
ജയ്പുര്‍: ഐപിഎല്ലില്‍ (IPL 2025) ഒന്നാം സ്ഥാനത്തേക്ക് കയറി പഞ്ചാബ് കിങ്‌സ്. ആദ്യ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നിര്‍ണയിക്കുന്ന പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയാണ് പഞ്ചാബ് തലപ്പത്തേക്ക് കയറിയത്. ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നില്‍ 11 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പഞ്ചാബ് എത്തുന്നത്. ഇതോടെ മുംബൈ ഇന്ത്യന്‍സ് എലിമിനേറ്റര്‍ പോരാട്ടം കളിക്കണം.
മുംബൈക്കെതിരെ പഞ്ചാബ് 7 വിക്കറ്റ് ജയമാണ് ആഘോഷിച്ചത്. മുംബൈ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് കണ്ടെത്തി. പഞ്ചാബ് 18.3 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 187 റണ്‍സ് അടിച്ചെടുത്തു.
പഞ്ചാബ് ഒന്നാം സ്ഥാനത്തെത്തിയതോടെ വെട്ടിലായത് ഗുജറാത്താണ്. ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി മത്സരിക്കുന്നുണ്ട്. ഇതില്‍ ആര്‍സിബി ജയിച്ചാല്‍ അവര്‍ ഗുജറാത്തിനെ പിന്തള്ളി മുന്നില്‍ കയറും. അതോടെ ഗുജറാത്ത് എലിമിനേറ്റര്‍ കടമ്പ കൂടി കടക്കേണ്ട സ്ഥിതിയാകും.
ജോഷ് ഇംഗ്ലിസ്, പ്രിയാംശ് ആര്യ എന്നിവരുടെ അര്‍ധ സെഞ്ച്വറി ബലത്തിലാണ് പഞ്ചാബിന്റെ മുന്നേറ്റം. ഇംഗ്ലിസാണ് ടോപ് സ്‌കോറര്‍. താരം 42 പന്തില്‍ 9 ഫോറും 3 സിക്സും സഹിതം 73 റണ്‍സെടുത്തു. പ്രിയാംശ് ആര്യ 35 പന്തില്‍ 9 ഫോറും 2 സിക്സും സഹിതം 62 റണ്‍സും സ്വന്തമാക്കി.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പുറത്താകാതെ 16 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 26 റണ്‍സ് കണ്ടെത്തി. പ്രഭ്‌സിമ്രാന്‍ സിങ് (13) ആണ് പുറത്തായ മറ്റൊരു ബാറ്റര്‍.
മുംബൈക്കായി മിച്ചല്‍ സാന്റ്‌നര്‍ 2 വിക്കറ്റെടുത്തു. വീണ മറ്റൊരു വിക്കറ്റ് ജസ്പ്രിത് ബുംറയും സ്വന്തമാക്കി.
ടോസ് നേടി പഞ്ചാബ് ബൗളിങ് തിരഞ്ഞെടുത്തു. പഞ്ചാബിനായി അവസാന ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപ് സിങ് 3 റണ്‍സ് മാത്രമാണ് വഴങ്ങിയത്. രണ്ട് വിക്കറ്റുകളും വീഴ്ത്തി. ഇതോടെ 200 കടക്കാമെന്ന മുംബൈയുടെ കണക്കുകൂട്ടല്‍ തെറ്റി. 20ാം ഓവറിലെ ആദ്യ പന്തില്‍ നമാന്‍ ധിറിനേയും അവസാന പന്തില്‍ സൂര്യകുമാര്‍ യാദവിനേയും അര്‍ഷ്ദീപ് മടക്കി. 4 ഓവറില്‍ 28 റണ്‍സ് വഴങ്ങി അര്‍ഷ്ദീപ് 2 വിക്കറ്റുകള്‍ സ്വന്തമാക്കി.
മുംബൈക്കായി സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ച്വറി നേടി. താരം 39 പന്തില്‍ 6 ഫോറും 2 സിക്സും സഹിതം 57 റണ്‍സ് അടിച്ചു.
ഓപ്പണര്‍മാരായ റിയാന്‍ റിക്കല്‍ടന്‍, രോഹിത് ശര്‍മ എന്നിവര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും കൂടുതല്‍ മുന്നോട്ടു പോയില്ല. റിക്കല്‍ടന്‍ 24 പന്തില്‍ 5 ഫോറുകള്‍ സഹിതം 27 റണ്‍സടിച്ചു. രോഹിത് 21 പന്തില്‍ 2 ഫോറും ഒരു സിക്സും സഹിതം 24 റണ്‍സും കണ്ടെത്തി.
ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ 15 പന്തില്‍ 2 വീതം സിക്സും ഫോറും സഹിതം 26 റണ്‍സ് സ്വന്തമാക്കി. നമാന്‍ ധിര്‍ 12 പന്തില്‍ 20 റണ്‍സ് നേടി. താരം 2 സിക്സുകള്‍ പറത്തി.
അര്‍ഷ്ദീപിനു പുറമേ മാര്‍ക്കോ യാന്‍സന്‍, വിജയ്കുമാര്‍ വൈശാഖ് എന്നിവരും രണ്ട് വീതം വിക്കറ്റുകള്‍ നേടി. ഹര്‍പ്രീത് ബ്രാറിന് ഒരു വിക്കറ്റ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ