അന്ന് കെഎൽ രാ​ഹുലിനെ ചീത്ത വിളിച്ചു, ഇപ്പോൾ ഋഷഭ് പന്തിനേയും? തോൽവിക്കു പിന്നാലെ വീണ്ടും ​ഗോയങ്കയുടെ 'ചർച്ച'

രണ്ട് സംഭവങ്ങളേയും താരതമ്യപ്പെടുത്തി ആരാധകർ
Rishabh Pant-Sanjiv Goenka Chat After LSG's Loss
പൂജ്യത്തിൽ പുറത്തായി മടങ്ങുന്ന പന്ത്, ​ഗോയങ്ക രാഹുൽ, ​ഗോയങ്ക പന്ത് ചർച്ചകൾഎക്സ്
Updated on
1 min read

വിശാഖപട്ടണം: ഐപിഎല്ലിലെ ആദ്യ പോരാട്ടത്തിൽ അമ്പരപ്പിക്കുന്ന തോൽവി വഴങ്ങിയതിനു പിന്നാലെ ടീം ഉടമ സഞ്ജീവ് ​ഗോയങ്കയുമായി സീരിയസ് ചർച്ച നടത്തി ലഖ്നൗ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്ത്. മികച്ച സ്കോർ പടുത്തുയർത്തിയിട്ടും ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരം അവിശ്വസനീയമായി കൈവിട്ടതിനു പിന്നാലെയായിരുന്നു ചർച്ച. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

കഴിഞ്ഞ സീസണിൽ ലഖ്നൗ നായകനായിരുന്ന കെഎൽ രാഹുലിനെ പരസ്യമായി ശാസിക്കുന്ന ​ഗോയങ്കയുടെ ഇടപെടൽ വിവാദമായിരുന്നു. അതിനു സമാനമാണ് പന്തുമായുള്ള ചർച്ചയും എന്നു ഓർമിപ്പിച്ചാണ് ആരാധകർ രം​ഗത്തെത്തിയത്. രാ​ഹുലിനെ ചീത്ത പറഞ്ഞ ​ഗോയങ്ക സമാനമായി പന്തിനേയും ശാസിക്കുന്നതാണെന്ന വാദ​മാണ് എന്തായാലും ചിത്രം കണ്ട പലരും അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ സീസണിൽ സൺറൈസേഴ് ഹൈദരാബാദിനെതിരായ പോരാട്ടത്തിൽ തോറ്റതിനു പിന്നാലെയാണ് ​ഗോയങ്ക രാഹുലുമായി തർക്കിച്ചത്. ഇത്തവണ രാഹുലിനെ ടീം റിലീസ് ചെയ്തിരുന്നു. താരത്തെ ഡൽഹി സ്വന്തമാക്കുകയും ചെയ്തു. ഇന്നലെ പക്ഷേ രാ​ഹുൽ കളിച്ചില്ല. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് താരം കുടുംബത്തിനൊപ്പമാണ്.

മത്സരത്തിൽ ജയമുറപ്പിച്ചു മന്നേറുകയായിരുന്ന ലഖ്നൗവിനെ ഞെട്ടിച്ച് അശുതോഷ് ശർമ മത്സരം ഡൽ​ഹിക്കു അനുകൂലമാക്കി മാറ്റി. നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ലഖ്നൗ 209 റൺസെന്ന മികച്ച സ്കോർ പടുത്തുയർത്തിയിട്ടും അവർ കളി കൈവിടുകയായിരുന്നു. ഒരു ഘട്ടത്തിൽ ഡൽഹി 65 റൺസിനിടെ 5 വിക്കറ്റുകൾ നഷ്ടമായി പരുങ്ങിയിട്ടും അവർ ജയിച്ചു കയറി.

ഐപിഎല്ലിന്റെ ചരിത്രത്തിൽ ഒരു താരത്തിനു കിട്ടുന്ന റെക്കോർഡ് തുകയുമായാണ് പന്ത് ലഖ്നൗവിൽ എത്തിയത്. 27 കോടി രൂപയ്ക്കാണ് മെ​ഗാ ലേലത്തിൽ ലഖ്നൗ പന്തിനെ സ്വന്തമാക്കിയത്.

ലഖ്നൗ ക്യാപ്റ്റനായി അരങ്ങേറിയ പന്ത് പക്ഷേ നിരാശപ്പെടുത്തി. ബാറ്റിങിനു ഇറങ്ങി 6 പന്തുകൾ നേരിട്ട് റൺസൊന്നുമെടുക്കാതെ താരം മടങ്ങി. ഡൽഹിയുടെ അവസാന ബാറ്ററായ മോഹിത് ശർമയെ സ്റ്റംപ് ചെയ്തു പുറത്താക്കാനുള്ള അവസരവും പന്ത് നഷ്ടപ്പെടുത്തി. ഇത് മുതലെടുത്തിരുന്നെങ്കിൽ ആ ഘട്ടത്തിൽ ലഖ്നൗവിന് 5 റൺസ് വിജയം നേടാമായിരുന്നു. അവിടെയും നായകൻ പരാജയപ്പെട്ടു. താരത്തിന്റെ ബൗളിങ് ചെയ്ഞ്ചുകളും വിമർശനത്തിനു ഇടയാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com