
ചെന്നൈ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരു അവരുടെ വലിയ ചലഞ്ചിന് ഇന്നിറങ്ങും. കഴിഞ്ഞ 17 വർഷമായി ബാലികേറാ മലയായി നിൽക്കുന്ന ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഒരു വിജയം. ഇന്ന് ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സുമായുള്ള പോരാട്ടം അവർക്ക് ആ വെല്ലുവിളി അവസാനിപ്പിക്കാനുള്ള അവസരമാണ്. പോരാട്ടം തീ പാറുമെന്ന് രണ്ടുപക്ഷമില്ല. കാത്തിരിക്കുന്നത് ക്ലാസിക്ക് പോരാട്ടം. മറ്റൊരു ദക്ഷിണേന്ത്യൻ നാട്ടങ്കത്തിനു കളമൊരുങ്ങി.
2008ലെ ഐപിഎൽ ഉദ്ഘാടന സീസണിലാണ് ആർസിബി ആദ്യമായും അവസാനമായും ഈ പിച്ചിൽ വിജയിക്കുന്നത്. നീണ്ട 17 വർഷമായി പിന്നീട് അവർ പരാജയത്തിന്റെ കയ്പ്പുനീർ കുടിക്കുകയാണ് ഈ മണ്ണിൽ. ഇന്ന് ധോനി- കോഹ്‍ലി പോരാട്ടമെന്നതിലും ഉപരിയായി ഈയൊരു കടമ്പ ആർസിബി കടക്കുമോ എന്നാണ് ആരാധകർ നോക്കുന്നത്. സ്വന്തം മണ്ണിൽ ആർസിബിക്കെതിരായ അപരാജിത കുതിപ്പ് തുടരാനാണ് ചെന്നൈ കോപ്പുകൂട്ടുന്നത്.
ആദ്യ മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രണ്ട് ടീമുകളും. മത്സരം വൈകീട്ട് 7.30 മുതൽ സ്റ്റാർ സ്പോർട്സ്, ഹോട്സ്റ്റാർ പ്ലാറ്റ്ഫോമുകളിൽ തത്സമയം കാണാം.
ചെന്നൈയ്ക്ക് ശ്രീലങ്കൻ യുവ പേസർ മതീഷ പതിരനയുടെ സേവനം ഇന്നും ലഭിക്കാനിടയില്ല. താരത്തിന്റെ പരിക്കാണ് ടീമിനു തലവേദനയാകുന്നത്. പ്ലെയിങ് ഇലവനിൽ ചെന്നൈ മാറ്റം വരുത്തുമെന്നു കോച്ച് സ്റ്റീഫൻ ഫ്ലെമിങ് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ മുംബൈക്കെതിരേയും പതിരന കളിച്ചിട്ടില്ല.
സ്പിന്നർമാരുടെ കരുത്താണ് ഇത്തവണ സിഎസ്കെയെ അപകടകാരികളാക്കുന്നത്. ബാറ്റിങ് കരുത്താണ് ആർസിബിയ്ക്ക് ഇത്തവണയും മുൻതൂക്കം നൽകുന്നത്. ആദ്യ മത്സരത്തിൽ ഫിൽ സാൾട്ട്- വിരാട് കോഹ്‍ലി സഖ്യം മിന്നും തുടക്കമാണ് ടീമിനു നൽകിയത്. ഇരുവരും മത്സരത്തിൽ അർധ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക