
ന്യൂഡല്‍ഹി:ഐപിഎല്‍ പുതിയ സീസണിനായി പരിശീലനം ആരംഭിച്ച് നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(കെകെആര്‍). കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് പിച്ചില്‍ പൂജാ ചടങ്ങുകളോടെയാണ് ടീം ടൂര്‍ണമെന്റിന് മുമ്പുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്.
ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘവും കളിക്കാരും പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് പൂജാ ചടങ്ങുകളില്‍ പങ്കെടുത്തതിന്റെ വിഡിയോ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും ഈഡന്‍ ഗാര്‍ഡന്‍സിന്റെ പിച്ച് ക്യൂറേറ്റര്‍ സുജന്‍ മുഖര്‍ജിയും അടക്കമുള്ളവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
'ഞങ്ങള്‍ ഇതിനകം തന്നെ ഞങ്ങളുടെ പരിശീലന സെഷനുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ചാംപ്യന്‍സ് ട്രോഫി കാരണം കുറച്ച് താരങ്ങള്‍ക്ക് പരിശീല സെഷനുകള്‍ നഷ്ടമായി. പക്ഷേ പ്രധാന കളിക്കാരെല്ലാം ഇപ്പോള്‍ ഇവിടെയുണ്ട്. ഞങ്ങളുടെ സ്വന്തം മൈതാനത്തേക്ക് മടങ്ങിവരുന്നത് ഒരു മികച്ച അനുഭവമാണ്, പ്രത്യേകിച്ച് കഴിഞ്ഞ സീസണിലെ ഫോം അതേനിലയില്‍ തുടരാനും ആഗ്രഹിക്കുന്നു.' ഹെഡ് കോച്ച് പണ്ഡിറ്റ് പറഞ്ഞു. 68,000ത്തിലധികം പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഈഡന്‍ ഗാര്‍ഡന്‍സ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളില്‍ ഒന്നാണ്. ഈ സീസണിലെ കെകെആറിന്റെ എല്ലാ ഹോം മത്സരങ്ങളും ഇവിടെയാണ് നടക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക