
ഹൈദരാബാദ്: പരിക്കേറ്റ് പുറത്തായ ഇംഗ്ലണ്ട് താരം ബ്രയ്ഡന്‍ കര്‍സിനു പകരം ദക്ഷിണാഫ്രിക്ക ഓള്‍ റൗണ്ടര്‍ വിയാന്‍ മള്‍ഡറെ സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഈ മാസം ആരംഭിക്കുന്ന പുതിയ സീസണില്‍ മള്‍ഡര്‍ ടീമിനായി ഇറങ്ങും.
ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിനിടെയാണ് ഇംഗ്ലണ്ട് താരത്തിനു പരിക്കേറ്റത്. കാലിനേറ്റ പരിക്കാണ് താരത്തിനു വിനയായത്. കര്‍സിനു പകരം ചാംപ്യന്‍സ് ട്രോഫി ടീമില്‍ രഹാന്‍ അഹമദിനെ ഇംഗ്ലണ്ട് ഉൾപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഐപിഎല്ലിലും കര്‍സിനു അവസരം നഷ്ടമായത്.
അടിസ്ഥാന വിലയായ ഒരു കോടി മുടക്കിയാണ് മെഗാ ലേലത്തില്‍ എസ്ആര്‍എച് കര്‍സിനെ സ്വന്തമാക്കിയത്. ലേലത്തില്‍ പക്ഷേ മള്‍ഡറെ ആരും വിളിച്ചെടുത്തിരുന്നില്ല. 75 ലക്ഷത്തിനാണ് നിലവില്‍ മള്‍ഡര്‍ കര്‍സിന്റെ പകരക്കാരനായി ടീമിലെത്തുന്നത്.
11 ടി20 മത്സരങ്ങളും 25 ഏകദിനങ്ങളും 18 ടെസ്റ്റ് മത്സരങ്ങളും താരം പ്രോട്ടീസിനായി കളിച്ചിട്ടുണ്ട്. 60 വിക്കറ്റും 970 റണ്‍സുമാണ് നേട്ടം.
ചാംപ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനമാണ് മള്‍ഡര്‍ പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കൂടുതല്‍ വിക്കറ്റെടുത്ത താരം മള്‍ഡറാണ്. ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ 7.2 ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തതാണ് താരത്തിന്റെ മികച്ച പ്രകടനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക