
ദുബായ്: ചാംപ്യന്‍സ് ട്രോഫി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യയോടു തോറ്റ സാഹചര്യത്തില്‍ ഫൈനലില്‍ ടോസ് നിര്‍ണായകമെന്ന് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍. ഈ മാസം 9നാണ് ഇന്ത്യ- ന്യൂസിലന്‍ഡ് ചാംപ്യന്‍സ് ട്രോഫി ഫൈനല്‍. ഇന്ത്യ ഓസ്‌ട്രേലിയേയും ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയേയും വീഴ്ത്തിയാണ് ഫൈനലിലേക്ക് മുന്നേറിയത്.
ഫൈനലില്‍ ടോസ് കിട്ടാനാണ് താന്‍ അഗ്രഹിക്കുന്നതെന്നും ഇന്ത്യയെ അങ്ങനെ സമ്മര്‍ദ്ദത്തിലാക്കാമെന്നും സാന്റ്‌നര്‍ പറയുന്നു.
'ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടിയത് നന്നായി. നല്ല പ്രകടനമാണ് ടീം സെമിയില്‍ പുറത്തെടുത്തത്. വിശ്രമം കഴിഞ്ഞ് ദുബായില്‍ ഞങ്ങള്‍ ഇന്ത്യയെ നേരിടും. നേരത്തെ ഇന്ത്യയോടു പോരാടിയത് അനുഭവമാണ്. എന്താണ് പ്രവര്‍ത്തിച്ചത് പ്രവര്‍ത്തിക്കാതിരുന്നത് എല്ലാം വിശകലനം ചെയ്യാനുള്ള സമയമുണ്ട്. അതിനാല്‍ ടോസ് ഒരു ഘടകമായിരിക്കും ഫൈനലില്‍'- സാന്റ്‌നര്‍ പറഞ്ഞു.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ 249ല്‍ ഒതുക്കാന്‍ കിവികള്‍ക്കായിരുന്നു. എന്നാല്‍ മിന്നും ബൗളിങുമായി വരുണ്‍ ചക്രവര്‍ത്തി കളം വാണു. ഏകദിനത്തിലെ കന്നി 5 വിക്കറ്റ് നേട്ടവുമായി വരുണിന്റെ സ്പിന്‍ ന്യൂസിലന്‍ഡ് ബാറ്റിങ് നിരയെ കറക്കി വീഴ്ത്തി. അവരുടെ പോരാട്ടം 205 റണ്‍സില്‍ അവസാനിച്ചു. 44 റണ്‍സ് വിജയമാണ് ഇന്ത്യ കിവികള്‍ക്കെതിരെ നേടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക