
ചെന്നൈ: മഹേന്ദ്ര സിങ് ധോനിയോടു ആരാധകർ കാണിക്കുന്ന ഭ്രാന്തമായ ആവേശം അപകടകരവും അനാരോഗ്യകരവുമാണെന്നു മുൻ ഇന്ത്യൻ താരവും സിഎസ്കെയിൽ ധോനിയുടെ ക്യാപ്റ്റൻസിയിൽ കളിക്കുകയും ചെയ്ത അമ്പാട്ടി റായിഡു. ആരാധകർ സ്റ്റേഡിയത്തിൽ വരുന്നത് ധോനിയുടെ ബാറ്റിങ് മാത്രം ആസ്വദിക്കാനാണ്. ധോനി ഇറങ്ങുന്നതിനായി ക്രീസിൽ നിൽക്കുന്ന ഒരു ബാറ്റർ പെട്ടെന്നു പുറത്താകണമെന്നു അവർ ആഗ്രഹിക്കുന്നു. ആരാധകരുടെ ആദ്യ പിന്തുണ ധോനിക്കാണ്. പിന്നീട് മാത്രമാണ് ചെന്നൈ ടീമിനെ അവർ പിന്തുണയ്ക്കുന്നത്. ഭാവിയിൽ ടീം ബ്രാൻഡിങിനെ ഈ ആസക്തി ദോഷകരമായി ബാധിക്കുമെന്നും റായിഡു തുറന്നടിച്ചു.
'നിങ്ങൾ സിഎസ്കെ നിരയിലെത്തിയ പുതിയ താരമാണെങ്കിൽ ആരാധകരുടെ ഈ ആരാധന ക്രമേണ മനസിലാകും. കാരണം അവർ ആദ്യം ധോനി ആരാധകരാണ്. ശേഷം മാത്രമാണ് അവർക്ക് ടീം. വർഷങ്ങളായി ടീമിനെ സജ്ജമാക്കിയതും ഈ നിലയിലേക്ക് ഉയർത്തിയതും ധോനിയാണ്. അദ്ദേഹത്തിന്റെ പേര് തന്നെ തല എന്നാണ്. അദ്ദേഹം ടീമിനായി എത്രയോ മികച്ച പ്രകടനങ്ങൾ നടത്തി. സിഎസ്കെ ടീമിനായി അദ്ദേഹം ചെയ്ത കാര്യങ്ങളിൽ ആരാധകർ വിസ്മയം കൊള്ളുന്ന അവസ്ഥയിലാണ് നിലവിൽ കാര്യങ്ങൾ.'
'43കാരനായ അദ്ദേഹം ഇപ്പോൾ വളരെ താഴെയാണ് സ്വയം ബാറ്റ് ചെയ്യാനിറങ്ങുന്നത്. എഴോ എട്ടോ നമ്പറിൽ ഇറങ്ങി കഷ്ടിച്ച് 10- 15 പന്തുകൾ മാത്രമേ നേരിടുന്നുള്ളു. ക്രീസിൽ വളരെ കുറച്ചു സമയം മാത്രമാണ് ചെലവിടുന്നത്. കുറേകാലമായി ഐപിഎൽ മാത്രം കളിക്കുന്നതിനാൽ അദ്ദേഹം ഇറങ്ങുമ്പോൾ തന്നെ ആരാധകർ ഭ്രാന്തമായ ആവേശത്തിലായിരിക്കും ആർപ്പു വിളിക്കുന്നത്.'
'ധോനി ഇറങ്ങുന്നതും കാത്ത് ആരാധകർ ഇരിക്കുന്നു. അപ്പോൾ ക്രീസിലുള്ള ബാറ്റർ ഔട്ടാകണമെന്നു ഒരുവേള അവർ ചിന്തിക്കുന്നു. ചിലർ വിളിച്ചു പറയുന്നു. അവർ അദ്ദേഹത്തിന്റെ ബാറ്റിങ് കാണാൻ ആഗ്രഹിക്കുന്നതായി പറയും. ബാറ്റ് ചെയ്യാൻ ക്രീസിലേക്കു പോകുമ്പോഴായിരിക്കും ചില ആരാധകർ വേഗം മടങ്ങാനായി ആവശ്യപ്പെടുക. ഇതൊക്കെ പലരും അനുഭവിച്ചിട്ടുണ്ട്. അധികം താരങ്ങൾ ഇക്കാര്യം തുറന്നു പറഞ്ഞിട്ടില്ലെന്നു മാത്രം. സത്യസന്ധമായി പറയട്ടെ ഇതൊന്നും കളിയെ സഹായിക്കുന്ന കാര്യങ്ങളല്ല.'
'ഒരാൾ മാത്രമല്ല ടീം. മറ്റ് താരങ്ങളുടെയും സംഭാവനയും വിയർപ്പും കഠിനാധ്വാനവുമൊക്കെ അതിന്റെ മികവിനു പിന്നിലുണ്ട്. സ്വന്തം ആരാധകരിൽ നിന്നു തന്നെ അത്തരത്തിലുള്ള പ്രതികരണം വരുന്നുണ്ടെങ്കിൽ അതൊഴിവാക്കാൻ സാധിക്കണം. ഒരു താരത്തിനു സൂപ്പർ സ്റ്റാർ പദവി കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല. ധോനി വിരമിച്ചാൽ ടീമിനെ പിന്തുണയ്ക്കുന്ന ആരാധകരെ ആകർഷിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന സൂചനയാണ് ഇതിനൊക്കെ പിന്നിലുള്ളത്.'
'രവീന്ദ്ര ജഡേജയെ പോലെയുള്ള താരങ്ങളെയൊന്നും ആരാധകർ പരിഗണിക്കുന്നതേയില്ല. സിഎസ്കെ ഇപ്പോഴും എംഎസ് ധോനിയെ ചുറ്റിപ്പറ്റി മാത്രം നിൽക്കുകയാണ്. ധോനിക്കപ്പുറം മറ്റൊരു താരത്തേയും സിഎസ്കെ ആരാധകരെ ആകർഷിക്കാനായി മുന്നോട്ടു വച്ചിട്ടുമില്ല.'
'സിഎസ്കെയ്ക്കു വേണ്ടി നിർണായക പ്രകടനങ്ങൾ നിരവധി നടത്തിയ താരമാണ് ജഡേജ. ധോനി പോലും ഇക്കാര്യം വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല. ഇതു ശരിയായ രീതിയാണോ എന്നു ധോനി സ്വയം പരിശോധിക്കണം. ഒരു പക്ഷേ അതിനൊന്നും അദ്ദേഹം മെനക്കെടാതിരുന്നത് അദ്ദേഹത്തിന്റെ ബുദ്ധിപരമായ ഒരു നീക്കവുമായിരിക്കാം.'
'സൂപ്പർ സ്റ്റാറുകളെ ഭയക്കേണ്ടതുണ്ട്. ഇതെല്ലാം മാറ്റണം എന്നൊന്നും പറയുന്നില്ല. പക്ഷേ ഒരു പരിധി നല്ലതാണ്. ഒരു സന്തുലിതാവസ്ഥ ഇക്കാര്യത്തിൽ ഇല്ലെങ്കിൽ അതു ബാധിക്കുന്ന മറ്റു താരങ്ങളും ടീമിലുണ്ടാകും. കാരണം ക്രിക്കറ്റ് ടീം ഗെയിമാണ്. സിഎസ്കെയുടെ ഈ സൂപ്പർ സ്റ്റാർ സംസ്കാരം പരിഹരിക്കാൻ സാധിക്കുന്ന ഏക വ്യക്തി ധോനിയാണ്'- റായിഡു വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക