
മാഡ്രിഡ്: പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ വന്‍ മുന്നേറ്റം നടത്തിയ ബാഴ്‌സലോണ ടീമില്‍ അംഗമായിരുന്നു ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. പിന്നീട് പിഎസ്ജിയിലേക്കും സൗദി ക്ലബ് അല്‍ ഹിലാലിലേക്കും പോയ നെയ്മര്‍ നിലവില്‍ ബാല്യകാല ക്ലബായ ബ്രസീല്‍ ടീം സാന്റോസിലാണ് കളിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നെയ്മര്‍ ബാഴ്‌സലോണയിലേക്ക് മടങ്ങി വരുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. വിഷയത്തില്‍ നിജസ്ഥിതി പറയുകയാണ് ബാഴ്‌സലോണ സ്‌പോർട്ടിങ് ഡയറക്ടര്‍ ഡെക്കോ.
'കഴിഞ്ഞ 10-20 വര്‍ഷത്തെ ഫുട്‌ബോള്‍ ചരിത്രമെടുത്താല്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് നെയ്മര്‍ എന്നു നിസംശയം പറയാം. നിലവിലും അദ്ദേഹം പ്രതിഭാസമായി തുടരുന്നു. ഞാന്‍ അദ്ദേഹത്തെ വല്ലാതെ ആരാധിക്കുകയും ചെയ്യുന്നു.'
'നിലവിലെ ബാഴ്‌സലോണ സാഹചര്യത്തില്‍ നെയ്മറെ എത്തിക്കാനുള്ള ആലോചന ഇല്ല. സാമ്പത്തികം മാത്രമല്ല അതിന്റെ ഘടകം. അദ്ദേഹം സാന്റോസില്‍ സംതൃപ്തനാണ്. അദ്ദേഹം ആസ്വദിച്ചു തന്നെ കളിക്കുന്നു. മാത്രമല്ല ബ്രസീല്‍ ദേശീയ ടീമിനു അദ്ദേഹത്തെ വേണം.'
'ബാഴ്‌സലോണ അടുത്ത സീസണിനെ കുറിച്ചു ഇപ്പോള്‍ ആലോചിച്ചിട്ടില്ല. ക്ലബിനെ സംബന്ധിച്ചു അനവധി വിഷയങ്ങള്‍ പരിഗണനയിലുണ്ട്. നെയ്മര്‍ സുപ്രധാന താരമാണ് സംശയമില്ല. പക്ഷേ ഒരു ഫുട്‌ബോള്‍ ടീമിനെ പടുത്തുയര്‍ത്താന്‍ നല്ല പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ട്.'
'ക്ലബിനെ സംബന്ധിച്ചു നെയ്മര്‍ പ്രധാനപ്പെട്ട ഞങ്ങളുടെ താരങ്ങളില്‍ ഒരാളായിരുന്നു. ധാരാളം കിരീട നേട്ടങ്ങളും അദ്ദേഹത്തിനു ഇവിടെയുണ്ട്. എന്നാല്‍ പഴയ കാര്യങ്ങളെല്ലാം അദ്ദേഹം തിരിച്ചെത്തിയാല്‍ ആവര്‍ത്തിക്കുമെന്നു ഉറപ്പില്ല. ആവാര്‍ത്തിച്ചു കൂടായ്കയും ഇല്ല. ആര്‍ക്കും ഇതൊന്നും പ്രവചിക്കാന്‍ സാധിക്കില്ലല്ലോ.'
'അദ്ദേഹം ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുന്നതു സംബന്ധിച്ചു അഭിപ്രായം പറയേണ്ട സമയമല്ല ഇപ്പോള്‍. അദ്ദേഹവും അതിനെ കുറിച്ചു ചിന്തിക്കുന്നുണ്ടെന്നു എനിക്ക് തോന്നുന്നില്ല. നിലവില്‍ അദ്ദേഹം സന്തോഷവാനാണോ. അതാണ് പ്രധാനം'- ഡെക്കോ അഭ്യൂഹങ്ങള്‍ സംബന്ധിച്ചു വ്യക്തത വരുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക