
ധാക്ക: മുഷ്ഫിഖുര്‍ റഹീമിനു പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റിനു അടിത്തറയിട്ട തലമുറയിലെ മറ്റൊരു താരം കൂടി ദേശീയ ടീമിന്റെ പടിയിറങ്ങി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് മഹ്മുദുല്ല റിയാദ്. 18 വര്‍ഷം നീണ്ട കരിയറിനാണ് താരം വിരാമം കുറിച്ചത്. ഓള്‍ റൗണ്ടര്‍ റോളില്‍ തിളങ്ങിയ താരമാണ് മഹ്മുദുല്ല.
ഐസിസി ഇവന്റുകളില്‍ എക്കാലത്തും ബംഗ്ലാ ടീമിന്റെ വിശ്വസ്തനായിരുന്നു മഹ്മുദുല്ല. ചാംപ്യന്‍സ് ട്രോഫിക്കു പിന്നാലെയാണ് താരവും ഏകദിനം മതിയാക്കുന്നത്. ഒരു കാലഘട്ടത്തിന്റെ ബംഗ്ലാ ടീമിന്റെ പ്രതിനിധിയാണ് മഹ്മുദുല്ല. ടീമിലെ 'നിശ്ബദ കൊലയാളി'യെന്ന വിളിപ്പേരും താരത്തിനുണ്ട്. മഷ്‌റഫെ മൊര്‍താസ, തമിം ഇഖ്ബാല്‍, മുഷ്ഫിഖുര്‍ റഹീം, ഷാകിബ് അല്‍ ഹസന്‍ എന്നിവര്‍ക്കൊപ്പം മഹ്മുദുല്ലയും ചേര്‍ന്ന അഞ്ചംഗ സംഘമാണ് കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ ബംഗ്ലാ ടീമിന്റെ കരുത്തും കാതലുമായി നിന്ന താരങ്ങള്‍. ഇനി ഈ സംഘത്തില്‍ ശേഷിക്കുന്നത് ഷാകിബ് മാത്രമാണ്. താരം ടീമിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
39ാം വയസിലാണ് താരം വിരമിക്കുന്നത്. 239 ഏകദിന മത്സരങ്ങള്‍ ബംഗ്ലാദേശിനായി കളിച്ചത്. 5689 റണ്‍സ്. നാല് സെഞ്ച്വറികളും 32 അര്‍ധ സെഞ്ച്വറികളും ഏകദിനത്തില്‍ സ്വന്തമാക്കി. 128 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
50 ടെസ്റ്റില്‍ നിന്നു 2914 റണ്‍സ്. 5 സെഞ്ച്വറികളും 16 അര്‍ധ സെഞ്ച്വറികളും നേടി. 150 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 141 ടി20 മത്സരങ്ങള്‍. 2444 റണ്‍സ്. 8 അര്‍ധ സെഞ്ച്വറികള്‍. 64 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഏകദിനത്തില്‍ 82 വിക്കറ്റുകളും ടെസ്റ്റില്‍ 43 വിക്കറ്റുകളും ടി20യില്‍ 41 വിക്കറ്റുകളും നേടി. 4 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തതാണ് ഏകദിനത്തിലെ മികച്ച പ്രകടനം. ടെസ്റ്റില്‍ 51 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍. ടി20യില്‍ 10 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ മികച്ച പ്രകടനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക