ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ 'ബദ്ധവൈരി' പോരാട്ടം ഏതാണെന്നു ചോദിച്ചാല്‍ മലയാളി ഫുട്‌ബോള്‍ പ്രേമികളുടെ നാവില്‍ ആദ്യം വരിക അര്‍ജന്റീന- ബ്രസീല്‍ പോരാട്ടമെന്നായിരിക്കും. ഫിഫ തന്നെ ഈ മത്സരത്തെ വിശേഷിപ്പിച്ചത് ഫുട്‌ബോള്‍ വൈരത്തിന്റെ 'സത്ത' എന്നാണ്. കഴിഞ്ഞ ദിവസം ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ 4-1നു കീഴടക്കിയതാണ് ഏറ്റവും അവസാനത്തെ പോരാട്ടം. 2019നു ശേഷം ബ്രസീലിനു അര്‍ജന്റീനയെ വീഴ്ത്താന്‍ സാധിച്ചിട്ടില്ല. 5 കളികളില്‍ അതിനു ശേഷം നേര്‍ക്കുനേര്‍ വന്നപ്പോള്‍ 4 ജയം അര്‍ജന്റീനയ്ക്ക്. ശേഷിച്ച ഒന്ന് സമനിലയില്‍ അവസാനിച്ചു.
1914 സെപ്റ്റംബര്‍ 20നാണ് ചരിത്രത്തില്‍ ആദ്യമായി അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടിയത്. അതിനു ശേഷം ലോകകപ്പിലും കോപ്പ അമേരിക്ക പോരാട്ടത്തിലും യോഗ്യതാ മത്സരങ്ങളിലും സൗഹൃദ പോരാട്ടങ്ങളിലും ഇരു ടീമുകളും പല കാലത്തായി നേര്‍ക്കുനേര്‍ വന്നു.
ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ അര്‍ജന്റീനയ്ക്കാണെന്നും അതല്ല ബ്രസീലിനാണെന്നും രണ്ടഭിപ്രായങ്ങളുണ്ട്. 41 വിജയങ്ങള്‍, 43 വിജയങ്ങള്‍ അര്‍ജന്റീനയ്ക്കുണ്ടെന്നു ചില വിവരങ്ങളില്‍ പറയുന്നു. 43 വിജയങ്ങള്‍ ബ്രസീലിനുണ്ടെന്നു മറ്റൊരു കണക്കും ഉണ്ട്. ബ്രസീല്‍ 46 ജയം, അര്‍ജന്റീന 43 ജയം, 26 സമനില എന്നൊരു കണക്കും ഉണ്ട്.
റൈവര്‍ലിയില്‍ ഏറ്റവും കൂടുതല്‍ കളിച്ച താരം അര്‍ജന്റീനയുടെ ഹാവിയര്‍ സനേറ്റിയാണ്. ബ്രസീലിനെതിരെ 16 മത്സരങ്ങള്‍ താരം കളിച്ചു. കഴിഞ്ഞ ദിവസം ഈ നിര്‍ണായക പോരാട്ടത്തില്‍ ബ്രസീലിനായി ഒരു താരം അരങ്ങേറി. നോട്ടിങ്ഹാം ഫോറസ്റ്റ് പ്രതിരോധ താരം മുറില്ലോയാണ് ബ്രസീല്‍ ജേഴ്‌സിയില്‍ ആദ്യ അന്താരാഷ്ട്ര പോരാട്ടം അര്‍ജന്റീനയ്‌ക്കെതിരെ കളിച്ചു തുടങ്ങിയത്. അര്‍ജന്റീന- ബ്രസീല്‍ പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ ബ്രസീല്‍ ഇതിഹാസം പെലെയുടെ പേരിലാണ്. 8 ഗോളുകള്‍.
ആദ്യ കാലത്ത് സൗഹൃദ മത്സരങ്ങളായിരുന്നെങ്കില്‍ പിന്നീട് ഇരു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറ്റിയ മത്സരങ്ങളിലൊന്നായി മാറി. പ്രത്യേകിച്ച് 1925ലെ കോപ്പ അമേരിക്ക ഫൈനലിനു ശേഷം. അക്രമാസക്തമായി തീര്‍ന്ന പോരാട്ടമായിരുന്നു എസ്റ്റാഡിയോ സ്‌പോര്‍ട്ടിവോ ബരാക്കാസില്‍ അരങ്ങേറിയ ഫൈനല്‍. ക്രിസ്മസ് ദിനത്തിലായിരുന്നു ഈ മത്സരം. ഇരു ടീമുകളിലേയും രണ്ട് താരങ്ങള്‍ ഏറ്റുമുട്ടുകയും പിന്നീട് കാണികള്‍ മൈതാനം കൈയേറിയും മത്സരം വിവാദത്തിലായി. 'ബരാക്കാസ് യുദ്ധം' എന്നാണ് ഈ പോരാട്ടം പില്‍ക്കാലത്ത് അറിയപ്പെട്ടത്. പിന്നീട് മത്സരം പുനരാരംഭിച്ചു. എന്നാല്‍ ഈ മത്സരത്തിനു ശേഷം ഏറെ കാലം ഇരു രാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടാന്‍ പോലും വിസമ്മതിച്ചു. 11 വര്‍ഷമാണ് ഇരു ടീമുകളും ലോകകപ്പിലും കോപ്പ അമേരിക്കയിലുമടക്കം നേര്‍ക്കുനേര്‍ മത്സരിക്കാന്‍ വിസമ്മതിച്ചത്.
1937ല്‍ ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ഇരു ടീമുകളും വീണ്ടും നേര്‍ക്കുനേര്‍ വന്നു. കോപ്പ അമേരിക്ക പോരില്‍ തന്നെയായിരുന്നു മത്സരം. അന്നും ഇരു പക്ഷത്തേയും ആരാധകര്‍ തമ്മില്‍ ആക്രോശങ്ങള്‍ ഉയര്‍ന്നു. ബ്യൂണസ് അയേഴ്‌സില്‍ നടന്ന ഈ പോരാട്ടവും വിവാദത്തിലാണ് അവസാനിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ നേടിയില്ല. അധിക സമയത്ത് അര്‍ജന്റീന 2-0ത്തിനു മുന്നിലെത്തി. ഒരു ഗോള്‍ ബ്രസീല്‍ ചോദ്യം ചെയ്തു. പിന്നീട് ടീമിന്റെ സുരക്ഷ മുന്‍നിര്‍ത്തി ബ്രസീല്‍ മത്സരത്തില്‍ നിന്നു പിന്‍മാറി. കളി അര്‍ജന്റീന 2-0ത്തിനു ജയിച്ചു. ബ്രസീലിന്റെ പിന്‍മാറ്റം മുന്‍നിര്‍ത്തി അര്‍ജന്റീന മാധ്യമങ്ങള്‍ മത്സരത്തെ അന്നു വിശേഷിപ്പിച്ചത് 'ലജ്ജിപ്പിക്കുന്ന പോരാട്ടം' എന്നാണ്.
1945ല്‍ അരങ്ങേറിയ കോപ്പ റോക്ക പോരാട്ടവും അക്രമാസക്തമായി. ഈ മത്സരത്തില്‍ ബ്രസീല്‍ താരം അഡെമിര്‍ ഡി മെനെസസ് അര്‍ജന്റീനയുടെ ജോസ് ബറ്റാഗ്ലിയറോയെ അപകടരമായി ഫൗള്‍ ചെയ്തു പരിക്കുണ്ടാക്കി. മത്സരം പിന്നീട് പരുക്കനായി മാറി. ചെറിയ തോതില്‍ അക്രമങ്ങളും അരങ്ങേറി. മത്സരം 6-2നു ബ്രസീല്‍ ജയിച്ചു.
1946ല്‍ ലാറ്റിനമേരിക്കന്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഈ മത്സരം കൂടുതല്‍ അക്രമാസക്തമാകുമെന്നു ആദ്യം തന്നെ പ്രവചിക്കപ്പെട്ടു. മത്സരത്തിനിടെ ബ്രസീല്‍ താരം ജെയര്‍ റോസ പിന്റോ അര്‍ജന്റീന നായകന്‍ ജോസ് സലോമോണിനെ ഫൗള്‍ ചെയ്ത് ഗുരുതര പരിക്കേല്‍പ്പിച്ചു. അതോടെ ഇരു ടീമിലേയും താരങ്ങള്‍ ഏറ്റുമുട്ടി. പിന്നാലെ കാണികള്‍ ഗ്രൗണ്ട് കൈയേറിയതോടെ താരങ്ങള്‍ ഗ്രൗണ്ട് വിട്ടു. പിന്നീട് രംഗം ശാന്തമാക്കിയാണ് മത്സരം ആരംഭിച്ചത്. അര്‍ജന്റീന 2-0ത്തിനു മത്സരം ജയിച്ചു.
ലോകകപ്പിന്റെ ചരിത്രത്തില്‍ ഇരു ടീമുകളും ആദ്യമായി നേര്‍ക്കുനേര്‍ വന്നത് 1974ലാണ്. അന്ന് ബ്രസീല്‍ നിലവിലെ ചാംപ്യന്‍മാരായിരുന്നു. മത്സരം ബ്രസീല്‍ 2-1നു ജയിക്കുകയും ചെയ്തു.
ലോകകപ്പിലടക്കം മികച്ച നേട്ടങ്ങള്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും അവകാശപ്പെടാനുണ്ട്. ബ്രസീലിന് അഞ്ചും അര്‍ജന്റീനയ്ക്ക് മൂന്നും ലോകകപ്പ് നേട്ടങ്ങള്‍. നാല് കോണ്‍ഫെഡറേഷന്‍സ് കപ്പ് ബ്രസീലിന്. അര്‍ജന്റീനയ്ക്ക് ഒന്ന്. കോപ്പ അമേരിക്ക കിരീടം അര്‍ജന്റീനയ്ക്കാണ് കൂടുതല്‍. 16 എണ്ണം. ബ്രസീല്‍ 9 കിരീടങ്ങള്‍ നേടി. പാനമേരിക്കന്‍ ചാംപ്യന്‍ഷിപ്പില്‍ ബ്രസീലിന് രണ്ടും അര്‍ജന്റീനയ്ക്ക് ഒന്നും കിരീടം. കോപ്പ അമേരിക്ക- യൂറോ കപ്പ് ചാംപ്യന്‍മാരുടെ പോരാട്ടമായ ഫൈനലിസിമയില്‍ രണ്ട് തവണയും അര്‍ജന്റീന കിരീടം നേടി. 1985ലും പിന്നീട് വീണ്ടും തുടങ്ങിയപ്പോള്‍ 2022ലും അവര്‍ കിരീടം നേടി. ബ്രസീലിന് ഈ കിരീടം ഇല്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക