
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്നു വരെ കിരീടം നേടാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ഇത്തവണത്തെ ഉദ്ഘാടന പോരാട്ടത്തില്‍ ഇന്നലെ അവര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ വീഴ്ത്തിയതിനു പിന്നാലെ സമൂഹ മാധ്യമങ്ങള്‍ കിരീട സ്വപ്‌നം പങ്കിട്ട് ആരാധകര്‍.
ഏഴ് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ആദ്യ പോരാട്ടത്തില്‍ അവര്‍ സ്വന്തമാക്കിയത്. ടീമിന്റെ സമീപനവും വിജയിച്ച രീതിയുമാണ് ആരാധകര്‍ ആഘോഷമാക്കുന്നത്. ഇത്തവണ ആര്‍സിബി കപ്പടിക്കും എന്നു തന്നെ ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നു.
ഉജ്ജ്വല തുടക്കമെന്നാണ് ആരാധകര്‍ ഒറ്റ വാക്കില്‍ ടീമിന്റെ തുടക്കത്തെ വിശേഷിപ്പിക്കുന്നത്. എല്ലാ കാലത്തും ബൗളിങാണ് അവര്‍ക്ക് തലവേദനയായി നിന്നിട്ടുള്ളത്. ഇത്തവണ മികച്ച രീതിയില്‍ പന്തെറിഞ്ഞതായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഞങ്ങള്‍ വരുന്നു ഐപിഎല്‍ കിരീടത്തിനായി എന്നായിരുന്നു മറ്റൊരു ആരാധകന്‍ കുറിച്ചത്. ചില ആരാധകര്‍ മുന്‍കൂട്ടി തന്നെ ആദ്യ ഐപിഎല്‍ കിരീടത്തിനു ആശംസകള്‍ നേരുന്നുണ്ട്.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. ആര്‍സിബി 16.2 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 177 റണ്‍സെടുത്താണ് ഗംഭീര വിജയം പിടിച്ചത്.
ഓപ്പണര്‍മാരായ വിരാട് കോഹ്‌ലി, ഫില്‍ സാള്‍ട്ട് എന്നിവര്‍ അര്‍ധ സെഞ്ച്വറിയുമായി മുന്നില്‍ നിന്നു. കോഹ്‌ലിയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. താരം 36 പന്തില്‍ 4 ഫോറും 3 സിക്‌സും സഹിതം 59 റണ്‍സുമായി പുറത്താകാതെ നിന്നു. സാള്‍ട്ട് 31 പന്തില്‍ 9 ഫോറും 2 സിക്‌സും സഹിതം 56 റണ്‍സെടുത്തും തിളങ്ങി.
ക്യാപ്റ്റനായി അരങ്ങേറിയ രജത് പടിദാറും ബാറ്റിങില്‍ തിളങ്ങി. താരം 16 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 34 റണ്‍സ് കണ്ടെത്തി. ലിയാം ലിവിങ്‌സ്റ്റനും തിളങ്ങി. താരം 5 പന്തില്‍ 2 ഫോറും 1 സിക്‌സും സഹിതം 15 റണ്‍സുമായി പുറത്താകാതെ നിന്നു കോഹ്‌ലിക്കൊപ്പം വിജയ തീരത്ത് ടീമിനെ എത്തിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക