
ഓസ്റ്റിന്‍: അറുപതുകളുടെ അവസാനത്തിലും ഏഴുപതുകള്‍ക്കു ശേഷവും ലോക ബോക്‌സിങ് റിങുകളില്‍ ഭീതി പരത്തിയ അമേരിക്കന്‍ ഇതിഹാസ താരം ജോര്‍ജ് ഫോര്‍മാന്‍ അന്തരിച്ചു. അദ്ദേഹത്തിനു 76 വയസായിരുന്നു. കുടുംബം മരണ വാര്‍ത്ത സ്ഥിരീകരിച്ചു. രണ്ട് തവണ ലോക ഹെവി വെയ്റ്റ് ചാംപ്യനും ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവുമായിരുന്നു ജോര്‍ജ് ഫോര്‍മാന്‍. പിന്നീട് അദ്ദേഹം ബിസിനസുകാരനായും തിളങ്ങി.
ഇതിഹാസ താരം മുഹമ്മദലിയുമായി ഏറ്റുമുട്ടിയ റംബിള്‍ ഇന്‍ ദി ജംഗിള്‍ എന്ന പേരില്‍ അറിയപ്പെട്ട പോരാട്ടം ജോര്‍ജ് ഫോര്‍മാന്റെ കരിയറിലെ നിര്‍ണായക മത്സരങ്ങളിലൊന്നായിരുന്നു. 1974ല്‍ അരങ്ങേറിയ ഈ പോരാട്ടം അക്കാലത്ത് ലോകമെങ്ങും ഏറ്റവും കൂടുതല്‍ ആളുകള്‍ ടെലിവിഷന്‍ വഴി കണ്ട മത്സരം കൂടിയായിരുന്നു. അതുവരെ അപരാജിതനായി നിന്ന ജോര്‍ജ് ഫോര്‍മാനെ മുഹമ്മദലി സമര്‍ഥമായി വീഴ്ത്തി പുതിയ ചരിത്രമെഴുതി.
1968ലെ മെക്‌സിക്കോ സിറ്റി ഒളിംപിക്‌സിലാണ് ജോര്‍ജ് ഫോര്‍മാന്‍ ഒളിംപിക്‌സ് സ്വര്‍ണം നേടിയത്. അന്ന് അദ്ദേഹത്തിനു 29 വയസായിരുന്നു പ്രായം. വംശീയമായ എതിര്‍പ്പുകളും മറ്റും അദ്ദേഹത്തിനു നേരിടേണ്ടി വന്നിട്ടുണ്ട്. 1973ല്‍ ജോ ഫ്രേസിയറെ വീഴ്ത്തി ജോര്‍ജ് ഫോര്‍മാന്‍ ബോക്‌സിങ് കരിയറിന്റെ ഔന്നത്യങ്ങളിലേക്ക് കുതിച്ചു. ആദ്യ ഹെവി വെയ്റ്റ് കിരീടം അദ്ദേഹം അന്നുയര്‍ത്തി.
അതിനു പിന്നാലെയാണ് ചരിത്രമെഴുതിയ റംബിള്‍ ഇന്‍ ദി ജംഗിള്‍ പോരാട്ടം അരങ്ങേറിയത്. ജോര്‍ജ് ഫോര്‍മാന്റെ അക്കാലത്തെ പേരും അദ്ദേഹത്തിന്റെ കടന്നാക്രമിച്ചുള്ള ശൈലിയും എതിരാളികള്‍ക്കു ഭീതി സമ്മാനിക്കുന്നതായിരുന്നു. എന്നാല്‍ മുഹമ്മദ് അലി തന്ത്രപരമായി ജോര്‍ജിനെ നേരിട്ടതോടെ അദ്ദേഹം റിങില്‍ ഹതാശനായി. മുഹമ്മദലിയുടെ പ്രസിദ്ധമായ തന്ത്രം റോപ്പ് എ ഡോപ്പിന്റെ വിജയകരമായ പരീക്ഷണ വേദി കൂടിയായിരുന്നു ഈ പോരാട്ടം. അലിയുടെ ആ തന്ത്രമാണ് ജോര്‍ജ് ഫോര്‍മാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ആദ്യ റൗണ്ടില്‍ മികവോടെ പൊരുതിയ ജോര്‍ജിനു പക്ഷേ പിന്നീട് ആ മികവ് ആവര്‍ത്തിക്കാന്‍ സാധിച്ചില്ല.
1977ല്‍ അദ്ദേഹം റിങില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. പിന്നീട് മതപരമായ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം മുന്നോട്ടു പോയി. അതിനിടെ പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വീണ്ടും റിങിലെത്തി. 1987ല്‍ തന്റെ 45ാം വയസിലെ രണ്ടാം വരവിലും അദ്ദേഹം ചില മികച്ച വിജയങ്ങള്‍ സ്വന്തമാക്കി. അന്ന് തന്നേക്കാള്‍ 19 വയസ് കുറവുള്ള മൈക്കല്‍ മൂററുമായി ഏറ്റുമുട്ടി മറ്റൊരു ഹെവി വെയ്റ്റ് കിരീടം കൂടി സ്വന്തമാക്കി. ലോക ചാംപ്യനാകുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും രണ്ടാം വരവില്‍ ജോര്‍ജ് ഫോര്‍മാന്‍ തന്റെ പേരിനൊപ്പം ചേര്‍ത്തു. 1997ല്‍ അദ്ദേഹം എന്നെന്നേക്കുമായി ബോക്‌സിങ് റിങിനോടു വിട പറഞ്ഞു.
പിന്നീട് രാഷ്ട്രീയക്കാരനായും മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടക്കിടെ അദ്ദേഹം ടെലിവിഷന്‍ പരിപാടികളിലും പ്രത്യക്ഷപ്പെട്ടു. 2023ല്‍ ജോര്‍ജ് ഫോര്‍മാന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി ഒരു ബയോപിക് പുറത്തിറങ്ങിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക