
മുംബൈ: ടീം ഇന്ത്യ ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പുകളുടെ ആലോചന തുടങ്ങിക്കഴിഞ്ഞു. ഐപിഎല്‍ കഴിഞ്ഞാല്‍ ജൂണില്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിനായി പറക്കും. 5 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുന്നത്. രോഹിത് ശര്‍മ ക്യാപ്റ്റന്‍ സ്ഥാനത്തു തുടരുമോ എന്നതടക്കം സജീവ ചര്‍ച്ചകളിലുണ്ട്. വിരമിക്കാന്‍ ഉദ്ദേശമില്ലെന്നു വ്യക്തമാക്കിയ രോഹിതിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തിനു പക്ഷേ ഉറപ്പില്ല. ക്യാപ്റ്റനായി തുടരാന്‍ രോഹിതിനു ആഗ്രഹമുണ്ടെങ്കിലും ഇക്കാര്യത്തില്‍ ബിസിസിഐയോ പരിശീലകന്‍ ഗൗതം ഗംഭീറോ സെലക്ഷന്‍ കമ്മിറ്റിയോ ഒരുറപ്പും നല്‍കുന്നില്ല. ടീമിലെ സ്ഥാനത്തിനു മാത്രം ഇളക്കമുണ്ടാകില്ലെന്ന ഉറപ്പാണ് രോഹിതിനുള്ളത്.
ദീര്‍ഘകാല അടിസ്ഥാനത്തില്‍ യുവ താരത്തെ ക്യാപ്റ്റനാക്കണമെന്ന നിലപാടാണ് ഗംഭീറിനുള്ളത്. സമാന ചിന്താഗതിയാണ് സെലക്ഷന്‍ കമ്മിറ്റി തലവന്‍ അജിത് അഗാര്‍ക്കര്‍ക്കും. ഇംഗ്ലണ്ട് പര്യടനം രോഹിതിന്റെ അവസാന ടെസ്റ്റ് പരമ്പരയായി മാറിയേക്കും.
അതിനിടെ ടീമിലെ ഒരു മുതിര്‍ന്ന താരം രോഹിതിനു പകരം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാമെന്ന ഓഫര്‍ വച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയും ഇക്കാര്യത്തില്‍ താത്പര്യമില്ലെന്ന നിലപാടിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ രോഹിതിന്റെ കീഴില്‍ ടെസ്റ്റ് ടീമിന്റെ പ്രകടനം ദയനീയമായിരുന്നു. അവസാന ടെസ്റ്റില്‍ രോഹിത് ടീമില്‍ നിന്നുതന്നെ മാറി നിന്ന ചരിത്രവുമുണ്ട്. അന്ന് ജസ്പ്രിത് ബുംറയാണ് ടീമിനെ നയിച്ചത്. നിലവില്‍ ടീമിന്റെ ഉപനായകനായ ബുംറയേയും ആ സ്ഥാനത്തു നീക്കിയേക്കുമെന്നാണ് വിവരം. പകരം ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കാനാണ് ബിസിസിഐ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഏകദിന, ടി20 ടീമുകളുടെ വൈസ് ക്യാപ്റ്റന്‍ ഗില്ലാണ്.
ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ അഴിച്ചു പണിയാനുള്ള അവസരമായാണ് പലരും ഇംഗ്ലണ്ട് പര്യടനത്തെ വിലയിരുത്തുന്നത്. ആഭ്യന്തര ക്രിക്കറ്റിലും പിന്നാലെ ഐപിഎല്ലിലും വെട്ടി തിളങ്ങുന്ന മലയാളി താരം കരുണ്‍ നായര്‍ എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങളുമുണ്ട്. ക്ലാസിക്ക് ബാറ്ററും ടെസ്റ്റ് സ്‌പെഷലിസ്റ്റുമായ ചേതേശ്വര്‍ പൂജാര കഴിഞ്ഞ ദിവസം ആവശ്യമെങ്കില്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ കളിക്കാനൊരുക്കമാണെന്നു വ്യക്തമാക്കിയതും ചേര്‍ത്തു വായിക്കണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ