സച്ചിനെ മറികടക്കുമോ?, ജോ റൂട്ടും 13,000 റണ്‍സ് ക്ലബില്‍; കാലിസിന്റെ റെക്കോര്‍ഡ് പഴങ്കഥ
ലണ്ടന്‍: ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് തികച്ച റെക്കോര്‍ഡ് ഇനി ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ജോ റൂട്ടിന്റെ പേരില്‍. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ജാക്ക് കാലിസിന്റെ പേരിലുള്ള റെക്കോര്‍ഡ് ആണ് ജോ റൂട്ട് തകര്‍ത്തത്. ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സുള്ള സച്ചിന്റെ റെക്കോര്‍ഡ് സമീപഭാവിയില്‍ തന്നെ ജോ റൂട്ട് തകര്‍ക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
ട്രെന്റ് ബ്രിഡ്ജില്‍ സിംബാബ്വെയ്ക്കെതിരായ മത്സരത്തിന്റെ ആദ്യ ദിവസം 28 റണ്‍സ് നേടിയതോടെയാണ് റൂട്ട് 13000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടത്. തന്റെ 153-ാം ടെസ്റ്റ് മത്സരത്തിലാണ് റൂട്ടിന്റെ നേട്ടം. നേട്ടം സ്വന്തമാക്കിയെങ്കിലും ക്രീസില്‍ അധികനേരം അദ്ദേഹത്തിന് നില്‍ക്കാന്‍ സാധിച്ചില്ല. 34 റണ്‍സില്‍ വച്ച് അദ്ദേഹം പുറത്തായി.
ജാക്ക് കാലിസ് 159 മത്സരങ്ങളില്‍ നിന്നാണ് 13000 റണ്‍സ് തികച്ചത്. സച്ചിന്‍ 163, രാഹുല്‍ ദ്രാവിഡ് 160, റിക്കി പോണ്ടിങ് 162 എന്നിങ്ങനെയാണ് മറ്റു താരങ്ങള്‍ 13,000 റണ്‍സ് തികയ്ക്കാന്‍ എടുത്ത മത്സരങ്ങളുടെ എണ്ണം. സച്ചിന്റെ 15,921 റണ്‍സ് എന്ന റെക്കോര്‍ഡില്‍ നിന്ന് 2,916 റണ്‍സ് അകലെയാണ് റൂട്ട്.
13000 റണ്‍സ് തികച്ച ആദ്യ ഇംഗ്ലണ്ട് ബാറ്ററാണ് ജോ റൂട്ട്. ലോകത്തിലെ അഞ്ചാമത്തെ ബാറ്ററും. 2012ല്‍ ഇന്ത്യയ്‌ക്കെതിരെയാണ് താരം ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരെയും ഇന്ത്യയ്‌ക്കെതിരെയും ടെസ്റ്റില്‍ 2000ലധികം റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെ പത്ത് ടെസ്റ്റ് സെഞ്ച്വറി റൂട്ടിന്റെ പേരിലുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ