

ഹൈദരാബാദ്: ഐപിഎൽ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത് ഔട്ടായതിന്റെ ദേഷ്യത്തിൽ ടെലിവിഷൻ എറിഞ്ഞു തകർത്ത് അവതാരകൻ. കലിപ്പ് തീരാതെ അവതാരകൻ മുന്നിലിരുന്ന മേശയും തകർക്കാൻ നോക്കി. ഒരു യുട്യൂബ് ഷോയ്ക്കിടെയാണ് നാടകീയ സംഭവങ്ങൾ. വിഡിയോ വൈറലാണ്.
ആദ്യ മത്സരത്തിൽ 6 പന്തുകൾ നേരിട്ട് പൂജ്യത്തിൽ മടങ്ങിയ പന്ത് രണ്ടാം പോരാട്ടത്തിൽ ഒരു സിക്സടിച്ച് മികവിലേക്ക് ഉയരുന്നതായി സൂചന നൽകിയെങ്കിലും 15 പന്തിൽ 15 റൺസ് മാത്രമെടുത്തു മടങ്ങി. ഹർഷൽ പട്ടേൽ എറിഞ്ഞ പന്തിൽ മുഹമ്മദ് ഷമി ക്യാച്ചെടുത്താണ് പന്ത് പുറത്തായത്. ഇക്കാര്യം സംസാരിക്കുന്നതിനിടെയാണ് അവതാരകൻ ടിവി എറിഞ്ഞു തകർത്തത്. ഒപ്പമുള്ള സഹ അവതാരകർ ഇയാളുടെ അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടുന്നതു വിഡിയോയിൽ കാണാം.
പന്ത് പരാജയപ്പെട്ടെങ്കിലും ലഖ്നൗ അനായസ വിജയം മത്സരത്തിൽ സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത എസ്ആർഎച് 190 റൺസാണ് എടുത്തത്. ലഖ്നൗ 5 വിക്കറ്റ് മാത്രം നഷ്ടത്തിൽ 23 പന്തുകൾ ശേഷിക്കെ 193 റൺസെടുത്താണ് വിജയിച്ചത്. 26 പന്തുകൾ നേരിട്ട് 6 വീതം സിക്സും ഫോറും സഹിതം 70 റൺസെടുത്ത നിക്കോളാസ് പുരാന്റെ കിടിലൻ ബാറ്റിങാണ് ടീമിനു ജയമൊരുക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
