'ടീമിന് ആവശ്യമുണ്ടോ, ഇംഗ്ലണ്ടില്‍ കളിക്കാന്‍ ഞാന്‍ തയ്യാര്‍'- ചേതേശ്വര്‍ പൂജാര
രാജ്‌കോട്ട്: ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവ് പ്രതീക്ഷിച്ച് ക്ലാസിക്ക് ബാറ്ററും ടെസ്റ്റ് സ്‌പെഷലിസ്റ്റുമായ ചേതേശ്വര്‍ പൂജാര. ജൂണില്‍ ആരംഭിക്കുന്ന ഇഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തന്നെ വിളിച്ചാല്‍ കളിക്കാന്‍ ഒരുക്കമാണെന്നു താരം വ്യക്തമാക്കി. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായി 5 ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയാണ് കളിക്കുന്നത്. ജൂണ്‍ 20 മുതലാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.
'ടീമിന് ആവശ്യമുണ്ടെങ്കില്‍, അവസരം ലഭിച്ചാല്‍ അതിനുള്ള എല്ലാ തയ്യാറെടുപ്പും എന്റെ ഭാഗത്തു നിന്നുണ്ടാകും. മികച്ച ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ കഠിനാധ്വാനം ചെയ്യുന്നു. കിട്ടുന്ന അവസരങ്ങളില്‍ ആഭ്യന്തര പോരാട്ടങ്ങളിലടക്കം മികവോടെ ബാറ്റ് ചെയ്യാന്‍ ശ്രമിക്കുന്നു. ടീം ഇന്ത്യ മികവിലുള്ള സംഘമാണ്. എന്നാല്‍ 20 വര്‍ഷമായി ഇംഗ്ലണ്ടില്‍ ഒരു പരമ്പര നേട്ടമില്ല. അവസരം കിട്ടിയാല്‍ എന്റെ ഭാഗത്തു നിന്നു ഏറ്റവും മികച്ചത് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് ഇംഗ്ലണ്ട് മണ്ണിലെ വിജയത്തിനായാല്‍ അത്രയും സന്തോഷം.'
'മികവോടെ തുടര്‍ന്നിട്ടും 100ലധികം ടെസ്റ്റ് മത്സരങ്ങള്‍ കൡച്ചതിന്റെ അനുഭവമുണ്ടായിട്ടും ടീമിന്റെ ഭാഗമല്ലാതാകുന്നുണ്ടെങ്കില്‍ വിജയത്തിലേക്ക് കഠിനാധ്വാനം തുടരേണ്ടതുണ്ടെന്നു ചുരുക്കം. അവസരം കിട്ടാതെ പോകുന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്. പക്ഷേ ഈ കളിയോടുള്ള സ്‌നേഹം കൊണ്ടു ഞാന്‍ എല്ലായ്‌പ്പോഴും സ്വയം തയ്യാറാകുന്നു. സ്വയം പ്രചോദിപ്പിക്കുന്നു. ആഭ്യന്തരമായാലും കൗണ്ടിയായാലും കളിയോടു അടുത്തു നില്‍ക്കാനാണ് എല്ലായ്‌പ്പോഴും ഞാന്‍ ശ്രമിച്ചിട്ടുള്ളത്.'
'ടീം പരാജയപ്പെടുന്നത് ഒരു കളിക്കാരന്‍ കാരണമല്ല. ഒരു സംഘത്തിനാണ് തോല്‍വി സംഭവിക്കുന്നത്. ടീമില്‍ അവസരമില്ലാത്തത് തീര്‍ച്ചയായും നിരാശയുണ്ടാക്കുന്നതാണ്. പക്ഷേ അതെല്ലാം പോസിറ്റീവായാണ് ഞാന്‍ എടുക്കാറുള്ളത്. എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങള്‍ കൃത്യമാക്കി വയ്ക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. മുന്‍ കാലങ്ങളില്‍ ഞാന്‍ ഇന്ത്യയ്ക്കായി ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യന്‍ പിച്ചുകളില്‍ നടത്തിയ പ്രകടനങ്ങളെല്ലാം എന്നെ സംബന്ധിച്ചു സ്വയം പ്രചോദിപ്പിക്കുന്നതു കൂടിയാണ്.'
ടീം ജയിക്കുക എന്നതാണ് പരമ പ്രധാനം. അതിനായാണ് ഞാന്‍ കളിക്കുന്നത്. അത് സൗരാഷ്ട്രയ്ക്കായി ആഭ്യന്തര ക്രിക്കറ്റ് കളിക്കുമ്പോഴും കൗണ്ടിയില്‍ സസക്‌സിനായി കളിച്ചപ്പോഴും എല്ലാം അതു മാത്രമായിരുന്നു പ്രധാനം. അതേ പരിശ്രമം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനും തുടരുന്നു'- പൂജാര വ്യക്തമാക്കി.
ഈ സീസണിലും രഞ്ജിയില്‍ സൗരാഷ്ട്രയ്ക്കായി മിന്നും ഫോമിലാണ് താരം ബാറ്റ് വീശിയത്. 10 ഇന്നിങ്‌സുകളില്‍ നിന്നായി താരം 402 റണ്‍സ് കണ്ടെത്തി. 234 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 40.20 ആവറേജ്. ഇന്ത്യക്കായി 103 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരമാണ് 37കാരനായ പൂജാര. 7195 റണ്‍സ് നേടിയിട്ടുണ്ട്. കൗണ്ടിയില്‍ നേരത്തെ സസക്‌സിനായി മികവോടെ കളിച്ചതിന്റെ ക്രെഡിറ്റും പൂജാരയ്ക്കുണ്ട്. താരത്തിനു ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ വ്യക്തമായി അറിയാം എന്നതും തിരിച്ചു വരവില്‍ പ്രതീക്ഷയാകുന്ന ഘടകമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

