
ജയ്പുര്‍: ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ (ഐപിഎല്‍) പുതിയ സീസണില്‍ ആദ്യ മൂന്നു മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിനെ റിയാന്‍ പരാഗ് നയിക്കും. മത്സരത്തില്‍ സഞ്ജു സാംസണ്‍ ബാറ്റിങ് ഇംപാക്ട് പ്ലയറായാകും. രാജസ്ഥാന്‍ ടീം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ സഞ്ജു സാംസണ്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൈവിരലിനേറ്റ പരിക്കിന് ശസ്ത്രക്രിയയ്ക്കു വിധേയനായ സഞ്ജു കീപ്പിങ്ങില്‍ പൂര്‍ണമായും ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടില്ല.
''പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കാത്തതിനാല്‍ ആദ്യത്തെ മൂന്നു മത്സരങ്ങളില്‍ എനിക്ക് കളിക്കാനാകില്ല. ഈ ടീമില്‍ നേതൃശേഷിയുള്ള ഒട്ടേറെ താരങ്ങളുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ടീമിലെ അന്തരീക്ഷം ഏറ്റവും മികച്ചതായി സൂക്ഷിക്കുന്നതില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തുന്ന താരങ്ങളുണ്ട്. ഇത്തവണ ആദ്യ മൂന്നു മത്സരങ്ങളില്‍ റിയാന്‍ പരാഗാകും രാജസ്ഥാനെ നയിക്കുക. എല്ലാവരും അദ്ദേഹത്തിന് ഉറച്ച പിന്തുണ നല്‍കുമെന്നാണ് എന്റെ പ്രതീക്ഷ' സഞ്ജു പറഞ്ഞു.
മുംബൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 മത്സരത്തിനിടെ ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ സഞ്ജുവിന്റെ കൈ വിരലിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും ഫിറ്റ്‌നെസ് പൂര്‍ണമായും വീണ്ടെടുത്തിട്ടില്ല. ക്യാപ്റ്റനാകുന്നതോടെ ഐപിഎല്ലില്‍ റിയാന്‍ പരാഗ് പുതിയ നേട്ടത്തിലെത്തും. വിരാട് കോഹ്ലിക്ക് ശേഷം ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന നേട്ടമാകും പരാഗ് സ്വന്തമാക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക