
അഹമ്മദാബാദ്: 11 വര്‍ഷങ്ങള്‍ക്കു ശേഷം ഐപിഎല്‍ ഫൈനലിലേക്ക് പഞ്ചാബ് കിങ്‌സ് (PBKS) മുന്നേറിയത് ചരിത്ര നേട്ടത്തോടെ. മുംബൈ ഇന്ത്യന്‍സിനെതിരായ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ 204 റണ്‍സ് വിജയ ലക്ഷ്യം 19 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 207 റണ്‍സെടുത്ത് പഞ്ചാബ് മറികടന്നപ്പോള്‍ പുതിയൊരു റെക്കോര്‍ഡും പിറന്നു.
ഐപിഎല്‍ പ്ലേ ഓഫ് (നോക്കൗട്ട്) ഘട്ടത്തില്‍ ഒരു ടീം ചെയ്‌സ് ചെയ്തു വിജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡുമായാണ് ഇടവേളയ്ക്കു ശേഷമുള്ള പഞ്ചാബിന്റെ ഫൈനല്‍ പ്രവേശം. മുംബൈ ഇന്ത്യന്‍സിനെതിരെ ഒരു ടീം 200 പ്ലസ് സ്‌കോര്‍ ചെയ്‌സ് ചെയ്ത് പിടിക്കുന്നതും ആദ്യമാണ്. ഐപിഎല്ലില്‍ ഇത് എട്ടാം തവണയാണ് പഞ്ചാബ് 200 പ്ലസ് സ്‌കോറുകള്‍ ചെയ്‌സ് ചെയ്ത് വിജയിക്കുന്നത്. മറ്റൊരു ടീമിനും ഈ നേട്ടമില്ല.
ഐപിഎല്ലില്‍ മാത്രമല്ല ടി20 ക്രിക്കറ്റിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍സ് ചെയ്‌സിന്റെ റെക്കോര്‍ഡും പഞ്ചാബിന്റെ പേരില്‍ തന്നെ. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ കഴിഞ്ഞ സീസണില്‍ പഞ്ചാബ് 262 റണ്‍സ് പിന്തുടര്‍ന്നു വിജയിച്ചിരുന്നു. അന്ന് ജോണി ബെയര്‍സ്‌റ്റേയുടെ സെഞ്ച്വറിയും പ്രഭ്‌സിമ്രാന്‍ സിങ്, ശശാങ്ക് സിങ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ടി20 ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോര്‍ പിന്തുടരല്‍ വിജയത്തിലേക്ക് പഞ്ചാബിനെ നയിച്ചത്.
ഈ സീസണില്‍ മാത്രം പഞ്ചാബ് ഇത് ഒന്‍പതാം തവണയാണ് 200 പ്ലസ് സ്‌കോറുകള്‍ നേടുന്നത്. ഒരു ടി20 ടൂര്‍ണമന്റില്‍ മറ്റൊരു ടീമും ഒറ്റ സീസണില്‍ ഇത്രയും തവണ 200നു മുകളില്‍ സ്‌കോര്‍ ചെയ്തിട്ടില്ല.
ഈ സീസണില്‍ മൊത്തം മത്സരങ്ങളില്‍ 9ാം മത്സരങ്ങള്‍ 200നു മുകളില്‍ സ്‌കോര്‍ പിന്തുടര്‍ന്നു വിജയിച്ചിട്ടുണ്ട്. ഇതും റെക്കോര്‍ഡാണ്. ഒരു ടൂര്‍ണമെന്റിന്റെ സിംഗിള്‍ എഡിഷനില്‍ ഇത്രയും റണ്‍സ് പിന്തുടര്‍ന്നു വിജയങ്ങള്‍ ആദ്യമാണ്.
മുംബൈ ഇന്ത്യന്‍സിനെതിരായ റെക്കോര്‍ഡ് റണ്‍സ് പിന്തുടരല്‍ വിജയത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ഉജ്ജ്വല ബാറ്റിങ് നിര്‍ണായകമായി. 41 പന്തുകള്‍ നേരിട്ട് 8 സിക്‌സും 5 ഫോറും സഹിതം അയ്യര്‍ 87 റണ്‍സുമായി പുറത്താകാതെ നിന്നു. അശ്വനി കുമാറിന്റെ 19ാം ഓവറിലെ അവസാന പന്ത് സിക്‌സര്‍ തൂക്കിയാണ് ശ്രേയസ് പഞ്ചാബിന്റെ റെക്കോര്‍ഡ് ജയം ഉറപ്പിച്ചത്. 5 വിക്കറ്റ് ജയമാണ് പഞ്ചാബ് പിടിച്ചത്.
ശ്രേയസിനൊപ്പം നേഹല്‍ വധേരയും തിളങ്ങി. താരം 29 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 48 റണ്‍സെടുത്തു. ജോഷ് ഇംഗ്ലിസിന്റെ ബാറ്റിങും നിര്‍ണായകമായി. താരം 21 പന്തില്‍ 38 റണ്‍സ് അടിച്ചു. 2 സിക്‌സും 5 ഫോറും ഇംഗ്ലിസ് പറത്തി. ഓപ്പണര്‍ പ്രിയാംശ് ആര്യ 10 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 20 റണ്‍സും അടിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ