
ദുബായ്: ചാംപ്യന്‍സ് ട്രോഫി സെമി ചിത്രം തെളിഞ്ഞു. കരുത്തരായ നാല് ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്ന എന്നതാണ് സെമിയുടെ സവിശേഷത. ഇന്ത്യ- ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക- ന്യൂസിലന്‍ഡ് ടീമുകളാണ് അവസാന നാലില്‍ വരുന്നത്. അതില്‍ തന്നെ ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നത് ഇന്ത്യ- ഓസീസ് പോരാട്ടമാണ്. ഐസിസി ഏകദിന പോരാട്ടത്തില്‍ ഇന്ത്യ അവസാനമായി ഓസ്‌ട്രേലിയക്കെതിരെ നോക്കൗട്ട് മത്സരം ജയിച്ചത് 2011ലാണ്. അതിനു ശേഷം ഇന്നുവരെ വിജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ആ റെക്കോര്‍ഡ് മറികടക്കേണ്ട ഭാരം കൂടി രോഹിതിനും സംഘത്തിനുമുണ്ട്.
ഇത്തവണ ഇന്ത്യക്ക് അനുകൂലമാണ് കാര്യങ്ങള്‍. ദുബായ് വേദിയും സ്പിന്‍ കരുത്തുമാണ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നത്. പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഇല്ലാതെയാണ് ഓസീസ് കളിക്കുന്നത്. എങ്കിലും അവരെ ആരും എഴുതി തള്ളില്ല. പ്രത്യേകിച്ച് ഐസിസി പോരാട്ടങ്ങളില്‍ അവര്‍ പ്രകടിപ്പിക്കുന്ന പ്രൊഫഷണലിസത്തിന്റെ കാര്യത്തില്‍. നിലവില്‍ ഇംഗ്ലണ്ടിനെതിരായ ഒറ്റ മത്സരം മാത്രമാണ് ഓസ്‌ട്രേലിയ മുഴുവന്‍ കളിച്ചത്. ബാക്കി രണ്ട് മത്സരങ്ങളും മഴയെ തുടര്‍ന്നു ഉപേക്ഷിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരെ അവര്‍ കൂറ്റന്‍ സ്‌കോര്‍ ചെയ്‌സ് ചെയ്തു വിജയിച്ചിരുന്നു. ഈ പ്രകടനം മാത്രം മതി ഐസിസി പോരാട്ടത്തിലെ അവരുടെ മികവ് സാധൂകരിക്കാന്‍.
ഇന്ത്യക്ക് നിരവധി കണക്കുകള്‍ തീര്‍ക്കാനുണ്ട്. 2015ലെ ഏകദിന ലോകകപ്പ് സെമി ഫൈനല്‍, 2023ലെ ഏകദിന ലോകകപ്പിന്റെ ഫൈനല്‍, 2023ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകളില്‍ ഇന്ത്യ ഓസ്‌ട്രേലിയക്ക് മുന്നില്‍ വീഴുകയായിരുന്നു. ഈ തോല്‍വികളുടെ കണക്ക് തീര്‍ത്തി ഫൈനലിലേക്ക് മുന്നേറുകയെന്ന കടമ്പയാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
ചാംപ്യന്‍സ് ട്രോഫി ടീം സെലക്ഷനില്‍ 5 സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താനുള്ള ഇന്ത്യന്‍ ടീമിന്റെ തീരുമാനത്തെ പലരും വലിയ വിമര്‍ശനമായി ഉന്നയിച്ചിരുന്നു. എന്നാല്‍ ദുബായിലെ സ്ലോ പിച്ചില്‍ ഇന്ത്യയുടെ മാസ്റ്റര്‍ സ്‌ട്രോക്കായി സ്പിന്നര്‍മാര്‍ മാറുന്ന കാഴ്ചയാണ്.
ന്യൂസിലന്‍ഡിനെതിരായ അവസാന പോരാട്ടത്തില്‍ കിവികള്‍ക്കു നഷ്ടമായ 10ല്‍ 9 വിക്കറ്റുകളും വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ സ്പിന്‍ സംഘം പങ്കിട്ടു.
ഓസീസ് നിരയില്‍ ആദം സാംപ മാത്രമാണ് സ്‌പെഷലിസ്റ്റ് സ്പിന്നര്‍. ഗ്ലെന്‍ മാക്‌സ്‌വെല്‍, ട്രാവിസ് ഹെഡ് എന്നിവര്‍ പാര്‍ട്ട് ടൈം സ്പിന്നര്‍മാരും ടീമിലുണ്ട്. മൂവര്‍ക്കും മികവ് കാണിക്കാന്‍ സാധിച്ചാല്‍ മാത്രമേ നിലവിലെ ദുബായ് സാഹചര്യത്തില്‍ ഓസീസിനു മുന്നിലെത്താന്‍ സാധിക്കു. സ്പിന്‍ ആനുകൂല്യത്തില്‍ നിലവില്‍ നേരിയ മുന്‍തൂക്കം ഇന്ത്യക്കുണ്ട്.
നിലവില്‍ ഓസ്‌ട്രേലിയയുടെ ബൗളിങ് യൂണിറ്റ് അത്ര മികവില്‍ അല്ല. ബാറ്റര്‍മാരുടെ മികവാണ് ഇംഗ്ലണ്ടിനെതിരെ അവരെ വിജയിപ്പിച്ചത്. ഓസീസിനെതിരെ അഫ്ഗാനിസ്ഥാന്‍ 273 റണ്‍സ് എടുത്തിരുന്നു. പിന്നീട് ഓസ്‌ട്രേലിയ ബാറ്റിങ് തുടരുന്നതിനിടെയാണ് മഴ വന്ന് കളി ഉപേക്ഷിച്ചത്.
രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ അടക്കമുള്ള ബാറ്റര്‍മാര്‍ അവസരത്തിനൊത്തു ഉയര്‍ന്നാല്‍ ഇന്ത്യക്ക് അനായാസം ജയിച്ചു കയറാമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യക്ക് എല്ലാ കാലത്തും തലവേദനയായി നിന്ന ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡാണ്. താരം നിലവില്‍ ഫോമില്‍ അല്ല. എങ്കിലും എത്രയും വേഗം ഹെഡിനെ മടക്കാനുള്ള ശ്രമം ഇന്ത്യ നടത്തും. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഫോമിലെത്തിയിട്ടില്ല. എങ്കിലും ഇരുവരുടേയും മികവില്ലാതെ തന്നെ ഇംഗ്ലണ്ടിനെതിരെ ഓസീസ് അനായാസം സ്‌കോര്‍ പിന്തുടര്‍ന്നു ജയിച്ചത് ഇന്ത്യ കാര്യമായി തന്നെ നോട്ട് ചെയ്ത കാര്യമാണ്. എന്തായാലും ആരാധകരെ കാത്തിരിക്കുന്നത് സൂപ്പര്‍ ഹെവി പോരാട്ടമാണെന്നു ഉറപ്പ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക