചത്. കാള്‍സനെതിരായ വിജയം തന്റെ ഭാഗ്യം കൊണ്ടാണെന്നു ഗുകേഷ് പറയുന്നു. 100 കളിയില്‍ 99 മത്സരങ്ങളും കാള്‍സനോടു താന്‍ തോറ്റതാണ്. ഈയൊരു ദിവസം ഭാഗ്യം തനിക്കൊപ്പം നിന്നുവെന്നും ലോക ചാംപ്യന്‍ പ്രതികരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ