'ലൂക്ക ദി ഗ്രെയ്റ്റ്!'; ഒരു രാജവംശ ശില്പി കൂടി റയല്‍ മാഡ്രിഡിന്റെ പടികളിറങ്ങുന്നു...

13 വര്‍ഷം നീണ്ട റയനൊപ്പമുള്ള യാത്ര ലൂക്ക മോഡ്രിച് അവസാനിപ്പിക്കുന്നു
Luka Modric, Real Madrid- From LaLiga's worst signing to Ballon d'Or icon
ലൂക്ക മോഡ്രിച്
Updated on
2 min read

മാഡ്രിഡ്: 2012ല്‍ റയല്‍ മാഡ്രിഡ് ഒരു താരത്തിനായി നടത്തിയ സൈനിങ് അന്ന് വലിയ വിമര്‍ശങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. 26 വയസുള്ള മധ്യനിര താരത്തെ ടോട്ടനം ഹോട്‌സ്പറില്‍ നിന്നാണ് റയല്‍ അന്ന് എത്തിച്ചത്. റയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മോശം താര തിരഞ്ഞെടുപ്പ് എന്നാണ് അന്ന് ബഹു ഭൂരിപക്ഷം ഫുട്‌ബോള്‍ പണ്ഡിതരും വിധിയെഴുതിയത്.

പക്ഷേ കാലം എല്ലാത്തിനും സാക്ഷി പറഞ്ഞു. മോശം താരമെന്ന ലേബലില്‍ നിന്ന് ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം വരെ നീണ്ട ഒരു ഐതിഹാസിക ചരിത്രമാണ് പിന്നീട് സന്റിയാഗോ ബെര്‍ണാബുവില്‍ പിറന്നത്.

13 വര്‍ഷത്തിനൊടുവില്‍ ആ മനുഷ്യന്‍ ടീമിന്റെ പടിയിറങ്ങുന്നു. അതെ ലൂക്ക മോഡ്രിച് റയല്‍ മാഡ്രിഡിന്റെ പടിയിറങ്ങാന്‍ തീരുമാനിച്ചു. ക്ലബ് ലോകകപ്പോടെ റയല്‍ ജേഴ്‌സി അഴിക്കാന്‍ ലോകം കണ്ട എക്കാലത്തേയും മികച്ച മധ്യനിര താരമായ ക്രൊയേഷ്യന്‍ ഇതിഹാസം തീരുമാനിച്ചിരിക്കുന്നു. സമീപ കാലത്ത് റയല്‍ നേടിയ എല്ലാ കിരീട വിജയങ്ങളുടേയും ആണിക്കല്ല് ആ മനുഷ്യന്‍ കൂടിയായിരുന്നു. ടോണി ക്രൂസെന്ന ജര്‍മന്‍ ഇതിഹാസത്തിനൊപ്പം ചേര്‍ന്ന് മോഡ്രിച് തീര്‍ത്ത മായാജാല കാഴ്ചകള്‍ ഫുട്‌ബോള്‍ ആരാധകരുടെ അവസാനിക്കാത്ത നിറമുള്ള ഓര്‍മകളാണ്.

13 വര്‍ഷം ഒറ്റ ടീമില്‍ കളിച്ച് മോഡ്രിച് സ്വന്തമാക്കിയത് 28 ട്രോഫികള്‍. കിരീട നേട്ടങ്ങള്‍ മാത്രമായിരുന്നില്ല മോഡ്രിചിന്റെ സവിശേഷതകള്‍. റയല്‍ മാഡ്രിഡിന്റെ ചില ചാംപ്യന്‍സ് ലീഗ് വിജയത്തിന്റെ പിന്നിലെ നിശബ്ദ പങ്കാളി മോഡ്രിചായിരുന്നു. 2104ലെ ഫൈനലില്‍ അദ്ദേഹം നല്‍കിയ കോര്‍ണര്‍ വഴിയാണ് റയല്‍ സമനില ഗോള്‍ നേടുന്നത്. 2017ല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് അദ്ദേഹം കൈമാറിയ സമര്‍ഥമായ പാസില്‍ നിന്നു പിറന്ന ഗോളാണ് മറ്റൊരു യൂറോപ്യന്‍ ഗ്ലോറിയിലേക്ക് റയലിനെ നയിച്ചത്. റയലിന്റെ മധ്യനിര ഭരിച്ച ക്രൂസ് ആദ്യം ഇറങ്ങി, ഇപ്പോള്‍ മോഡ്രിചും റയല്‍ ജേഴ്‌സി അഴിക്കുന്നു.

റയലിനൊപ്പം മോഡ്രിച് നേടിയ കിരീടങ്ങള്‍

4 ലാ ലിഗ കിരീട നേട്ടങ്ങള്‍

2 സ്പാനിഷ് കപ്പ്

5 സ്പാനിഷ് സൂപ്പര്‍ കപ്പ് നേട്ടങ്ങള്‍

6 ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍. ഹാട്രിക്ക് കിരീടമുള്‍പ്പെടെ നേട്ടം

5 യുവേഫ സൂപ്പര്‍ കപ്പ്

5 ഫിഫ ക്ലബ് ലോകകപ്പുകള്‍

2024ല്‍ ഫിഫ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്.

ലൂക മോഡ്രിച് ആരാധകര്‍ക്കായി പങ്കിട്ട കുറിപ്പ്

പ്രിയപ്പെട്ട മാഡ്രിഡ് ആരാധകരെ,

'ആ സമയം ഇതാ വന്നിരിക്കുന്നു. ഇങ്ങനെയൊരു നിമിഷം ഉണ്ടാവരുതേ എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ അതാണ് ഫുട്‌ബോള്‍. ജീവിതത്തിനു എല്ലാത്തിനു ഒരു തുടക്കവും അവസാനവും ഉണ്ട്. സാന്റിയാഗോ ബെര്‍ണബ്യുവില്‍ ഞാന്‍ ഒരിക്കല്‍ കൂടി ബൂട്ട് കെട്ടും. അത് റയലിനായുള്ള എന്റെ ബെര്‍ണബ്യുവിലെ അവസാന മത്സരമായിരിക്കും.

ലോകത്തിലെ ഏറ്റവും മികച്ച ടീമിന്റെ ജേഴ്‌സി ധരിക്കാനുള്ള ആഗ്രഹത്തോടെയും വലിയ കാര്യങ്ങള്‍ ചെയ്യാനുള്ള അഭിലാഷത്തോടെയുമാണ് ഞാന്‍ 2012ല്‍ ഇവിടെ എത്തിയത്. എന്റെ സങ്കല്‍പ്പത്തില്‍ പോലുമില്ലാത്ത കാര്യങ്ങളാണ് പിന്നീട് നടന്നത്.

റയല്‍ മാഡ്രിഡില്‍ കളിക്കാന്‍ തുടങ്ങിയത് ഒരു ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും എന്റെ ജീവിതത്തെ അപ്പാടെ മാറ്റി. ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലബിന്റെ ഏറ്റവും വിജയകരമായ യുഗങ്ങളിലൊന്നിന്റെ ഭാഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നു.

എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ക്ലബിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസ്, എന്റെ സഹതാരങ്ങള്‍, പരിശീലകര്‍, ഈ കാലയളവില്‍ എന്നെ സഹായിച്ച എല്ലാ ആളുകളുടോ ഞാന്‍ കടപ്പെട്ടവനാണ്.

ക്ലബിനൊപ്പം അവിശ്വസനീയമായ നിമിഷങ്ങള്‍, അസാധ്യമെന്ന് തോന്നുന്ന തിരിച്ചുവരവുകള്‍, ഫൈനലുകള്‍, ആഘോഷങ്ങള്‍, ബെര്‍ണബ്യുവിലെ മാന്ത്രിക രാത്രികള്‍ എല്ലാ അനുഭവിച്ചു... ഞങ്ങള്‍ എല്ലാം നേടി, ഞാന്‍ വളരെ സന്തോഷാനാണ്. വളരെ വളരെ സന്തോഷം.

കിരീടങ്ങള്‍ക്കും വിജയങ്ങള്‍ക്കും അപ്പുറം, എല്ലാ മാഡ്രിഡ് ആരാധകരുടെയും സ്‌നേഹം എന്റെ ഹൃദയത്തിലുണ്ട്. നിങ്ങളുമായുള്ള എന്റെ പ്രത്യേക ബന്ധവും എനിക്കു തന്ന പിന്തുണയും ബഹുമാനവും സ്‌നേഹവും എങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല. നിങ്ങള്‍ എന്നോട് കാണിച്ച ഓരോ കൈയടിയും ഇഷ്ടവും ഞാന്‍ ഒരിക്കലും മറക്കില്ല.

നിറഞ്ഞ ഹൃദയത്തോടെയാണ് പോകുന്നത്. അഭിമാനവും നന്ദിയും മറക്കാനാവാത്ത ഓര്‍മ്മകളും നിറഞ്ഞ മനസോടെയുള്ള മടക്കം. ക്ലബ് ലോകകപ്പിന് ശേഷം, ഞാന്‍ ഇനി ഈ ജേഴ്‌സി കളിക്കളത്തില്‍ ധരിക്കില്ല. എന്നാല്‍ ഞാന്‍ എപ്പോഴും ഒരു മാഡ്രിഡ് ആരാധകനായിരിക്കും.'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com