
ന്യൂഡല്‍ഹി: വിരാട് കോഹ്‌ലി(Virat Kohli)യുടെയും രോഹിത് ശര്‍മയുടെയും വിരമിക്കലിനെ(retirement) കുറിച്ച് പ്രതികരിച്ച് ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകന്‍ ശുഭ്മാന്‍ ഗില്‍. ഇരുവരുടെയും നേതൃത്വത്തെയും പ്രകടനങ്ങളെയും പുകഴ്ത്തിയാണ് താരത്തിന്റെ പ്രതികരണം.
ഇരുവരുടെയും നേതൃത്വ ശൈലികളിലെ സമാനതകളെയും വ്യത്യസ്തതകളെയും കുറിച്ചും ഗില്‍ പറഞ്ഞു. കുട്ടിക്കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളായിരുന്നു തന്റെ പ്രചോദനമെന്നും അവരില്‍ കുറച്ച് പേര്‍ക്കൊപ്പം കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നതെന്നും ഗില്‍ പറഞ്ഞു. കോഹ്‌ലി എപ്പോഴും അഗ്രസീവ് ആയ ക്യാപ്റ്റനായിരുന്നുവെന്നും എന്നാല്‍ രോഹിത് ശര്‍മയെ എപ്പോഴും ശാന്തനായി മാത്രമേ കാണാന്‍ കഴിയുമായിരുന്നുള്ളൂവെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മത്സരത്തോട് അടുക്കുമ്പോള്‍ രോഹിതും അഗ്രസീവായി മാറുമെന്നും ഗില്‍ പറയുന്നു. സഹകളിക്കാരുമായി സംസാരിക്കുകയും അവരോട് അഭിപ്രായങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന രോഹിതിന്റെ ശൈലി മാതൃകയാക്കാവുന്നതാണെന്നും ഗില്‍ വ്യക്തമാക്കി. ക്യാപ്റ്റന്‍സിയുടെ ഉത്തരവാദിത്തങ്ങള്‍ ബാറ്റിങ്ങിനെ ബാധിക്കുന്നത് സാധാരണമാണ്. ഇവ രണ്ടിനേയും രണ്ടായി കാണാനാണ് ഞാന്‍ ശ്രമിക്കുകയെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.
'രോഹിത് ഭായ്. വിരാട് ഭായ്, അശ്വിന്‍ ഭായ് എന്നിവരാണ് ഇന്ത്യക്ക് വിദേശത്ത് വിജയിക്കാന്‍ വേണ്ട ബ്ലൂപ്രിന്റുണ്ടാക്കിയതെന്ന് പറയാം. അങ്ങനെയൊരു രൂപരേഖ നമ്മുടെ കൈയിലുണ്ടെങ്കില്‍ വിദേശത്തെ മത്സരങ്ങള്‍ നേരിടാന്‍ എളുപ്പമാണല്ലോ. ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ രോഹിതിനും വിരാടിനും വ്യത്യസ്ത സമീപനമായിരുന്നെങ്കിലും കളിശൈലിയില്‍ ഇരുവരും ഒരുപോലെയായിരുന്നു. രണ്ട് പേരുടേയും ലക്ഷ്യം ഒന്ന് തന്നെയായിരുന്നല്ലോ' ബിസിസിഐ പങ്കുവെച്ച വിഡിയോയില്‍ ഗില്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ