
കൊല്‍ക്കത്ത: ആകാംക്ഷയ്ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അവരുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. വെറ്ററന്‍ ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെ നിലവിലെ ചാംപ്യന്‍മാരെ ഈ സീസണിലെ ഐപിഎല്ലില്‍ നയിക്കും. വെങ്കടേഷ് അയ്യര്‍ വൈസ് ക്യാപ്റ്റനാകും.
എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ടീം പുതിയ ക്യാപ്റ്റനേയും വൈസ് ക്യാപ്റ്റനേയും പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണില്‍ ടീമിനെ കിരീട വിജയത്തിലേക്ക് നയിച്ച ശ്രേയസ് അയ്യരെ ഇത്തവണ മെഗാ ലേലത്തില്‍ പഞ്ചാബ് കിങ്‌സ് കോടികള്‍ എറിഞ്ഞ് സ്വന്തമാക്കിയിരുന്നു. ശ്രേയസാണ് പഞ്ചാബിന്റെ പുതിയ ക്യാപ്റ്റന്‍.
രണ്ട് സീസണുകളായി ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കളിച്ച ശേഷമാണ് ഈ സീസണില്‍ രഹാനെ വീണ്ടും കൊല്‍ക്കത്ത ടീമിലേക്ക് മടങ്ങി എത്തിയത്. 2022 സീസണില്‍ കെകെആറില്‍ അംഗായിരുന്നു രഹാനെ. 7 മത്സരങ്ങള്‍ ടീമിനായി കളിച്ച താരം ആ സീസണില്‍ 133 റണ്‍സും നേടി.
ക്യാപ്റ്റനെന്ന നിലയിലും ഐപിഎല്ലില്‍ ഏറെ മത്സര പരിചയമുള്ള താരമാണ് രഹാനെ. 2018, 19 സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചത് രഹാനെയായിരുന്നു. രഞ്ജി ട്രോഫിയില്‍ മുംബൈ ടീമിന്റെ നായകനായ രഹാനെ വിരാട് കോഹ്‌ലി ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു.
ഇത്തവണ ലേലത്തില്‍ വിട്ട വെങ്കടേഷ് അയ്യരെ 23.75 കോടിയ്ക്കാണ് കെകെആര്‍ തിരികെ ടീമിലെത്തിച്ചത്. താരം ക്യാപ്റ്റനാകുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അജിന്‍ക്യ രഹാനെയുടെ പരിചയ സമ്പത്താണ് താരത്തിനു നയിക്കാനുള്ള തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക