IPL 2025- മലയാളി താരം വിഘ്‌നേഷിന്റെ മാസ്മരിക ബൗളിങ്ങിനും തകര്‍ക്കാനായില്ല; മുംബൈയെ കീഴടക്കി ചെന്നൈ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്
Ruturaj Gaikwad
ഋതുരാ​ജിന്റെ ബാറ്റിങ്പിടിഐ
Updated on

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയെ 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സില്‍ ഒതുക്കിയ ചെന്നൈ 19.1 ഓവറില്‍ 4 വിക്കറ്റിനാണ് വിജയിച്ചത്.

തുടക്കത്തില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ചെന്നൈയെ മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ ആണ് പ്രതിരോധത്തിലാക്കിയത്. രോഹിത് ശര്‍മയ്ക്ക് പകരം ഇംപാക്ട് പ്ലെയറായി ഇറങ്ങിയ വിഘ്‌നേഷ് നിര്‍ണായക മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ചെന്നൈയെ ഭയപ്പെടുത്തിയത്. ചെന്നൈ ക്യാപ്റ്റന്‍ ഗെയ്ക്വാദിനെയും ശിവം ദുബെയെയും ദീപക് ഹൂഡയെയുമാണ് വിഘ്‌നേഷ് പുറത്താക്കിയത്. തുടക്കത്തില്‍ ഋതുരാജ് ഗെയ്ക്വാദ് വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. 26 പന്തില്‍ 53 റണ്‍സ് നേടിയ ഗെയ്ക്വാദ് ആറു ബൗണ്ടറികളും മൂന്ന് സിക്‌സുകളും കണ്ടെത്തി. അനായാസമായി വിജയിക്കുമെന്ന ഘട്ടത്തിലാണ് ചെന്നൈയെ പ്രതിരോധത്തിലാക്കി വിഘ്‌നേഷിന്റെ മാസ്മരിക ബൗളിങ് പിറന്നത്. ഓപ്പണര്‍ ആയി ഇറങ്ങി ഒരു വശത്ത് വിക്കറ്റ് കാത്ത രചിന്‍ രവീന്ദ്രയാണ് ചെന്നൈയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. അര്‍ധ ശതകം തികച്ച രചിനും ധോനിയുമാണ് ക്രീസില്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. 25 പന്തില്‍ 31 റണ്‍സെടുത്ത തിലക് വര്‍മയാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (26 പന്തില്‍ 29), ദീപക് ചാഹര്‍ (15 പന്തില്‍ 28), നമന്‍ ഥിര്‍ (12 പന്തില്‍ 17) എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ ചേര്‍ക്കും മുന്‍പേ മുംബൈയ്ക്ക് സീനിയര്‍ താരം രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായിരുന്നു. നാലു പന്തുകള്‍ നേരിട്ട രോഹിത് ശര്‍മ ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ശിവം ദുബെ ക്യാച്ചെടുത്താണു പുറത്താകുന്നത്. കൃത്യമായ ഇടവേളകളില്‍ മുംബൈ മുന്‍നിരയുടെ വിക്കറ്റുകള്‍ ചെന്നൈ ബോളര്‍മാര്‍ വീഴ്ത്തിയതോടെ റണ്ണൊഴുക്കിന്റെ വേഗത കുറഞ്ഞു.

ചെന്നൈയിലെ സ്പിന്‍ പിച്ചില്‍ അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദ് തകര്‍ത്തെറിഞ്ഞതോടെ മുംബൈ പ്രതിരോധത്തിലായി. സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, റോബിന്‍ മിന്‍സ്, നമന്‍ ഥിര്‍ എന്നീ ബാറ്റര്‍മാരെ നൂര്‍ അഹമ്മദാണു മടക്കിയത്. നാലോവറുകള്‍ പന്തെറിഞ്ഞ അഫ്ഗാന്‍ സ്പിന്നര്‍ 18 റണ്‍സ് മാത്രമാണു വഴങ്ങിയത്. പേസര്‍ ഖലീല്‍ അഹമ്മദ് മൂന്നു വിക്കറ്റുകളും വീഴ്ത്തി. പേസര്‍ ജസ്പ്രീത് ബുമ്ര, ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരില്ലാതെ ഇറങ്ങുന്ന മുംബൈയെ സൂര്യകുമാര്‍ യാദവാണു നയിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com