

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ടീം ഓഫ് ദി ടൂര്‍ണമെന്റിനെ തിരഞ്ഞെടുത്ത് ഐസിസി. റണ്ണേഴ്‌സ് അപ്പായെങ്കിലും ചാംപ്യന്‍സ് ട്രോഫിയിലുടനീളം ടീമിനെ ഉജ്ജ്വലമായി നയിച്ച ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറാണ് ഐസിസി ടീമിന്റെയും ക്യാപ്റ്റന്‍. കിരീട ജേതാക്കളായ ഇന്ത്യന്‍ ടീമില്‍ നിന്നു ആറ് പേരാണ് ടീമിലുള്ളത്. രണ്ടാം സ്ഥാനത്തെത്തിയ ന്യൂസിലന്‍ഡ് ടീമില്‍ നിന്നു നാല് പേരും ടീമിലുണ്ട്. 12 അംഗ സംഘത്തെയാണ് ഐസിസി തിരഞ്ഞെടുത്തത്. ശേഷിക്കുന്ന രണ്ട് താരങ്ങള്‍ അഫ്ഗാന്‍ ടീമില്‍ നിന്നാണ്.
വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ടീമിലെ ഇന്ത്യന്‍ താരങ്ങള്‍. ക്യാപ്റ്റന്‍ സാന്റ്‌നര്‍ക്കു പുറമെ ന്യൂസിലന്‍ഡ് ടീമില്‍ നിന്നു രചിന്‍ രവീന്ദ്ര, മാറ്റ് ഹെന്റി, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരാണ് ഇലവനിലെത്തിയത്. അഫ്ഗാനിസ്ഥാന്‍ താരങ്ങളായ ഇബ്രാഹിം സാദ്രാന്‍, അസ്മതുല്ല ഒമര്‍സായ് എന്നിവരാണ് ടീമിലെ മറ്റ് രണ്ടംഗങ്ങള്‍.
ഇബ്രാഹിം സാദ്രാനും രചിന്‍ രവീന്ദ്രയുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. രചിന്‍ രവീന്ദ്ര ടൂര്‍ണമെന്റില്‍ രണ്ട് സെഞ്ച്വറിയടക്കം അടിച്ചെടുത്തത് 263 റണ്‍സ്. ബംഗ്ലാദേശിനെതിരെ രചിന്‍ 112 റണ്‍സും ദക്ഷിണാഫ്രിക്കക്കെതിരെ 108 റണ്‍സും താരം സ്വന്തമാക്കി.
23 കാരനായ അഫ്ഗാന്‍ താരം ഇബ്രാഹിം സാദ്രാന്‍ ചാംപ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ അടിച്ചെടുത്താണ് ശ്രദ്ധേയനായത്. താരം ഇംഗ്ലണ്ടിനെതിരെ നേടിയ 177 റണ്‍സ് ഏകദിനത്തിലെ മികച്ച ഇന്നിങ്‌സുകളിലൊന്നായി വിലയിരുത്തപ്പെട്ടു.
മൂന്നാം നമ്പറില്‍ കോഹ്‌ലിയാണ്. സമീപ കാലത്തെ ഫോം ഔട്ടുകളെയെല്ലാം കുടഞ്ഞെറിഞ്ഞ് പഴയ മികവിലേക്ക് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വന്നു എന്നതാണ് ചാംപ്യന്‍സ് ട്രോഫി കിരീടത്തിലേക്കുള്ള വഴി ഇന്ത്യക്ക് എളുപ്പം കാരണമായതില്‍ ഒന്ന്. ഒരു സെഞ്ച്വറിയും സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ നിര്‍ണായക 84 റണ്‍സും ചെയ്‌സിങ് മാസ്റ്ററെന്ന താരത്തിന്റെ വിളിപ്പേര് അന്വര്‍ഥമാക്കുന്ന ഇന്നിങ്‌സായിരുന്നു. 218 റണ്‍സാണ് ടൂര്‍ണമെന്റില്‍ കോഹ്‌ലി നേടിയത്.
മധ്യനിരയില്‍ ശ്രേയസ് അയ്യരും കെഎല്‍ രാഹുലുമാണ് ബാറ്റിങിനെത്തുക. രണ്ട് അര്‍ധ സെഞ്ച്വറികളടക്കം ശ്രേയസ് ടൂര്‍ണമെന്റില്‍ 243 റണ്‍സ് അടിച്ചു. രാഹുല്‍ സെമി ഫൈനലിലും ഫൈനലിലും പുറത്താകാതെ നേടിയ 42, 34 സ്‌കോറുകള്‍ ഇന്ത്യയുടെ കിരീട നേട്ടത്തില്‍ അതി നിര്‍ണായകമായ രണ്ട് ബാറ്റിങ് പ്രകടനങ്ങളായി മാറി.
ബാറ്റിങിലും ഫീല്‍ഡിങിലും തിളങ്ങിയ ന്യൂസിലന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്‌സാണ് ആറാം നമ്പറിലെ താരം. ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കാന്‍ ഫിലിപ്‌സ് ഫൈനലില്‍ എടുത്ത മുഴുനീളെ ഡൈവ് ചെയ്‌തെടുത്ത ക്യാച്ച് മാത്രം മതി താരത്തിന്റെ ഫീല്‍ഡിങ് മികവ് അടയാളപ്പെടുത്താന്‍. പാകിസ്ഥാനെതിരെ അര്‍ധ സെഞ്ച്വറിയും ദക്ഷിണാഫ്രിക്കക്കെതിരായ സെമിയില്‍ നിര്‍ണായക 49 റണ്‍സും ഫിലിപ്‌സ് ബാറ്റ് ചെയ്തും സ്വന്തമാക്കി.
ഇന്ത്യയുടെ അക്ഷര്‍ പട്ടേലിനും ഈ ടൂര്‍ണമെന്റ് അവിസ്മരണീയമായി. സ്ഥാനക്കയറ്റം കിട്ടി ബാറ്റിങിനിറക്കിയപ്പോള്‍ താരം അമ്പരപ്പിക്കുന്ന രീതിയിലാണ് കളിച്ചത്. മികച്ച ഇന്നിങ്‌സുകളുമായി അക്ഷര്‍ പ്രതീക്ഷ കാത്തു. ഒപ്പം ബൗളിങിലും മികവു പുലര്‍ത്തി.
9 വിക്കറ്റുകള്‍ വീഴ്ത്തിയാണ് കിവി ക്യാപ്റ്റന്‍ ശ്രദ്ധേയനായത്. മാത്രമല്ല ടൂര്‍ണമെന്റില്‍ ടീമിനു നിര്‍ണായക സമയത്ത് വിക്കറ്റുകള്‍ സമ്മാനിക്കാനും സാന്റ്‌നര്‍ക്കു സാധിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ സാന്റ്‌നര്‍ കൈക്കൊണ്ട തീരുമാനങ്ങളും പ്രശംസിക്കപ്പെട്ടു.
ഇന്ത്യയുടെ മുഹമ്മദ് ഷമിയുടെ തിരിച്ചു വരവിനും ടൂര്‍ണമെന്റ് സാക്ഷിയായി. ഏകദിന ലോകകപ്പിലെ മിന്നും ബൗളിങ് പ്രകടനത്തിനു ശേഷം ഷമി പൂര്‍വ രൂപത്തില്‍ ചാംപ്യന്‍സ് ട്രോഫിയില്‍ പന്തെറിഞ്ഞു. 9 വിക്കറ്റുകളും വീഴ്ത്തി.
ഇന്ത്യയുടെ കിരീട വിജയത്തില്‍ ഏറ്റവും നിര്‍ണായകമായത് വരുണ്‍ ചക്രവര്‍ത്തിയുടെ ബൗളിങായിരുന്നു. മൂന്ന് കളികള്‍ മാത്രമേ താരം കളിച്ചുള്ളു. 9 വിക്കറ്റുകള്‍ ചക്രവര്‍ത്തി വീഴ്ത്തി. ഏകദിന കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും വരുണ്‍ ടൂര്‍ണമെന്റില്‍ സ്വന്തമാക്കി.
ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരം ന്യൂസിലന്‍ഡിന്റെ മാറ്റ് ഹെന്റിയാണ്. നിര്‍ഭാഗ്യവശാല്‍ പരിക്കിനെ തുടര്‍ന്നു താരത്തിനു ഫൈനല്‍ കളിക്കാന്‍ കഴിഞ്ഞില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates