
ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിങ് പട്ടിക പുതു ചരിത്രം. ലോകത്ത് ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളുടെ എണ്ണം ചരിത്രത്തിലാദ്യമായി 100ൽ എത്തി. ഏറ്റവും പുതിയ റാങ്കിങിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. 100ാം സ്ഥാനത്ത് ഗ്രീസും!
ഇതാദ്യമായാണ് 100 രാജ്യങ്ങൾ ഐസിസി റാങ്കിങിൽ ഇടം പിടിക്കുന്നത്. 2019ലാണ് ടി20 റാങ്കിങ് തുടങ്ങിയത്. അന്ന് 80 രാജ്യങ്ങളായിരുന്നു പട്ടികയിൽ. 2025ൽ ടീമുകളുടെ എണ്ണം 100ൽ എത്തി.
നിലവിലെ ടി20 ലോക ചാംപ്യൻമാരായ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളാണ് 2 മുതൽ പത്ത് വരെ സ്ഥാനങ്ങളിൽ.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏറ്റവും കുറഞ്ഞത് 8 രാജ്യാന്തര ടി20 മത്സരങ്ങളെങ്കിലും കളിച്ചിട്ടുള്ള ടീമുകളെയാണ് റാങ്കിങിൽ ഉൾപ്പെടുത്തിയത്. ലോകകപ്പ് അടക്കം കളിച്ചിട്ടുള്ള ബർമുഡ 28ാം റാങ്കിലുണ്ട്. ഫുട്ബോളിലെ നിലവിലെ ലോക ചാംപ്യൻമാരും ഒന്നാം നമ്പർ ടീമുമായ അർജന്റീന 52ൽ ഉണ്ട്. ഫുട്ബോളിൽ അർജന്റീനയുടെ ബദ്ധവൈരികളുമായ ബ്രസീൽ 81ാം റാങ്കിലും നിൽക്കുന്നു.
ഏകദിനത്തിലും ഇന്ത്യ, ടെസ്റ്റിൽ നഷ്ടം
ഏകദിന റാങ്കിങിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഐസിസി ചാംപ്യൻസ് ട്രോഫി കിരീടം നേടിയ ഇന്ത്യയ്ക്ക് 124 റേറ്റിങ് പോയിന്റുകൾ. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയോടു തോറ്റ ന്യൂസിലൻഡ് രണ്ടാം സ്ഥാനത്ത്. ഓസ്ട്രേലിയ മൂന്നാമത്. ശ്രീലങ്ക, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
ടെസ്റ്റിൽ ഓസ്ട്രേലിയ ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ത്യ നാലാം സ്ഥാനത്ത്. മൂന്നാമതായിരുന്ന ഇന്ത്യ ഒരു സ്ഥാനം ഇറങ്ങിയാണ് നാലിലെത്തിയത്. രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ടാണ്. ദക്ഷിണാഫ്രിക്ക മൂന്നാമത് നിൽക്കുന്നു. ന്യൂസിലൻഡ്, ശ്രീലങ്ക, പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, അയർലൻഡ് ടീമുകളാണ് പത്ത് വരെ സ്ഥാനങ്ങളിലുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ