IPL 2025- 47 പന്തില്‍ 106 റണ്‍സ്; സീസണിലെ ആദ്യ സെഞ്ച്വറി ഇഷാന്റെ ബാറ്റില്‍ നിന്ന്; രാജസ്ഥാന് മുന്നില്‍ റണ്‍ മല

നിശ്ചിത ഓവറില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 6 വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ്
Ishan Kishan registers maiden hundred
ഇഷാൻ കിഷൻഎപി
Updated on

ഹൈദരാബാദ്: ഐപിഎല്‍ ഈ സീസണിലെ ആദ്യ സെഞ്ച്വറി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റില്‍ നിന്ന്. രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ താരം 45 പന്തില്‍ 100 റണ്‍സെടുത്തു. ഹൈദരാബാദിനായുള്ള അരങ്ങേറ്റം താരം അവിസ്മരണീയമാക്കി. താരത്തിന്റെ ഐപിഎല്ലിലെ കന്നി സെഞ്ച്വറി കൂടിയാണിത്. ഇഷാന്റെ സെഞ്ച്വറിയും ട്രാവിസ് ഹെഡിന്റെ അര്‍ധ സെഞ്ച്വറിയുടേയും കരുത്തില്‍ ഹൈദരാബാദ് 6 വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് അടിച്ചെടുത്തത്. രാജസ്ഥാന് ജയിക്കാന്‍ 287 റണ്‍സ് വേണം.

ഇഷാന്‍ 47 പന്തില്‍ 11 ഫോറും 6 സിക്‌സും സഹിതം 106 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്നിങ്‌സ് തീരുമ്പോള്‍ പാറ്റ് കമ്മിന്‍സായിരുന്നു ഇഷാനൊപ്പം ക്രീസില്‍.

ടോസ് നേടി ബൗളിങ് തിരഞ്ഞടുത്ത രാജസ്ഥാനു പിഴച്ചു. മിന്നല്‍ തുടക്കമാണ് ഹൈദരാബാദിനു ട്രാവിസ് ഹെഡ്- അഭിഷേക് ശര്‍മ സഖ്യം നല്‍കിയത്. അഭിഷേകിനെ അധികം വൈകാതെ മടക്കാന്‍ രാജസ്ഥാനു കഴിഞ്ഞെങ്കിലും ഹെഡ് ഫോമിന്റെ ഔന്നത്യത്തിലായിരുന്നു. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഹെഡ് കളം വാണു. 21 പന്തില്‍ 50 ല്‍ എത്തിയ ഹെഡിന്റെ കരുത്തില്‍ ഹൈദരാബാദ് 10 ഓവറിനുള്ളില്‍ തന്നെ 100 കടന്നു കുതിച്ചു.

31 പന്തില്‍ 9 ഫോറും 3 സിക്‌സും സഹിതം താരം 67 റണ്‍സ് അടിച്ചെടുത്താണ് ഹെഡ് മടങ്ങിയത്. പിന്നാലെയാണ് ഇഷാന്‍ കിഷനും കമ്പക്കെട്ടിനു തിരി കൊളുത്തിയത്. അഭിഷേക് ശര്‍മ 11 പന്തില്‍ 24 റണ്‍സുമായി മടങ്ങി.

പിന്നീടെത്തിയ ഹെയ്ന്റിച് ക്ലാസനും തിളങ്ങി. താരം 14 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 34 റണ്‍സുമായി പുറത്തായി.

നാല് വര്‍ഷത്തിനു ശേഷം രാജസ്ഥാന്‍ ജേഴ്‌സിയില്‍ വീണ്ടുമിറങ്ങിയ ജോഫ്ര ആര്‍ച്ചര്‍ക്ക് തിരിച്ചു വരവ് കയ്‌പ്പേറിയതായി. ഒറ്റ ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ 23 റണ്‍സ് വഴങ്ങി. നാലോവറില്‍ താരം വഴങ്ങിയത് 76 റണ്‍സ്. ഒരോവറില്‍ 19 റണ്‍സ് ആണ് ഇക്കോണമി!

രാജസ്ഥാനായി തുഷാര്‍ ദേശ്പാണ്ഡെ മികച്ച ബൗളിങ് പുറത്തെടുത്തു. അവസാന ഓവറില്‍ താരം അടുത്തടുത്ത പന്തുകളില്‍ അനികേത് ശര്‍മ (7), അഭിനവ് മനോഹര്‍ (1) എന്നിവരെ മടക്കി. മത്സരത്തില്‍ മൊത്തം 3 വിക്കറ്റുകള്‍ താരം വീഴ്ത്തി.

മഹീഷ തീക്ഷണ തല്ല് വാങ്ങിയെങ്കിലും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. സന്ദീപ് ശര്‍മ ഒരു വിക്കറ്റെടുത്തു. മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഇംപാക്ട് പ്ലയറാണ്. ഹൈദരാബാദ് നിരയിലെ മലയാളി ബാറ്റര്‍ സച്ചിന്‍ ബേബിയും ഇംപാക്ട് പ്ലയറാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com