Brazil sacks head coach: അര്‍ജന്റീനയോടു നാണംകെട്ട തോല്‍വി; ബ്രസീല്‍, കോച്ച് ഡൊറിവാള്‍ ജൂനിയറിനെ പുറത്താക്കി

62കാരനായ കോച്ച് 16 മത്സരങ്ങളിലാണ് ടീമിനെ പരിശീലിപ്പിച്ചത്. 7 വീതം ജയവും തോല്‍വിയും 2 സമനിലയുമാണ് ഫലം
Brazil sacks head coach Dorival Junior
ഡൊറിവാൾ ജൂനിയർഎക്സ്
Updated on

റിയോ ഡി ജനീറോ: ബദ്ധവൈരികളായ അര്‍ജന്റീനയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ മുഖ്യ പരിശീലകന്‍ ഡൊറിവാള്‍ ജൂനിയറിനെ പുറത്താക്കി ബ്രസീല്‍. നിര്‍ണായക ലോകകപ്പ് പോരാട്ടത്തില്‍ 4-1ന്റെ കനത്ത തോല്‍വിയാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീലിനു നേരിടേണ്ടി വന്നത്. പിന്നാലെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ കടുത്ത നടപടി എടുത്തത്. ഒരു വർഷവും രണ്ട് മാസവും ഡൊറിവാൾ ജൂനിയർ ടീമിനെ പരിശീലിപ്പിച്ചു.

ഡൊറിവാള്‍ ജൂനിയര്‍ ഇനി ടീമിനൊപ്പം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ഭാവി പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ദേശീയ ടീമിനായി ചെയ്ത സേവനങ്ങള്‍ക്കു നന്ദി പറയുന്നു. പുതിയ പരിശീലകനെ ഉടന്‍ തന്നെ നിയമിക്കും. ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി.

റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിയെ കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ ബ്രസീല്‍ വീണ്ടും തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ആന്‍സലോട്ടി ഒരിക്കല്‍ കൂടി ഓഫര്‍ നിരസിച്ചാല്‍ ആരെ ബ്രസീല്‍ പരിഗണിക്കും എന്നതും ആരാധകര്‍ കൗതുകത്തോടെ നോക്കി നില്‍ക്കുന്നു. ആരായാലും വലിയ വെല്ലുവിളിയാണ് അവരെ കാത്തു നില്‍ക്കുന്നത്. ഫലത്തില്‍ 5 തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ 2026ലെ ലോകകപ്പിലെത്താന്‍ കഠിന ശ്രമം നടത്തേണ്ട നിലയാണ്്. നിലവില്‍ ബ്രസീലിന്റെ ലോകകപ്പ് യോഗ്യത തുലാസിലാണ്. ലാറ്റിനമേരിക്കന്‍ പോരാട്ടത്തില്‍ അവര്‍ അര്‍ജന്റീനയ്ക്കും ഇക്വഡോറിനും യുറുഗ്വെയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങള്‍ ബ്രസീലിനു നിര്‍ണായകമാണ്.

അര്‍ന്റീനയോടേറ്റ കനത്ത തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഡൊറിവാള്‍ ഏറ്റെടുത്തിരുന്നു. 62കാരനായ പരിശീലകന്‍ 16 മത്സരങ്ങളിലാണ് ടീമിനെ പരിശീലിപ്പിച്ചത്. 7 വീതം ജയവും തോല്‍വിയും 2 സമനിലയുമാണ് ഈ കാലഘട്ടത്തില്‍ ടീം സ്വന്തമാക്കിയത്.

2022ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോടു പരാജയപ്പെട്ടതിനു പിന്നാലെ കോച്ച് ടിറ്റെയെ പുറത്താക്കിയാണ് ഡൊറിവാളിനെ ബ്രസീല്‍ കൊണ്ടു വന്നത്. അദ്ദേഹത്തിന്റെ കീഴില്‍ കളിച്ച 16 മത്സരങ്ങളിലും സൂപ്പര്‍ താരം നെയ്മര്‍ കളിച്ചിട്ടില്ല. പരിക്കിനെ തുടര്‍ന്നു ദീര്‍ഘ നാള്‍ താരം പുറത്തായിരുന്നു. ഈയടുത്താണ് ബാല്യകാല ക്ലബായ സാന്റോസിലേക്ക് താരം തിരിച്ചെത്തിയത്. എന്നാല്‍ അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തിലും നെയ്മര്‍ കളിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com