
ലോര്‍ഡ്‌സ്: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോരാട്ടത്തിന്റെ ഫൈനലിന് ഇനി ദിവസങ്ങള്‍ മാത്രം. ഈ മാസം 11 മുതലാണ് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഫൈനല്‍ പോരാട്ടം. ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സിലാണ് മത്സരം.
ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും (Pat Cummins) ഓപ്പണര്‍ ഉസ്മാന്‍ ഖവാജയും ടെസ്റ്റ് ക്രിക്കറ്റിലെ നാഴികക്കല്ലിന്റെ വക്കിലാണ്. ഒപ്പം ഓസ്‌ട്രേലിയന്‍ ടീമും ഒരു നേട്ടത്തിന്റെ അരികിലാണ്. പ്രോട്ടീസിനെ വീഴ്ത്തി കിരീടം നേടിയാല്‍ ചാംപ്യന്‍ പട്ടം നിലനിര്‍ത്തുന്ന ആദ്യ ടീമായി ഓസീസ് മാറും.
6000 റണ്‍സ്
ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സര്‍ക്കിളില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഓസീസ് താരം. 19 ടെസ്റ്റുകളില്‍ നിന്നു 1,422 റണ്‍സാണ് താരം നേടിയിട്ടുള്ളത്. 37 ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്തു. 41.82 ആണ് ആവറേജ്. 2 സെഞ്ച്വറികളും 6 അര്‍ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്.
ടെസ്റ്റില്‍ 6000 റണ്‍സിനരികിലാണ് താരം. നിലവില്‍ 5,930 റണ്‍സാണ് ഖവാജ കരിയറില്‍ ആകെ ടെസ്റ്റില്‍ നേടിയിട്ടുള്ളത്. 6000 തികയ്ക്കാന്‍ ഇനി വേണ്ടത് 70 റണ്‍സ് കൂടി. 80 ടെസ്റ്റുകളാണ് താരം കളിച്ചത്. 45.61 ആണ് ആവറേജ്. 144 ഇന്നിങ്‌സുകളില്‍ നിന്നു 16 സെഞ്ച്വറികളും 27 അര്‍ധ സെഞ്ച്വറികളും ടെസ്റ്റ് കരിയറിലുണ്ട്. 232 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
300 വിക്കറ്റുകള്‍
ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റുകളെന്ന നേട്ടത്തിനരികിലാണ് ഓസീസ് നായകന്‍ കമ്മിന്‍സ്. 300 അതില്‍ കൂടുതല്‍ വിക്കറ്റെടുക്കുന്ന എട്ടാമത്തെ ഓസീസ് ബൗളരും ആറാമത്തെ ഓസീസ് പേസറുമെന്ന പെരുമയാണ് നേട്ടത്തിലെത്തിയാല്‍ കമ്മിന്‍സ് സ്വന്തമാക്കുക. നിലവില്‍ 294 വിക്കറ്റുകള്‍ താരത്തിനുണ്ട്. ഇനി വേണ്ടത് 6 വിക്കറ്റുകള്‍ കൂടി. 23 റണ്‍സ് വഴങ്ങി 6 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ടെസ്റ്റിലെ മികച്ച പ്രകടനം. 13 തവണ അഞ്ച് വിക്കറ്റ് നേട്ടം. 2 തവണ പത്ത് വിക്കറ്റ് നേട്ടവുമുണ്ട്.
നിലവിലെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സീസണില്‍ 73 വിക്കറ്റുകള്‍ കമ്മിന്‍സ് വീഴ്ത്തി. 17 ടെസ്റ്റുകളില്‍ നിന്നാണ് നേട്ടം. സീസണില്‍ 5 വിക്കറ്റ് നേട്ടം അഞ്ച് തവണ സ്വന്തമാക്കി. 91 റണ്‍സ് വഴങ്ങി 6 വിക്കറ്റെടുത്തതാണ് ഇന്നിങ്‌സിലെ മികച്ച ബൗളിങ്. മൊത്തം ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ചരിത്രമെടുത്താല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍മാരുടെ പട്ടികയില്‍ കമ്മിന്‍സ് 200 വിക്കറ്റുകളുമായി രണ്ടാമതുണ്ട്. ഓസീസിന്റെ സ്പിന്‍ ഇതിഹാസം നതാന്‍ ലിയോണാണ് പട്ടികയില്‍ മുന്നില്‍. താരത്തിനു 210 വിക്കറ്റുകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ